ADVERTISEMENT

പാമ്പാടി ∙ അസാപ് തൊഴിൽ പരിശീലന കേന്ദ്രം യുവജനങ്ങൾക്കു നേട്ടമുണ്ടാക്കുന്ന സ്ഥാപനമെന്നു മന്ത്രി ഡോ. ആർ.ബിന്ദു. വൈദഗ്ധ്യം വേണ്ട തൊഴിലുകളിൽ മികച്ച പരിശീലനം നൽകാനും തൊഴിൽസംരംഭം സൃഷ്ടിക്കാനും അസാപ്പിനു കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പാമ്പാടിയിൽ നിർമിച്ച അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്ക് മന്ത്രി നാടിനു സമർപ്പിച്ചു. 

ദേശീയ–രാജ്യാന്തര നിലവാരമുള്ള കോഴ്സുകളിൽ യുവാക്കൾക്കു തൊഴിൽ പരിശീലനം നൽകാനായി 14.68 കോടി രൂപ ചെലവിലാണു പാർക്ക് യാഥാർഥ്യമാക്കിയത്. മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാണ്ടി ഉമ്മൻ എംഎൽഎ, തോമസ് ചാഴികാടൻ എംപി, അസാപ് കേരള അധ്യക്ഷ ഡോ. ഉഷ ടൈറ്റസ്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  മറിയാമ്മ ഏബ്രഹാം, പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി എന്നിവർ പ്രസംഗിച്ചു. 

28,193,13 ചതുരശ്രയടി വിസ്തീർണമുള്ള മൂന്നുനില മന്ദിരം രാജ്യാന്തര നിലവാരത്തിലാണ് ഒരുക്കിയിട്ടുള്ളത്. സാങ്കേതികവിദ്യ അധിഷ്ഠിതമാക്കി നൂതന പരിശീലന പരിപാടികൾക്കുള്ള സംവിധാനം സ്‌കിൽ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. 

ആധുനിക ക്ലാസ് മുറികളും ഐടി ലാബ് സൗകര്യവുമുണ്ട്. വിദ്യാർഥികൾക്കു വസ്ത്രം മാറാൻ ലോക്കർ സൗകര്യമുള്ള മുറികൾ, കോൺഫറൻസ് ഹാൾ, 5 പരിശീലന ഹാളുകൾ, 7 ക്ലാസ് മുറികൾ, ലൈബ്രറി, ഓഫിസ് എന്നിവ പാർക്കിന്റെ ഭാഗമാണ്. സ്‌കിൽ പാർക്ക് ഭിന്നശേഷിസൗഹൃദമാണ്.

മുഖ്യമന്ത്രിക്ക് പ്രതിരോധമരുന്ന് നൽകിയത് അസാപ്പിന്റെ സ്ഥാപനം

പാമ്പാടി ∙ കോവിഡ് കാലത്തു മുഖ്യമന്ത്രിക്ക് ആയുർവേദമരുന്നു നൽകിയത് അസാപ്പിന്റെ ഓപ്പറേറ്റിങ് പാർട്നറായ സ്ഥാപനം. ഇന്നലെ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിന്റെ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി വി.എൻ.വാസവനാണു രോഗപ്രതിരോധശേഷി കൂട്ടാൻ മുഖ്യമന്ത്രിക്കു പ്രതിരോധമരുന്നു നൽകിയതു പാമ്പാടിയിൽ നിന്നാണെന്നു വെളിപ്പെടുത്തിയത്. 

ബൈഫാ ആയുർവേദിക് മരുന്നുനിർമാണ കമ്പനിയുടെ മരുന്നാണു മുഖ്യമന്ത്രിക്കു കൊടുത്തത്. കോവിഡ് കാലത്തു മുഖ്യമന്ത്രി വിളിച്ചു പറഞ്ഞത് അനുസരിച്ചാണു മരുന്ന് എത്തിച്ചുനൽകിയത്. മുഖ്യമന്ത്രി എവിടെ നിന്നോ അറിഞ്ഞ് വിളിച്ചു പറയുകയായിരുന്നു. വാസവന്റെ നാട്ടിൽ ഒരു ആയുർവേദ സ്ഥാപനം ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുന്ന മരുന്ന് ഉണ്ടാക്കുന്നുണ്ടെന്നാണു പറഞ്ഞത്. ഫലപ്രദമായ മരുന്നു വാസവനും കഴിക്കണമെന്നു മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തു. 

ഒരു കോഴ്സ് മരുന്നാണു മുഖ്യമന്ത്രി കഴിച്ചത്. പൊതു–സ്വകാര്യ പങ്കാളിത്തത്തിലാണ് അസാപ് സ്കിൽ പ്രവർത്തിക്കുന്നത്. അസാപ് സ്കിലിന്റെ ഓപ്പറേറ്റിങ് പാർട്നറായി പ്രവർത്തിക്കുന്ന കമ്പനിയാണു മുഖ്യമന്ത്രിക്കുള്ള മരുന്നു നൽകിയതെന്ന് അസാപ് അറിയിച്ചു.

Content Summary:

Boost Your Career with ASAP's Advanced Vocational Training Programs at Pampadi Skill Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com