ഈഗോയില്ലാത്ത, അഭിരുചികൾക്കു മുൻതൂക്കം നൽകുന്ന മിടുക്കർ; പുതുതലമുറയെ കണ്ടുപഠിക്കാനുണ്ടെന്ന് അധ്യാപകർ
Mail This Article
ഉറച്ച, ഉശിരുള്ള തീരുമാനങ്ങളുള്ള തലമുറ എന്നാണ് ന്യൂജനറേഷൻ കുട്ടികളെപ്പറ്റി കോട്ടയം സിഎംഎസ് കോളജിലെ അധ്യാപകർക്ക് പറയാനുള്ളത്. ചഞ്ചലചിത്തരല്ലെന്നും തീരുമാനങ്ങൾക്ക് കാരിരുമ്പിന്റെ കുത്തുള്ളവരാണ് പുതിയ കുട്ടികളെന്നും അവർ ഒരുപോലെ സമ്മതിക്കുന്നു. ഒന്നിനെയും ഭയക്കാതെ സ്വന്തം ശരികളിൽ ഉറച്ചു നിൽക്കുന്ന അവർക്ക് പ്രണയത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചുമൊക്കെയുള്ളത് വ്യക്തമായ കാഴ്ചപ്പാടും ബോധ്യവുമാണെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് അധ്യാപകർ സംസാരിക്കുന്നു:-
പുതു തലമുറ രാഷ്ട്രീയ ബോധ്യങ്ങൾ രൂപപ്പെടുത്തണം
∙ അജീഷ് കെ.ആർ, കെമിസ്ട്രി വിഭാഗം അധ്യാപകൻ
രാഷ്ട്രീയ ബോധമുള്ള വിദ്യാർഥികൾ ഇന്നും കലാലയങ്ങളിൽ ഉണ്ട്. അതിൽ തർക്കമില്ല. എന്നാൽ ഓരോ വർഷം കഴിയുമ്പോഴും അവരുടെ എണ്ണം ഗണ്യമായി കുറയുന്നതായി തോന്നിയിട്ടുണ്ട്. ശരിയായ രാഷ്ട്രീയ ചർച്ചകൾ, സംവാദങ്ങൾ എന്നിവ കലാലയങ്ങളിൽനിന്നും അന്യമായിക്കൊണ്ടിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ കൂടുതൽ ലൈക്കും ഷെയറും കിട്ടുന്ന ‘രാഷ്ട്രീയ ബോധങ്ങൾ’ തങ്ങളുടെ ബോധ്യങ്ങളായി ഏറ്റെടുക്കുന്നവരുടെ എണ്ണം കൂടുന്നതായും തോന്നിയിട്ടുണ്ട്. എന്നാൽ ഈ പ്രവണത നന്നല്ല. നാട് നന്നാകണമെങ്കിൽ, സമൂഹത്തിലെ തിന്മകളെ ഉന്മൂലനം ചെയ്യണമെങ്കിൽ സ്വയം കണ്ടും കേട്ടും പഠിച്ചും പുതു തലമുറ തങ്ങളുടെ രാഷ്ട്രീയ ബോധ്യങ്ങൾ രൂപപ്പെടുത്തിയേ പറ്റൂ. മാറ്റങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന നമ്മളുടെ മക്കൾ വിചാരിച്ചാൽ അത് വളരെ എളുപ്പവുമാണ്.
അഭിപ്രായ സ്വാതന്ത്ര്യം ഉള്ളവർ; ഈഗോ കുറഞ്ഞവർ
∙ സെലിൻ സാമുവൽ, ഇംഗ്ലിഷ് വിഭാഗം അധ്യാപിക
ഈ കാലഘട്ടത്തിലെ യുവാക്കൾ കൂടുതൽ അഭിപ്രായ സ്വാതന്ത്ര്യം ഉള്ളവരാണ്. അവർക്ക് ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ട്. മറ്റുള്ളവർക്ക് വേണ്ടി ജീവിതത്തെയോ കാഴ്ചപ്പാടുകളെയോ ഹോമിക്കാൻ അവർ തയാറല്ല. അത് തീർച്ചയായും ഒരു നല്ല മാറ്റം ആണ്. തനിക്ക് എന്താണു വേണ്ടതെന്ന ബോധ്യമുള്ളത് ഒരു വലിയ കാര്യം തന്നെയാണ്. മറ്റൊരു ഒരു പോസിറ്റീവ് മാറ്റം വൈറ്റ്കോളർ ജോലി മാത്രമേ ചെയ്യൂ എന്ന മലയാളി ഈഗോ ഈ കുട്ടികൾക്കിടയിൽ കുറഞ്ഞു വരുന്നു എന്നുള്ളതാണ്. ഒരു ചെറിയ ശതമാനം എങ്കിലും കുട്ടികൾ തങ്ങളുടെ പഠന ആവശ്യങ്ങൾക്ക് ഉള്ള തുക തനിയെ കണ്ടെത്താൻ ഇപ്പോൾ ശ്രമിക്കുന്നുണ്ട്. വീട്ടിൽനിന്നു പണം വാങ്ങുന്നത് ഒരു തെറ്റായി അവർ കാണുന്നു.
