ADVERTISEMENT

ഓട്ടവ ∙ ഇന്ത്യയിൽനിന്നുൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾക്കായി കാനഡ സർക്കാർ പുതുതായി ഏർപ്പെടുത്തിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു. വർക്ക് പെർമിറ്റ് ഇല്ലാതെ തന്നെയുള്ള ക്യാംപസിനു വെളിയിലെ ജോലി ആഴ്ചയി‍ൽ 24 മണിക്കൂർ മാത്രം എന്ന വ്യവസ്ഥയാണ് ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഇവയിൽ ഏറ്റവും പ്രധാനം. ഇതു ലംഘിച്ചാൽ സ്റ്റഡി പെർമിറ്റിന്റെ ചട്ടലംഘനമാകും. വിദ്യാർഥിയെന്ന പരിഗണന നഷ്ടപ്പെടുമെന്നു മാത്രമല്ല, പഠനത്തിനും ജോലിക്കുമുള്ള ഭാവി അവസരങ്ങളും നിഷേധിക്കപ്പെടാം. കാന‍ഡ വിടേണ്ടതായും വരും. ആഴ്ചയിൽ 20 മണിക്കൂർ മാത്രം പാർട്‌ടൈം ജോലി എന്ന വ്യവസ്ഥയാണ് മുൻപുണ്ടായിരുന്നത്. കോവിഡ് കാലത്ത് ഇതിൽ ഇളവു നൽകിയിരുന്നു. ഇ‌‌‌‌‌ളവു പിൻവലിച്ച് പരമാവധി 24 മണിക്കൂർ എന്ന പരിധിവയ്ക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. 

കുടിയേറ്റ, അഭയാർഥി, പൗരത്വ വകുപ്പ് മന്ത്രി മാർക്ക് മില്ലറാണ് പുതിയ വ്യവസ്ഥകൾ നിലവിൽവന്ന കാര്യം സ്ഥിരീകരിച്ചത്. പഠന സ്ഥാപനം മാറുകയാണെങ്കിൽ പുതിയ സ്റ്റഡി പെർമിറ്റ് നിർബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു. 

ai-generated-image-canada-flag-student
Photo Credit: Representative image credited using AI Image Generator

6 മാസമെങ്കിലും കോഴ്സ് കാലയളവുള്ള, അംഗീകൃത സ്ഥാപനത്തിലെ മുഴുവൻ സമയ വിദ്യാർഥിയാണെങ്കിൽ ഓഫ് ക്യാംപസ് ജോലിക്ക് യോഗ്യതയുണ്ടെന്നു മാത്രമല്ല, വർക്ക് പെർമിറ്റിന്റെ ആവശ്യവുമില്ല. വിദ്യാർഥിക്ക് സോഷ്യൽ ഇൻഷുറൻസ് നമ്പർ ഉണ്ടായിരിക്കണം. ഇതുൾപ്പെടെ ഏതാനും വ്യവസ്ഥകൾ കൂടി ഓഫ് ക്യാംപസ് ജോലിക്കുള്ള യോഗ്യതയായി വച്ചിട്ടുണ്ട്. പാർട്‌ടൈം വിദ്യാർഥിയാണെങ്കിൽ മറ്റു നിബന്ധനകളെല്ലാം പാലിച്ചാൽ ഓഫ് ക്യാംപസ് ജോലിയോഗ്യതയായി. അനുവാദത്തോടെയുള്ള അവധിയിലായിരിക്കുമ്പോഴും സ്ഥാപനം മാറുമ്പോഴും പഠനം നടക്കുന്നില്ലാത്തതിനാൽ പാർട്‌ടൈം ജോലിക്കു വിലക്കുണ്ട്. 

ഒന്നിലധികം ജോലിയാകാമെങ്കിലും ആഴ്ചയിൽ 24 മണിക്കൂർ എന്ന പരിധി വിടാൻ പാ‌ടില്ല. ശൈത്യ, വേനൽ അവധികൾ പോലെ അംഗീകൃത ഇടവേളകളിൽമാത്രം ഫുൾടൈം വിദ്യാർഥികൾക്ക് സമയപരിധിയില്ല. ഇത്തരം ഇടവേളയിൽ ഫുൾ ടൈം, പാർട്‌ടൈം കോഴ്സുകളിലും ചേരാം. ഇടവേളയ്ക്കു മുൻപും ശേഷവും ഫുൾടൈം വിദ്യാർഥിയായിരിക്കണം ​എന്നതു നിർബന്ധമാണ്. അതായത്, ഒന്നാം സെമസ്റ്റർ തുടങ്ങുന്നതിനു മുൻപ് ജോലിക്കു പോകാൻ അനുവാദമില്ല.
കാനഡയിലെ ഓഫ് ക്യാംപസ് ജോലിയുമായി ബന്ധപ്പെട്ട സംശയങ്ങൾ വിദഗ്ദരോട് ചോദിക്കാം

English Summary:

Canada has implemented new work regulations for international students, including a 24-hour weekly limit on off-campus work. The article details these changes, eligibility requirements, and the potential impact on students, particularly those from India.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com