പഠിച്ചിറങ്ങുക 15 ലക്ഷം എന്‍ജിനീയറിങ് ബിരുദധാരികൾ; ഈ വര്‍ഷം ജോലിസാധ്യത ഒന്നര ലക്ഷം പേർക്കു മാത്രം!
Mail This Article
ഇന്ത്യയില്‍ ഈ വര്‍ഷം എന്‍ജിനീയറിങ് ബിരുദധാരികളായി പുറത്തിറങ്ങുന്ന 15 ലക്ഷം പേരില്‍ ഒന്നര ലക്ഷം പേര്‍ക്ക് മാത്രമാണ് (10 ശതമാനം) ജോലി ലഭിക്കാന്‍ പോകുന്നതെന്ന് ജോബ് പോര്‍ട്ടലായ ടീംലീസ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പറയുന്നു. വ്യവസായലോകം ആവശ്യപ്പെടുന്ന നൈപുണ്യശേഷികളിലുള്ള വിടവാണ് ഇതിന് കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ എന്‍ജിനീയറിങ് ബിരുദധാരികളുടെ തൊഴില്‍ക്ഷമത 60 ശതമാനം മാത്രമാണെന്നും 45 ശതമാനം മാത്രമേ വ്യവസായ ഗുണനിലവാര മാനദണ്ഡങ്ങള്‍ക്കൊത്ത് ഉയരുന്നുള്ളൂ എന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. അക്കാദമിക പഠനത്തിനൊപ്പം പ്രായോഗിക തൊഴില്‍ പരിചയം കൂടി വിദ്യാര്‍ഥികള്‍ക്ക് നല്കിയാല് മാത്രമേ ഈയവസ്ഥ പരിഹരിക്കാന്‍ സാധിക്കൂ എന്ന് ടീംലീസ് ശുപാര്‍ശ ചെയ്യുന്നു. അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മിത ബുദ്ധിയിലും അത്യന്താധുനിക സാങ്കേതിക വിദ്യകളിലും ശേഷിയുള്ള 10 ലക്ഷത്തിലധികം എന്‍ജിനീയര്‍മാരുടെ ആവശ്യകത രാജ്യത്തിന്റെ സാങ്കേതിക രംഗത്തിനുണ്ടെന്ന് നാസ്കോം കണക്കാക്കുന്നു. എന്നാല്‍ ഇത്രയും തൊഴില്‍ക്ഷമതയുള്ള ബിരുദധാരികളുടെ വിടവ് രാജ്യത്തുണ്ട്. ഈ വിടവ് 2028 ഓടെ 25-30 ശതമാനം വര്‍ദ്ധിക്കാനാണ് സാധ്യത. നിര്‍മ്മിത ബുദ്ധി, ഇലക്ട്രോണിക് വാഹനങ്ങള്‍, സെമി കണ്ടക്ടര്‍, ഇലക്ട്രോണിക് വ്യവസായം എന്നീ മേഖലകളിലെ വളര്‍ച്ച നിരവധി തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുമെന്നും നാസ്കോം ചൂണ്ടിക്കാട്ടുന്നു. വ്യവസായലോകത്തിന്റെ ആവശ്യകതയും ബിരുദധാരികളുടെ തൊഴില്‍ക്ഷതയും തമ്മിലുള്ള വിടവ് പരിഹരിക്കാന്‍ അപ്രന്റീസ്ഷിപ്പ് , ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകള്‍ക്ക് കഴിയുമെന്നും ടീം ലീസ് റിപ്പോര്‍ട്ട് പ്രത്യാശ പ്രകടിപ്പിക്കുന്നു.