ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം പങ്കിട്ട് സിയ; സ്വന്തം കുട്ടിയുമായി മൽസരവേദിയിലെത്തി ചരിത്രമെഴുതി ട്രാൻസ് കപ്പിൾ
Mail This Article
കോട്ടയം ∙ ബിസിഎം കോളേജിലെ ‘ജസ്റ്റിസ്’ എന്ന നാലാം വേദിയിൽ സിയ ഭരതനാട്യം ആടിയപ്പോൾ കണ്ണ് ചിമ്മാതെ നോക്കിയിരുന്ന സഹദിന്റെ കയ്യടിയിൽ ഒരു നീതിയുടെ വിജയാഘോഷം നിറഞ്ഞു. മകൾ സബിയ സഹദിന്റെ മാറോടു ചേർന്നിരുന്നു സിയയുടെ നൃത്തം ആസ്വദിച്ചു. ഒടുവിൽ പ്രതീക്ഷിച്ചതു പോലെ തന്നെ സിയ ഒന്നാം സ്ഥാനം പങ്കിട്ടു, മറ്റൊരു മത്സരാർഥിയായ തൻവി സുരേഷുമായി.
കേരളത്തിൽ ആദ്യമായി ഒരു കുഞ്ഞിന് ജന്മം നൽകിയ ട്രാൻസ് പങ്കാളികൾ ആണ് കോഴിക്കോട് സ്വദേശികളായ സിയയും സഹദും. ഇവരുടെ കുട്ടി സബിയക്ക് ഇപ്പോൾ ഒരു വയസ്സാണു പ്രായം. ട്രാൻസ്ജെൻഡർ വിഭാഗത്തിലെ ഭരതനാട്യത്തിനാണു സിയ മത്സരിച്ചത്.
തേവര എസ്എച്ച് കോളജിൽ പഠിക്കുന്ന സിയ ഇത് ആദ്യമായാണ് എംജി കലോത്സവത്തിൽ പങ്കെടുക്കുന്നത്. ട്രാൻസ് പങ്കാളികൾ സ്വന്തം കുട്ടിയുമായി മത്സരത്തിൽ പങ്കെടുക്കുന്നതും ചരിത്രത്തിന്റെ തന്നെ ഭാഗമാകുന്നു.
ഒന്നാം സ്ഥാനം പങ്കിട്ട മറ്റൊരു മത്സരാർഥിയായ തൻവി സുരേഷ് എറണാകുളം ആർ എൽ വി കോളജിലെ വിദ്യാർഥിയാണ്. മത്സരത്തിൽ പങ്കെടുത്ത മഹാരാജാസ് കോളജിലെ ആകൃതി, സെന്റ് തെരേസാസ് കോളജിലെ സഞ്ജന ചന്ദ്രൻ എന്നിവർ എ ഗ്രേഡ് നേടി.