കനത്തചൂടിൽ മുട്ടയ്ക്കും രക്ഷയില്ല! വിൽപനയ്ക്കുവച്ചത് വിരിഞ്ഞു, രണ്ടു കുഞ്ഞുങ്ങൾ
Mail This Article
പാലക്കാട് ∙ മുട്ടയ്ക്കുള്ളിലും ചൂടു താങ്ങാനാവാതെ തോടു പൊട്ടിച്ച് 2 കാടക്കുഞ്ഞുങ്ങൾ പുറത്തേക്ക്...! പാലക്കാട് ചിറ്റൂർ കമ്പിളിച്ചുങ്കം ചൈത്രരഥം ഇക്കോ ഷോപ്പിൽ വിൽപനയ്ക്കു പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച 10 കാടമുട്ടകളിൽ രണ്ടെണ്ണമാണു വിരിഞ്ഞത്. കുട്ടയിൽ വച്ച കവർ അനങ്ങുന്നതായി കടയിലെത്തിയ ആളാണു കണ്ടത്. അടുത്ത നിമിഷം തോടു പൊട്ടിച്ചു കാടക്കുഞ്ഞു പുറത്തു വന്നതായി കടയുടമ പി.പ്രലോഭ് കുമാർ പറഞ്ഞു. അൽപം കഴിഞ്ഞതോടെ മറ്റൊരു മുട്ട കൂടി അനങ്ങിത്തുടങ്ങി. അതിൽ നിന്ന് ഒരു കുഞ്ഞുകൂടി പുറത്തേക്ക്.
പാലക്കാട് ജില്ലയിൽ 42.8 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു. സാധാരണ ഇങ്ങനെ മുട്ടകൾ വിരിയാറില്ലെങ്കിലും അപൂർവമായി സംഭവിക്കാറുണ്ടെന്നു പാലക്കാട് തിരുവിഴാംകുന്ന് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി ഏവിയൻ റിസർച് സ്റ്റേഷൻ ഡയറക്ടർ ഡോ. ഹരികൃഷ്ണൻ പറഞ്ഞു.