അടിക്കടി പ്രകൃതിദുരന്തം; 2022ൽ മാത്രം നാശനഷ്ട ചെലവ് 28,000 കോടി രൂപ: കണക്കുകൾ ഇനിയും ബാക്കി
Mail This Article
കാലാവസ്ഥാ പ്രതിസന്ധി ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടും ഇന്നും പരിഹാരമില്ലാതെ ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയുയർത്തി അതിന്റെ ഭീകരത വെളിവാക്കികൊണ്ടിരിക്കുകയാണ്. പ്രകൃതിക്ക് ഉണ്ടാകുന്ന ആഘാതങ്ങൾക്ക് പുറമേ ലോകത്തിന്റെ സാമ്പത്തിക രംഗത്തിനും കനത്ത പ്രഹരമാണ് കാലാവസ്ഥ പ്രതിസന്ധി ഏൽപ്പിക്കുന്നത്.
ഇപ്പോഴിതാ കാലാവസ്ഥയിലെ വ്യതിയാനവും അതുമൂലം ലോകം നേരിട്ട വിപത്തുകളും മൂലം ഉണ്ടായിരിക്കുന്ന ആഗോള സാമ്പത്തിക ചെലവ് കണക്കാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകർ. കാലാവസ്ഥാ പ്രതിസന്ധി മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് കഴിഞ്ഞ 20 വർഷങ്ങളായി മണിക്കൂറിന് 16 മില്യൺ ഡോളർ (1.6 കോടി രൂപ) ചിലവായിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, താപ തരംഗം, വരൾച്ച എന്നിവയെല്ലാം ലോകത്തിന്റെ പല ഭാഗങ്ങളിലായി പിടിമുറുക്കിയതിനെ തുടർന്ന് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ വലിയതോതിൽ ജീവഹാനിയും വസ്തുവകകൾക്ക് നാശവും സംഭവിച്ചിട്ടുണ്ട്.
ആഗോളതാപനം രൂക്ഷമായതോടെ ഇത്തരം പ്രകൃതിദുരന്തങ്ങൾ അടിക്കടി ഉണ്ടാവുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് മനുഷ്യന്റെ ചെയ്തികളുടെ ഫലമായി ഉണ്ടായ ആഗോളതാപനം മനുഷ്യരാശിക്ക് തന്നെ എത്രത്തോളം വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് കണക്കാക്കാനായി പഠനം നടന്നത്.
2000 മുതൽ 2019 വരെയുള്ള കാലയളവിൽ പ്രതിവർഷം 140 ബില്യൺ ഡോളർ എന്ന നിലയിലാണ് കാലാവസ്ഥാ പ്രതിസന്ധി ആഗോള സാമ്പത്തിക രംഗത്തിന് നഷ്ടം വരുത്തിയിരിക്കുന്നത്. ഏറ്റവും ഒടുവിൽ പുറത്തു വരുന്ന കണക്കുകൾ പ്രകാരം 2022 ൽ മാത്രം 280 ബില്യൺ ഡോളർ ചെലവായി.
എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളുടെ കണക്കുകൾ ഇതിൽ ഉൾപ്പെടുത്താനായിട്ടില്ല. ഇതിനുപുറമേ കാർഷിക മേഖലയിൽ വിളവ് കുറയുന്നതും സമുദ്ര നിരപ്പ് ഉയരുന്നത് മൂലവുമുള്ള അധിക കാലാവസ്ഥാ ചിലവുകളും ഒഴിവാക്കിയ കണക്കാണ് ഇത്.
2003, 2008, 2010 എന്നീ വർഷങ്ങളിലാണ് പ്രകൃതി ദുരന്തങ്ങൾ മൂലം ഏറ്റവും അധികം സാമ്പത്തിക നഷ്ടം ഉണ്ടായത്. യൂറോപ്പിൽ ഉണ്ടായ താപ തരംഗവും മ്യാൻമാറിലെ നർഗീസ് ചുഴലിക്കാറ്റും സോമാലിയയിലെ വരൾച്ചയും റഷ്യയിലെ താപ തരംഗവുമൊക്കെയാണ് ഇതിനു കാരണം. 2005, 2017 എന്നീ വർഷങ്ങളിലാണ് വസ്തുവകകൾക്കുണ്ടായ നാശത്തിലൂടെ ഏറ്റവും അധികം തുക ചിലവായത്. വസ്തുവിന് ഏറ്റവും അധികം വിലയുള്ള അമേരിക്കയിൽ ഉണ്ടായ ചുഴലിക്കാറ്റുകൾ മൂലമായിരുന്നു ഇത്.
ആഗോളതാപനം കാലാവസ്ഥാ ദുരന്തങ്ങളുടെ വ്യാപ്തി എത്രത്തോളം വർധിപ്പിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഡാറ്റയും നഷ്ടത്തെക്കുറിച്ചുള്ള സാമ്പത്തിക ഡാറ്റയും സംയോജിപ്പിച്ചാണ് ഗവേഷകർ കണക്കുകൾ തയ്യാറാക്കിയത്. ഇതുമാത്രമല്ല കാലാവസ്ഥാ പ്രതിസന്ധി രണ്ടു പതിറ്റാണ്ടുകളിലായി 1.2 ബില്യൺ ജനങ്ങളുടെ ജീവിതത്തെ ബാധിച്ചിട്ടുണ്ട് എന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ജീവഹാനിയും വസ്തുവകകൾക്കുണ്ടായ നാശനഷ്ടവും എല്ലാം ഇതിൽ ഉൾപ്പെടും. 2022ലെ കാലാവസ്ഥ ഉച്ചകോടിയിൽ സ്ഥാപിതമായ ലോസ് ആൻഡ് ഡാമേജ് ഫണ്ടിൽ ആവശ്യമായേക്കാവുന്ന തുക വിലയിരുത്താൻ പഠനരീതി ഉപയോഗപ്രദമാകും എന്നാണ് ഗവേഷകരുടെ നിഗമനം. കാലാവസ്ഥാ ദുരന്തങ്ങളിൽ നിന്നും കരകയറാൻ ദരിദ്ര രാജ്യങ്ങളെ സഹായിക്കുന്നത് ലക്ഷ്യമിട്ടാണ് ഫണ്ട് രൂപീകരിച്ചത്.
വേൾഡ് മിറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ കണക്കനുസരിച്ച് 1970കൾ മുതൽ തീവ്ര കാലാവസ്ഥാ ദുരന്തങ്ങൾ മൂലമുള്ള നാശനഷ്ടങ്ങളിൽ ഏഴിരട്ടി വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് നിലവിൽ ലോകത്തിന് എത്രത്തോളം വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തി വച്ചിരിക്കുന്നത് എന്നതാണ് പഠനം വെളിവാക്കിയിരിക്കുന്നത്. പഠന വിവരങ്ങൾ നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.