ആദ്യ വര്‍ഷം ശമ്പളമില്ല, ജോലി കിട്ടിയാല്‍ 20 ലക്ഷം അങ്ങോട്ടു കൊടുക്കണം; സൊമാറ്റോ ചീഫ് ഓഫ് സ്റ്റാഫ് നിയമനം!
Mail This Article
ജോലി ലഭിച്ചാല്‍ ആദ്യ വര്‍ഷം ശമ്പളമില്ല. ശമ്പളമില്ലെന്ന് മാത്രമല്ല 20 ലക്ഷം രൂപ തിരഞ്ഞെടുക്കപ്പെടുന്നയാള്‍ കമ്പനിക്ക് കൊടുക്കണം. രണ്ടാമത്തെ വര്‍ഷം മുതല്‍ 50 ലക്ഷം രൂപയില്‍ കവിഞ്ഞ ശമ്പളം. അസ്വാഭാവിക തൊഴില്‍ വ്യവസ്ഥകളുമായി വൈറലാകുകയാണ് സൊമാറ്റോയുടെ ചീഫ് ഓഫ് സ്റ്റാഫ് നിയമനം. കമ്പനി സിഇഒ ദീപിന്ദര്‍ ഗോയല്‍ തന്നെയാണ് തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഈ ജോലിയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്.
തിരഞ്ഞെടുക്കപ്പെട്ടാല്‍ ഉദ്യോഗാർഥി നല്‍കുന്ന 20 ലക്ഷം രൂപ ഫീഡിങ് ഇന്ത്യ എന്ന എന്‍ജിഒയിലേക്കാണ് പോകുന്നത്. നിര്‍ദ്ദനരായ കുടുംബങ്ങളുടെ വിശപ്പ് മാറ്റാന്‍ സൊമാറ്റോ ആരംഭിച്ച സന്നദ്ധ സംഘടനയാണ് ഫീഡിങ് ഇന്ത്യ. ചീഫ് ഓഫ് സ്റ്റാഫായി തിരഞ്ഞെടുക്കപ്പെടുന്നയാളുടെ ആദ്യ വര്‍ഷത്തെ ശമ്പളമായ 50 ലക്ഷം രൂപ ഉദ്യോഗാർഥിക്ക് ലഭിക്കില്ലെങ്കിലും അവര്‍ തിരഞ്ഞെടുക്കുന്ന ഒരു ജീവകാരുണ്യ പ്രവര്‍ത്തനത്തിനായുള്ള സംഭാവനയായി സൊമാറ്റോ ഈ തുക നല്‍കുമെന്നും സിഇഒ പറയുന്നു.
വിശപ്പും കോമണ്‍ സെന്‍സും സഹാനുഭൂതിയും ഉള്ള തൊഴില്‍ പരിചയം തീരെയില്ലാത്ത ആളെയാണ് ആവശ്യമെന്ന് സൊമാറ്റോ പുറത്തിറക്കിയ തൊഴില്‍ പരസ്യം ചൂണ്ടിക്കാട്ടുന്നു. നല്ല വിനയമുള്ളയാളായിരിക്കണമെന്നും മറ്റുള്ളവരുടെ അനിഷ്ടം സമ്പാദിക്കേണ്ടി വന്നാല്‍ പോലും ശരിയായ കാര്യങ്ങള്‍ നടപ്പാക്കുന്നയാളായിരിക്കണമെന്നും കമ്പനി ആവശ്യപ്പെടുന്നു. നല്ല ആശയവിനിമയ ശേഷിയും പഠിക്കാനുള്ള മാനസികാവസ്ഥയും ആവശ്യമാണെന്നും പരസ്യം കൂട്ടിച്ചേര്‍ക്കുന്നു.
ഒരു ടോപ് മാനേജ്‌മെന്റ് സ്‌കൂളിലെ രണ്ടു വര്‍ഷ ഡിഗ്രിക്ക് തരാന്‍ കഴിയുന്നതിന്റെ പത്തിരട്ടി പഠനാനുഭവവും തന്റെയൊപ്പവും കണ്‍സ്യൂമര്‍ ടെക് മേഖലയിലെ ഏറ്റവും മിടുക്കരായ ചിലരോടുമൊപ്പം ജോലി ചെയ്യാനുമുള്ള അവസരവും ഈ ജോലി നല്‍കുമെന്നും സൊമാറ്റോ സിഇഒ വാഗ്‌ദാനം ചെയ്യുന്നു. ഈ വ്യത്യസ്‌തമായ റിക്രൂട്ട്‌മെന്റ് രീതി വളരെ വേഗം സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലായെങ്കിലും നിരവധി പേര്‍ ഇതിനെതിരെ വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം ഇടയിലും 18,000ലധികം അപേക്ഷകള്‍ തനിക്ക് ലഭിച്ചതായി ദീപിന്ദര്‍ ഗോയല്‍ അറിയിച്ചു.എന്നാല്‍ വിവാദങ്ങള്‍ സൊമാറ്റോയ്‌ക്കും സിഇഒയ്‌ക്കും ഇത് ആദ്യമല്ല. കുറച്ച് നാള്‍ മുന്‍പ് സസ്യഭക്ഷണം മാത്രം വിതരണം ചെയ്യാന്‍ പ്രത്യേക സംഘത്തെ സൊമാറ്റോ നിയോഗിച്ചത് വ്യാപകമായ വിമര്‍ശനത്തിന് ഇടയായിരുന്നു. ഫുഡ് ഡെലിവറി ചെയ്യാന്‍ സിഇഒ ഇടയ്‌ക്ക് നേരിട്ട് പോകുന്നത് പോലെയുള്ള വേറിട്ട സമീപനങ്ങളിലൂടെയും ശ്രദ്ധേയനാണ് ദീപിന്ദര്‍ ഗോയല്‍.