കവറിങ് ലെറ്റര്‍ തയാറാക്കാന്‍ എഐ ആകാം; പക്ഷേ, ഇങ്ങനെ ചെയ്യരുതെന്ന് ഡല്‍ഹിയിലെ സിഇഒ
Mail This Article
ജോലിക്കുള്ള റെസ്യൂമെയ്‌ക്കൊപ്പം എല്ലാവരും അയയ്ക്കുന്ന സംഗതിയാണ് കവറിങ് ലെറ്റര്‍. സാങ്കേതികവിദ്യയുടെ വികാസത്തോടെ ഈ കവറിങ് ലെറ്റര്‍ തയാറാക്കാന്‍ ചാറ്റ് ജിപിടി പോലുള്ള എഐ ടൂളുകള്‍ ഉപയോഗപ്പെടുത്തുന്നവര്‍ ഒട്ടേറെയാണ്. എന്നാല്‍ അത്തരം ടൂളുകള്‍ ഉപയോഗിക്കുമ്പോഴും നമ്മളെപ്പറ്റിയുളള വിവരങ്ങള്‍ കൃത്യമായി നല്‍കണമെന്ന് ഓര്‍മിപ്പിക്കുകയാണ് ഡല്‍ഹിയിലെ ഒരു കണ്ടന്റ് സര്‍വീസ് കമ്പനിയുടെ സിഇഒ.
തനിക്കു ലഭിച്ച ഒരു ജോലി അപേക്ഷയുടെ കവറിങ് ലെറ്റര്‍ എക്‌സില്‍ പങ്കുവച്ചു കൊണ്ടാണ് എന്ററേജ് കമ്പനിയുടെ സിഇഒ അനന്യ നാരംഗ് ഈ അഭ്യർഥന നടത്തിയത്. കവറിങ് ലെറ്റര്‍ തയാറാക്കാന്‍ എങ്ങോ നിന്നു കോപ്പിപേസ്റ്റ് ചെയ്‌ത ഒരു സ്റ്റാന്‍ഡേര്‍ഡ് ടെംപ്ലേറ്റ് ഉപയോഗിച്ച ഉദ്യോഗാർഥി, പക്ഷേ അതില്‍ നിശ്ചിത സ്ഥലങ്ങളില്‍ തന്റെ നൈപുണ്യശേഷികളും അനുഭവപരിചയവുമൊക്കെ ചേര്‍ക്കാന്‍ മറന്നതായി അനന്യ പങ്കുവച്ച സ്‌ക്രീന്‍ ഷോട്ട് തെളിയിക്കുന്നു.
നാട്ടില്‍ തൊഴിലില്ലായ്‌മ രൂക്ഷമായതില്‍ അതിശയിക്കാനില്ലെന്ന അടിക്കുറിപ്പോടെയാണ് അനന്യ ഈ സ്‌ക്രീന്‍ ഷോട്ട് എക്‌സില്‍ പോസ്‌റ്റ് ചെയ്‌തത്. ഇതിന് എന്തു മറുപടി കൊടുക്കണമെന്നും സിഇഒ എക്‌സ് ഉപഭോക്താക്കളോട് ചോദിക്കുന്നുണ്ട്. പലരും ചെയ്യുന്നതുപോലെ ചാറ്റ് ജിപിടി പോലുള്ള എഐ ടൂളുകള്‍ ഉപയോഗിച്ച ഉദ്യോഗാർഥി ശരിയായി പ്രൂഫ് വായന പോലും നടത്താതെ അത് അയച്ചതാകാമെന്ന സംശയം അനന്യ പങ്കുവച്ചു. കണ്ടന്റ് എഴുത്തുമായി ബന്ധപ്പെട്ട ജോലിക്കാണ് ഉദ്യോഗാർഥി അപേക്ഷിച്ചത് എന്നതാണ് ഇതിലെ ഏറ്റവും രസകരമായ ഭാഗം.
ചാറ്റ് ജിപിടിയുടെ ആവിര്‍ഭാവത്തോടെ അത്തരം അപേക്ഷകള്‍ വ്യാപകമായതായി പലരും എക്‌സിലെ അനന്യയുടെ പോസ്‌റ്റിന് കീഴില്‍ അഭിപ്രായപ്പെട്ടു. ‘നിർമിത ബുദ്ധിയും മനുഷ്യന്റെ മണ്ടത്തരവും’ എന്നാണ് മറ്റൊരാള്‍ കമന്റ് ഇട്ടത്. ജോലി എളുപ്പമാക്കാന്‍ എഐ ഉപയോഗിക്കുന്നതൊക്കെ കൊള്ളാം, പക്ഷേ, ഇത്തരം മണ്ടത്തരങ്ങള്‍ പറ്റാതെ കരുതിയിരിക്കണമെന്ന് അനന്യയുടെ വൈറല്‍ പോസ്റ്റ് അടിവരയിടുന്നു.