തുലാവർഷത്തിന് ‘ഗുഡ്ബൈ’; കേരളത്തിൽ പകൽ ചൂട്, രാത്രി തണുപ്പ്: ഒപ്പം വൃശ്ചികക്കാറ്റും
Mail This Article
കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങി. കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന റിപ്പോർട്ട് പ്രകാരം ജനുവരി 14നാണ് തുലാവർഷത്തിന്റെ വിടവാങ്ങൽ. 2023 ൽ ഇത് ജനുവരി 12 നും 2022 ൽ ജനുവരി 22 മായിരുന്നു.
അതേസമയം, സംസ്ഥാനത്ത് ചൂട് ഉയരുകയാണ്. സംസ്ഥാനത്ത് പകൽ ചൂട് ശരാശരി 36 ഡിഗ്രി സെൽഷ്യസ് കടന്നു. എല്ലാ ജില്ലകളിലും പകൽ 30 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂട് ഉണ്ട്. അടുത്ത രണ്ടാഴ്ച ഇതേ സ്ഥിതി തുടർന്നേക്കും. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും ചൂട് രേഖപ്പെടുത്തിയത് തിരുവനന്തപുരത്ത് ആയിരുന്നു (36 ഡിഗ്രി സെൽഷ്യസ്). ഏറ്റവും കുറവ് ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ്.
പകൽ ചൂടാണെങ്കിലും രാത്രിയിലും പുലർച്ചെയും തണുപ്പ് കൂടിയിട്ടുണ്ട്. ജനുവരി, ഫെബ്രുവരി മാസത്തിൽ സാധാരണ ഇങ്ങനെയാണെന്നും കഴിഞ്ഞവർഷം ഉണ്ടായതിന്റെ അത്ര തണുപ്പ് ഇത്തവണ ഇല്ലെന്നും കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം മനോരമ ഓൺലൈനോട് പറഞ്ഞു.
ജനുവരിയിൽ ഇനി ന്യൂനമർദം സംഭവിക്കാൻ ഇടയില്ലാത്തതിനാൽ മഴ പ്രതീക്ഷിക്കേണ്ടതില്ലെന്ന് വിദഗ്ധർ വ്യക്തമാക്കി. ഫെബ്രുവരി വരെ ലഭിക്കേണ്ട മഴ ജനുവരി ആദ്യ ആഴ്ചകളിൽ സംസ്ഥാനത്ത് ലഭിച്ചിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു മീൻപിടിത്തത്തിനു തടസ്സമില്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
ആഞ്ഞടിക്കുന്ന വൃശ്ചികക്കാറ്റ്
വൃശ്ചികക്കാറ്റെന്നാണു പേരെങ്കിലും ധനുമാസമെത്തിയിട്ടും കാറ്റിന്റെ ശക്തിക്കു കുറവില്ല. മണിക്കൂറിൽ 30 കിലോമീറ്ററിലേറെ വേഗത്തിൽ രാവും പകലും തുടർച്ചയായി കാറ്റു വീശുന്നുണ്ട്. ഫെബ്രുവരി വരെ ഇതേ നില തുടർന്നേക്കുമെന്നാണു കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം. ബംഗാൾ ഉൾക്കടലിൽ നിന്നാരംഭിച്ചു തമിഴ്നാട് കടന്ന്, പാലക്കാട് ചുരത്തിലൂടെ (ഗ്യാപ്) കുതിരാൻ മല കയറി തൃശൂർ ജില്ലയുടെ ഹൃദയത്തിലൂടെ അറബിക്കടലിലേക്കാണ് ഈ വടക്കു–കിഴക്കൻ കരക്കാറ്റിന്റെ പ്രയാണം. തമിഴ്നാട്ടിൽ ശക്തമായി കാറ്റ് അനുഭവപ്പെടാറില്ല. എന്നാൽ തമിഴ്നാട്ടിലെ വലിയ പ്രദേശങ്ങളിൽ നിന്നു കേരളത്തിലെ ചെറിയ ചുരങ്ങൾ കടന്നെത്തുമ്പോൾ കാറ്റിന്റെ ശക്തി കൂടും. മഴയ്ക്കുള്ള കാരണമോ, മറ്റു പ്രതിഭാസമോ ഇതിനില്ലെന്നും സാധാരണ വൃശ്ചികത്തിൽ ലഭിച്ചിരുന്ന കാറ്റ് കാലാവസ്ഥ വ്യത്യാസം കാരണം വൈകുന്നതാണെന്നും വരും ദിവസങ്ങളിൽ കാറ്റിന്റെ ശക്തി കുറയുമെന്നും കാലാവസ്ഥ വിദഗ്ധനും നിരീക്ഷകനുമായ എസ്.കെ. ശരത് പറഞ്ഞു.
വടക്കു കിഴക്കു ദിശയിൽ നിന്നു പുറപ്പെട്ടു പാലക്കാടൻ മേഖലയിലൂടെ കടന്നാണു കാറ്റ് ജില്ലയിലെത്തുന്നത്. കിഴക്കൻ കാറ്റ്, ശീതക്കാറ്റ്, പാലക്കാടൻ കാറ്റ് എന്നിങ്ങനെയും ചുരക്കാറ്റിനു മറു പേരുകളുണ്ട്. ഏകദേശം 23 കിലോമീറ്റർ വീതിയുള്ള പാലക്കാട് ചുരത്തിലൂടെ കടന്നുവരുന്നതിനാലാണു ചുരക്കാറ്റെന്നും പാലക്കാടൻ കാറ്റെന്നും അറിയപ്പെടുന്നത്. പാലക്കാട്, തൃശൂർ ജില്ലകളിൽ ഏറെക്കുറെ മുഴുവനായും മലപ്പുറം ജില്ലയുടെ പകുതിയോളം ഭാഗത്തും കാറ്റ് വീശുന്നുണ്ട്. ജില്ലയുടെ മലയോര മേഖല മുതൽ കഴിമ്പ്രം, എടമുട്ടം, വാടാനപ്പള്ളി, തൃപ്രയാർ, തളിക്കുളം, ചേറ്റുവ എന്നീ തീരപ്രദേശങ്ങളിൽ വരെ കാറ്റ് നന്നായി വീശുന്നുണ്ട്. ജില്ലയ്‌ക്കു മഞ്ഞിന്റെ ആവരണം സമ്മാനിക്കുന്ന ഈ കാറ്റ് ചൂട് ഒരു പരിധി വരെ കുറയ്‌ക്കുന്നതിനും സഹായിക്കും.