രക്താർബുദത്തെ കൂളായി തോൽപിച്ച് കലോൽസ വേദിയിൽ അരുണിന്റെ കുച്ചിപ്പുടി; അതും തനിയെ പഠിച്ച്
Mail This Article
കോട്ടയം ∙ ചൂടേറിയ എംജി സർവകലാശാലാ കലോത്സവത്തിൽ രക്താർബുദത്തെ കൂളായി തോൽപിച്ച് കുച്ചിപ്പുഡി വേദിയിൽ അരുൺ നിറഞ്ഞാടി. കൊല്ലം അഴീക്കൽ സ്വദേശി ആർ.അരുണിന് (20) രണ്ടര വയസ്സിലാണ് അർബുദം പിടിപെട്ടത്. 6 വയസ്സു വരെ ചികിത്സ നടത്തി രോഗം പൂർണമായി ഭേദപ്പെട്ടു. തിരുവനന്തപുരം ആർസിസിയിൽ വർഷത്തിലൊരിക്കൽ പരിശോധന നടത്തുന്നുണ്ട്.
പത്തനംതിട്ട ചുട്ടിപ്പാറ സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് 3–ാം വർഷ വിദ്യാർഥിയായ അരുണിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തനിയെ യുട്യൂബ് വിഡിയോകൾ കണ്ടാണ് അരുൺ നൃത്തം പഠിച്ചത്. 10-ാം ക്ലാസ് മുതൽ കുച്ചിപ്പുഡിയിലും നാടോടി നൃത്തത്തിലും മത്സരിക്കുന്നു. പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ കുച്ചിപ്പുഡിക്കു സംസ്ഥാന തലം വരെ എത്തിയിരുന്നു. തയ്യൽ തൊഴിലാളിയായ അച്ഛൻ ആർ.രാജന് സാമ്പത്തിക ബുദ്ധിമുട്ടാകാതെ തന്റെ ആഗ്രഹം സഫലമാക്കാനാണ് തനിയെ നൃത്തപഠനം തുടങ്ങിയതെന്ന് അരുൺ പറഞ്ഞു.