കാലവർഷം തുടക്കത്തിൽ ദുർബലം; ഭയക്കേണ്ടത് പ്രാദേശിക പ്രളയങ്ങളെ: 2018 ആവർത്തിക്കുമോ?
Mail This Article
കാലവർഷം കേരളത്തിൽ എത്തിയിരിക്കുന്നു. പലയിടത്തും അതിശക്തമായ മഴയാണ്. ഇങ്ങനെ മഴ പെയ്താൽ 2018ലേതു പോലെ പ്രളയം ഉണ്ടാകുമോ? പലരുടെയും സംശയം ഇതാണ്. എന്നാൽ അത്തരത്തിലുള്ള വലിയ പ്രളയത്തേക്കാൾ ഭയക്കേണ്ടത് പ്രാദേശിക പ്രളയങ്ങളെയാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് പറയുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലാണ് ഇപ്പോൾ പ്രളയം ഉണ്ടാകുന്നത്. 2018ലും 2019ലും പ്രളയത്തിന്റെ പ്രശ്നങ്ങൾ നേരിടാത്ത സ്ഥലങ്ങളിൽ ഇപ്പോൾ വെള്ളക്കെട്ട് രൂക്ഷമാണ്. ഇത് ഏറെ അപകടമാണെന്ന് എം.ജി മനോജ് മനോരമ ഓൺലൈനോട് പറഞ്ഞു.
‘‘ഓരോ പ്രദേശങ്ങളും കാലവർഷത്തെ നേരിടുന്നത് വ്യത്യസ്ത രീതിയിലാണ്. അതുകൊണ്ട് കാലവർഷത്തിൽ ഏറെ ബാധിക്കപ്പെടുന്ന ജില്ല ഏതാണെന്ന് മുൻകൂട്ടി പറയാനാകില്ല. ഇപ്പോൾ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വെള്ളക്കെട്ടാണ് ചർച്ച ചെയ്യപ്പെടുന്നത്. ഇതുവരെ ഉരുൾപ്പൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവ റിപ്പോർട്ട് ചെയ്തിട്ടില്ല. അങ്ങനെ സംഭവിച്ചാൽ മറ്റു ജില്ലകളിലായിരിക്കും ദുരിതമനുഭവിക്കുന്നത്. കടലാക്രമണം ഉണ്ടായാൽ തീരദേശ മേഖലയും അപകടത്തിലാകും.
കൊച്ചിയിലെ ഇപ്പോഴത്തെ വെള്ളക്കെട്ടിന് പിന്നിൽ മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾക്ക് പങ്കുണ്ട്. ദേശീയപാതയുടെ നിർമാണം നടന്നുവരികയാണ്. അതിനാൽ ഇതുകടന്നുപോകുന്ന എല്ലാ ജില്ലകളിലും വെള്ളക്കെട്ടുണ്ടാകാം. മറ്റു നിർമാണ പ്രവർത്തനങ്ങൾക്കും സമാനരീതിയായിരിക്കും. കാലവർഷം ശക്തിപ്പെടുന്നതേയുള്ളൂ. പ്രശ്നമേഖലകളുടെ യഥാർഥ ചിത്രം അപ്പോൾ അറിയാം’’– എം.ജി മനോജ് വ്യക്തമാക്കി.
കാലവർഷം തുടക്കത്തിൽ ദുർബലമാവുകയും ജൂൺ പകുതി കഴിഞ്ഞ് മഴ ശക്തമാകുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചനം. മേയ് 30നാണ് കാലവർഷം കേരളത്തിൽ എത്തിയത്. അതിശക്തമായ മഴയിൽ എറണാകുളം, തിരുവനന്തപുരം തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിലാവുകയായിരുന്നു. അവസാനഘട്ട വേനൽമഴ നിരവധി പ്രദേശങ്ങളെ ദുരിതത്തിലാക്കി. മറ്റു ജില്ലകളിൽ ശക്തമായ മഴ പെയ്തിട്ടും ഇടുക്കി ജില്ലയിലും ഇടുക്കി ഡാമിലെ ജല നിരപ്പിനും കാര്യമായ വർധനവില്ല. പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലകളിലും ചെറിയ ചാറ്റൽമഴ മാത്രമാണുള്ളത്.