പരുക്കേറ്റ കയ്യുമായി കോൽക്കളി മത്സരത്തിൽ പങ്കെടുത്ത് വിദ്യാർഥികൾ; വേദനയെ നിശ്ചയദാർഢ്യം കൊണ്ടു തോൽപ്പിച്ചവർ
Mail This Article
കോട്ടയം ∙ പരുക്കേറ്റ കയ്യുമായി എംജി സർവകലാശാലാ കലോത്സവത്തിലെ കോൽക്കളി മത്സരത്തിന് വിദ്യാർഥികൾ. ആലുവ കുന്നുകര എംഇഎസ് കോളജ് വിദ്യാർഥി ഷാനാസും കൊച്ചി കൊച്ചിൻ കോളജ് വിദ്യാർഥി ഫയാസ് ഫൈസലും.
കോൽക്കളി മത്സരത്തിന് പേര് കൊടുത്ത ശേഷമാണു ഷാനാസിന്റെ ഇടതു തോളെല്ലു തെന്നിയത്. വോളിബോൾ മത്സരങ്ങളിൽ പങ്കെടുക്കുമ്പോഴാണ് തോളെല്ലു തെറ്റിയത്. ഇടയ്ക്കു വേദന മാറി. എന്നാൽ കോൽക്കളി പരിശീലനം തുടങ്ങിയപ്പോൾ വേദന വീണ്ടും കൂടി. കയ്യിൽ ബാൻഡേജുമിട്ടാണു മത്സരത്തിനിറങ്ങിയത്. ബികോം അവസാന വർഷ വിദ്യാർഥിയാണ്.
കോൽക്കളിക്കുള്ള പരിശീലനത്തിനിടെയാണു ഫയാസിനു പരുക്കേറ്റത്. കോലിനുള്ള അടി കയ്യിൽ കൊണ്ടു. ആദ്യദിനങ്ങളിൽ കാര്യമാക്കിയില്ല. പിന്നീടു വേദന കൂടി. പകരം ആളെ കണ്ടെത്തി കളി പഠിപ്പിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ട് പരുക്കിനെ അവഗണിച്ചും മത്സരത്തിനെത്തുകയായിരുന്നു. രണ്ടാം വർഷ ബികോം വിദ്യാർഥിയാണ്.