മുപ്പത്തിയൊൻപത് വർഷങ്ങൾക്കുശേഷം ഒരുമിച്ചു കൂടി, നറുക്കിട്ടു സംഗമം ഉദ്ഘാടനം ചെയ്ത് പൂർവ വിദ്യാർഥികൾ
Mail This Article
‘ദൈവമേ സച്ചിദാനന്ദാ, ദൈവമേ ഭക്തവത്സലാ....’ എന്ന സ്കൂൾ ഇൗശ്വരഗാനത്തിന്റെ വരികൾ കാതിൽ മുഴുങ്ങിയപ്പോൾ നാൽപത്തിയൊൻപത് പേരും 39 വർഷങ്ങൾക്കു മുൻപുള്ള സ്കൂൾ കാലത്തിലേക്ക് മടങ്ങിപ്പോയി. സ്കൂൾ അസംബ്ലിയുടെ മണിമുഴക്കത്തിനു മുൻപ് ഒാടി കിതച്ചെത്തിയ കൗമാര കാലത്തിന്റെ ഒാജസ്സ് വീണ്ടെടുത്ത് പാലാരിവട്ടം എസ്എൻഡി.പി ഹാളിൽ ഒാർമകൾ പെയ്തിറിങ്ങി. അയ്യപ്പൻകാവ് ശ്രീനാരായണ ഹൈസ്കൂളിലെ 1985 എസ്എസ്എൽസി ബാച്ചിലെ വിവിധ ഡിവിഷനുകളിലെ വിദ്യാർഥികളാണ് ഒത്തുകൂടിയത്.
സ്കൂൾ വാട്സാപ് ഗ്രൂപ്പിൽ സജീവമായവർ പലരും വർഷങ്ങൾക്കു ശേഷം നേരിൽ കാണുന്നതിന്റെ അമ്പരപ്പിലായിരുന്നു. ചിലർ സഹപാഠികളുടെ പേരുകൾ ഇനിഷ്യൽ ചേർത്ത് വിളിച്ചു. ചിലരാകട്ടെ ഇരട്ട പേരുകൾ സ്വകാര്യമായി വിളിച്ച് സൗഹൃദം വീണ്ടെടുത്തു. എല്ലാവരുടെയും സൗകര്യാർഥമാണ് പാലാരിവട്ടം എസ്എൻഡിപി ഹാളിൽ ഒാർമക്കൂട്ടായ്മ ഒരുക്കിയത്. പത്താം ക്ലാസിനുശേഷം പലവഴിക്കായി പിരിഞ്ഞു പോയവർ ഒരോരുത്തരായി ജീവിതാനുഭവങ്ങൾ പങ്കുവച്ചു. വിദേശത്തുള്ള സഹപാഠികളുടെ ആശംസകൾ ചടങ്ങിൽ അറിയിച്ചു. വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്കും ചടങ്ങിൽ അനുശോചനം രേഖപ്പെടുത്തിയതിനൊപ്പം അകാലത്തിൽ വിട്ടുപിരിഞ്ഞ സഹപാഠികളായ രാമകൃഷ്ണനെയും ബാബുവിനെയും സ്മരിച്ചു.
സൗഹൃദ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും സൂക്ഷിക്കാൻ സൗഹൃദസംഗമത്തിന്റെ മൊമന്റോനൽകി. പാട്ടു, കസേരകളി, നൂലിൽ വള കെട്ടി കുപ്പിയുടെ വക്കിൽ ഇടുന്ന കളി, തിരുവാതിര കളി തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. അടുത്ത വർഷം ഒക്ടോബർ 2നു പഠിപ്പിച്ചിരുന്ന അധ്യാപകരെയും ഉൾപ്പെടുത്തി സ്‌കൂളിൽ തന്നെ സുഹൃത്ത് സംഗമം നടത്താൻ തീരുമാനിച്ചാണ് എല്ലാവരും പിരിഞ്ഞത്.
പ്രിയ വായനക്കാരേ, നിങ്ങൾക്കും ഉണ്ടാകില്ലേ ഇത്തരം രസകരമായ പൂർവവിദ്യാർഥി കൂട്ടായ്മകൾ. അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും കുറിപ്പും സഹിതം +919846061027 എന്ന നമ്പറിലേക്ക് വാടസാപ് ചെയ്യുക. തിരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾ CLASSMATES എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും.