കണ്ണായി കൂടെയുണ്ടാകും ഈ കണ്ടുപിടിത്തം; എസ്സിഎംഎസിന്റെ ‘നേത്രസഹായിക്ക്’ അംഗീകാരം
Mail This Article
ദൈനംദിന ജീവിതത്തിൽ അത്യന്താപേക്ഷിതങ്ങളായ ആരോഗ്യപരിപാലനം, മാലിന്യ നിർമാർജനം, റോഡ് സുരക്ഷ, പ്രകൃതിസൗഹൃദ സംരംഭങ്ങൾ എന്നിവയുടെ നൂതനാശയങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് സംഘടിപ്പിച്ച ‘ഇവോക്ക്' ഐഡിയത്തണിലും കളമശേരി സെന്റ് പോൾസ് കോളജ് സംഘടിപ്പിച്ച ‘ദക്ഷ’ ഐഡിയത്തൺ മത്സരത്തിലും എസ്‌സിഎംഎസ് സ്‌കൂൾ ഓഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റിലെ ഐഎംസിഎ വിദ്യാർഥികളായ ഗോപിക സനു, അബ്ദുൽ റസാഖ് എന്നിവർ ജേതാക്കളായി.
കാഴ്ചപരിമിതർക്ക് സഹായകരമാകുന്ന ‘നേത്രസഹായി’ എന്ന രൂപകൽപനയ്ക്കാണ് പുരസ്കാരം. റീചാർജ് ചെയ്യാവുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണത്തിൽ കാഴ്ചപരിമിതരുടെ യാത്രസഹായിയായ വടിയുടെ താഴത്തെ ഭാഗം കണക്ട് ചെയ്യുന്നു. തടസ്സങ്ങളാവുന്ന കുഴികൾ, വെള്ളം, മതിലുകൾ, കല്ലുകൾ തുടങ്ങി മുന്നിൽ വരുന്ന പ്രതിബന്ധങ്ങളിൽ ഓരോന്നിനും ഒരോ രീതിയിലുള്ള ബീപ്, വൈബ്രേഷൻ ശബ്ദസംവിധാനങ്ങൾ അനുസരിച്ച് യാത്രയിൽ അപകടങ്ങൾ കുറയ്ക്കാനാകുമെന്നാണ് ഗവേഷകരുടെ വാദം. ഒറ്റയ്ക്കുള്ള യാത്രകളിൽ ഇവർ നിൽക്കുന്ന ലൊക്കേഷനുകൾ കൂട്ടുകാർക്കും വേണ്ടപ്പെട്ടവർക്കും മൊബൈൽ ആപ്പിലൂടെ കണ്ടുപിടിക്കാവുന്ന ജിപിഎസ് സംവിധാനവും ‘നേത്രസഹായി’ യുടെ മേന്മയായി റസാഖും ഗോപികയും ചൂണ്ടിക്കാണിക്കുന്നു.