അഭിരുചികൾക്കു മുൻതൂക്കം; ആത്മവിശ്വാസമുള്ളവർ
∙ ജയ പി., ഫിസിക്സ് വിഭാഗം അധ്യാപിക
സ്വന്തം അഭിരുചിക്കും ഇഷ്ടത്തിനും കഴിവിനും മുൻതൂക്കം കൊടുത്തു കൊണ്ട് ഒരു തൊഴിൽ മേഖല കണ്ടെത്താൻ ഇന്നത്തെ കുട്ടികൾ മടിക്കാറില്ല. അതു തേടിപ്പിടിക്കാനുള്ള സ്രോതസ്സുകൾ ഇന്നവർക്കുണ്ട്. അതിന് ലോകത്തെവിടെ പോകാനും അവർ തയാറാണ്. തങ്ങളുടെ ലക്ഷ്യങ്ങൾ പ്രിയപ്പെട്ടവർക്ക് മുൻപിൽ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനും അവരെ തങ്ങളോടൊപ്പം നിർത്താനും അവർക്ക് സാധിക്കുന്നുണ്ട്.
ലോകത്തെവിടെയും അവർക്കു സ്വന്തം
∙ ഡോ.അഞ്ജു സൂസൻ ജോർജ് ,ഇംഗ്ലിഷ് വിഭാഗം അധ്യാപിക
മാറുന്ന ലോകത്തെ ഭയത്തോടെ നോക്കിനിൽക്കുന്നവരല്ല ഇന്നത്തെ യുവജനങ്ങൾ. മിക്കവർക്കും ഭാവിയെപ്പറ്റിയുള്ള വ്യക്തമായ ധാരണയുണ്ട്. കരിയർ ഓപ്ഷനുകൾ തിരയുമ്പോൾ കേരളമോ ഇന്ത്യയോ മാത്രമല്ല രാജ്യാന്തര സാധ്യതകളും തങ്ങളുടെ സ്വന്തമെന്ന് ആത്മവിശ്വാസത്തോടെ അവർ കരുതുന്നു. വിദേശത്ത് ജോലി ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കുമ്പോൾ വൈറ്റ് കോളർ ജോലി എന്ന വേർതിരിവ് ഇല്ലാത്തതുപോലെ കേരളത്തിലെ സാധ്യതകളെപ്പറ്റി ചിന്തിക്കാനും പുതിയ തലമുറയ്ക്ക് കഴിയണം.
അവർക്കുണ്ട്, വിശാല സൗഹൃദങ്ങൾ
∙ ക്രിസ്റ്റീൻ സാറാ എബ്രഹാം, ബോട്ടണി വിഭാഗം അധ്യാപിക
മൊബൈൽ ഫോണും ഇന്റർനെറ്റ് സൗകര്യവും പലതരം ആപ്പുകളും യുവജനങ്ങളുടെ വിരൽത്തുമ്പിലുള്ളപ്പോൾ സൗഹൃദവലയത്തിന്റെ അതിർ വരമ്പുകൾ വളരെ വിശാലമാണ്. പഴയ കാലത്തെപ്പോലെ എല്ലാവരും നേരിൽ കാണണമെന്നില്ല. എന്നാൽ ഇപ്പോഴും പഴയകാലത്തെ സുഹൃത്തുക്കളെ കാണുമ്പോൾ മൊബൈൽ ഫോൺ നോക്കാൻ പോലും നമ്മൾ മറന്നു പോകുന്നു. ഒരുമിച്ചു കൈകോർത്തും തോളത്ത് കൈയിട്ടും തമാശകൾ പറഞ്ഞും സങ്കടങ്ങൾ പങ്കിട്ടും ചെലവഴിക്കുന്ന സന്തോഷ നിമിഷങ്ങൾ ഇന്നത്തെ ക്യാംപസിൽ നിറഞ്ഞു നിൽക്കുന്നു. എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോകുന്നതും പിന്തിരിഞ്ഞു നിൽക്കുന്നവരെ കൂടെച്ചേർക്കുന്നതുമാകണം സൗഹൃദം.