ADVERTISEMENT

നമ്മുടെ ഫോണിലും വാഹനങ്ങളിലുമൊക്കെയുള്ള ജിപിഎസിലെ ശബ്ദം ആരുടേതെന്ന് അറിയാമോ? ചിലരെങ്കിലും ‘ഗൂഗിൾ ചേച്ചി’ എന്നു വിളിക്കുന്ന ആ വഴികാട്ടിയാണ് കാരൻ ജേക്കബ്സൺ. പരിചയമില്ലാത്ത വഴിയാണെങ്കിലും ഗൂഗിൾ മാപ്പിട്ട് മുന്നോട്ടുപോകാൻ ധൈര്യം തരുന്ന സ്ത്രീശബ്ദം.

ആഗ്രഹിച്ചത് പാട്ടുകാരിയാകാൻ
ഓസ്‌ട്രേലിയയിലെ മാക്കേയിൽ ജനിച്ച കാരൻ, പാട്ടുകാരി ആകാൻ മോഹിച്ചാണ് അമേരിക്കയിൽ എത്തുന്നത്. 7 വയസ്സുള്ളപ്പോൾ ടിവിയിൽ കണ്ട ബ്രിട്ടിഷ് ഓസ്‌ട്രേലിയൻ പാട്ടുകാരി ഒലിവിയ ന്യൂട്ടൻ ജോണിനെ പോലെ ലോകം അറിയുന്ന കലാകാരി ആകുന്നതും സ്വപ്നം കണ്ടുള്ള യാത്ര. ബ്രിസ്ബെയ്നിൽ പഠനം, ഒപ്പം സംഗീതത്തോടുള്ള അഭിനിവേശവും കെടാതെ സൂക്ഷിച്ചു. സിഡ്നിയിൽ വച്ചാണ് വോയ്സ് ഓവർ നൽകാൻ തുടങ്ങിയത്. പിന്നീട് ന്യൂയോർക്കിലേക്ക് മാറിയത് കരിയറിൽ വഴിത്തിരിവായി.

കരിയർ മാറ്റിമറിച്ച ഫോൺകോൾ
ന്യൂയോർക്കിലേക്ക് താമസം മാറ്റി ആദ്യ വർഷത്തിലാണ് കാരനെ തേടി കരിയർ തന്നെ മാറ്റിമറിച്ച ഫോൺകോൾ എത്തുന്നത്. ഒരു സ്പീച്ച് വോയ്സ് സിസ്റ്റത്തിന് ശബ്ദം നൽകാനുള്ള വിളി. ആ വോയ്സ് ഓവറിൽ നിന്നാണ് ‘ദ് ജിപിഎസ് ഗേൾ’ എന്ന ബ്രാൻഡിലേക്ക് കാരൻ വളരുന്നത്. ‘കേൾക്കാൻ ഏറ്റവും സുഖപ്രദമായ ഇംഗ്ലിഷ് ഓസ്ട്രേലിയൻ ആക്സന്റ് ആണെന്ന് സൗണ്ട് എൻജിനീയർമാർ കരുതി, അതുകൊണ്ടാണ് ജിപിഎസിന്റെ ശബ്ദമാകാൻ എനിക്ക് നറുക്കുവീണത്’, കാരൻ പറയുന്നു. 2002ൽ ആദ്യ ജിപിഎസ് സിസ്റ്റത്തിനായി 50 മണിക്കൂർ ദൈർഘ്യമുള്ള ഓഡിയോയാണ് കാരൻ റിക്കോർഡ് ചെയ്തത്. അതിൽത്തന്നെ ‘അപ്രോക്സിമേറ്റ്ലി’ (Approximately) എന്ന വാക്കിന്റെ മാത്രം 168 വേർഷനുകളുണ്ട്.

വേറെയുമുണ്ട് ഹോബികൾ
രാജ്യാന്തരതലത്തിൽ ശ്രദ്ധേയയായ പ്രഭാഷകയും കൺസേർട്ട് അവതാരകയും 2 ജേണലുകളുടെ എഴുത്തുകാരിയുമാണ് കാരൻ. പാട്ടെഴുത്തുകാരി കൂടിയായ കാരന്റെ പേരിൽ 2 ആൽബങ്ങളുമുണ്ട്. ‘പെർഫെക്ട്‌ലി ഇംപെർഫെക്ട്’ എന്ന മ്യൂസിക്കൽ പ്രസന്റേഷന്റെയും കാരന്റെ തന്നെ ഓർമക്കുറിപ്പായ ‘മാക്കേ ടു മൻഹാറ്റന്റെ’യും കംപോസർ കൂടിയാണവർ. ‘ദ് ജിപിഎസ് ഗേൾസ് റോഡ് മാപ് ഫോർ ഫ്യൂച്ചർ’, ‘റീകാൽക്കുലേറ്റ്– ഡയറക്‌ഷൻസ് ഫോർ ഡ്രൈവിങ് പെർഫോർമൻസ് സക്സസ്’ എന്നിവയാണ് കാരന്റെ പുസ്തകങ്ങൾ.

English Summary:

Meet Karen Jacobsen, the Australian voice guiding millions through Google Maps. Learn about her journey from aspiring singer to becoming the recognizable "GPS Girl," and discover her other talents as a speaker, writer, and musician

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com