ADVERTISEMENT

ചരിത്രത്തിലെ മനുഷ്യ നിര്‍മ്മിത അപകടങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന പേരുകളിലൊന്നാണ് ചെര്‍ണോബില്‍ ആണവ ദുരന്തം. 1986ല്‍ അന്നു സോവിയറ്റ് യൂണിയന്‍റെ ഭാഗായിരുന്ന ചെര്‍ണോബിലിലെ ആണവനിലയത്തില്‍ നിന്നു ശക്തമായ ചോര്‍ച്ചയുണ്ടാവുകയായിരുന്നു. കടുത്ത അണുപ്രസരണത്തെ തുടര്‍ന്ന് അവിടം വാസയോഗ്യമല്ലാതായി തീര്‍ന്നു.  മനുഷ്യര്‍ കൂട്ടത്തോടെ അവിടം ഉപേക്ഷിച്ചു പോയി, ഒപ്പം വന്യമൃഗങ്ങളും. അപകടത്തില്‍ മരിച്ചത് 31 പേരാണെങ്കിലും ഇന്നും അണുപ്രസരണത്തിന്‍റെ പരിണിത ഫലങ്ങളുമായി ദുരിതം അനുഭവിക്കുന്നവര്‍ നിരവധിയാണ്. 

30 വര്‍ഷത്തോളം എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു പ്രേതഭൂമിയായി കിടന്ന ചെര്‍ണോബിലിലേക്ക് ജീവിതം മെല്ലെ തിരികെയെത്തുന്നു എന്നാണ് പുതിയ ചില കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. ഏതാണ്ട് 4300 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതമായ പ്രദേശത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വന്യജീവികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ചെന്നായ്ക്കളും, പരുന്തുകളും, മാനുകളും, പന്നികളും ഉള്‍പ്പടെയുള്ളവ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ മേഖലയിലേക്കെത്തിയിട്ടുണ്ട്. ഇതിനു പുറമെയാണ് ഇപ്പോള്‍ നീര്‍ന്നായ്ക്കളുടെയും സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്.

മറ്റെല്ലാ ജീവികളേക്കാളും നീർനായ്ക്കളുടെ സാന്നിധ്യം കണ്ടെത്തിയത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. കാരണം മേഖലയിലെ ജലാശയങ്ങളിലെ അണുപ്രസരണത്തിലും കുറവു വന്നിരിക്കുന്നു എന്നതിന്‍റെ തെളിവാണ് നീര്‍നായ്ക്കളുടെ സാന്നിധ്യം. കൂടാതെ വര്‍ധിച്ച മത്സ്യസമ്പത്തായിരിക്കണം നീര്‍നായ്ക്കളെ ഈ മേഖലയിലെ ജലാശയങ്ങളിലേക്കും നദികളിലേക്കുമെത്തിച്ചതെന്നും കണക്കു കൂട്ടുന്നു. അതേസമയം വന്യജീവികള്‍ പ്രദേശത്തേക്കു തിരിച്ചെത്തിയെങ്കിലും ചെര്‍ണോബിലിലെ അണുപ്രസരണം മനുഷ്യര്‍ക്ക് അപകടകരമായ തോതിലാണ് ഇപ്പോഴും ഉള്ളതെന്നാണു ഗവേഷകര്‍ പറയുന്നത്.

പ്രദേശത്തേക്കു വന്യജീവികള്‍ തിരിച്ചെത്താന്‍ തുടങ്ങിയതോടെ ഇവയുടെ സാന്നിധ്യം മനസ്സിലാക്കുന്നതിനായി ഗവേഷകര്‍ പലയിടങ്ങളിലായി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. നീർനായ്ക്കളെ ആദ്യം കണ്ടെത്തിയതും ഈ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യത്തിലാണ്. തുടര്‍ന്ന് ഇവയെ കണ്ടെത്തിയ പ്രദേശത്തു ഗവേഷകര്‍ മത്സ്യങ്ങള്‍ ഭക്ഷിക്കാനായി വച്ചു. ഒരാഴ്ചക്കുള്ളില്‍ ഈ മത്സ്യങ്ങളെല്ലാം തിന്നു  തീര്‍ത്തതായി കണ്ടെത്തി. ഇതോടെ നീനായ്ക്കളുടെ ഭേദപ്പെട്ട അംഗസംഖ്യ തന്നെ ഈ മേഖലയിലുണ്ടെന്ന നിഗമനത്തിലാണു ഗവേഷകരെത്തിയിരിക്കുന്നത്. 

chernobyl-exclusion-zone

ചെര്‍ണോബില്‍ എക്സ്ക്ലൂഷൻ സോണ്‍

ആണവപ്രസരണം ഉണ്ടായ ചെര്‍ണോബില്‍ മേഖലയെ വേര്‍തിരിച്ചിരിക്കുന്നത് ചെര്‍ണോബില്‍ എക്സ്ക്ലൂഷൻ സോണ്‍ എന്ന പേരിലാണ്. അപകടം നടന്നപ്പോള്‍ സോവിയറ്റ് യൂണിയനു കീഴിലായിരുന്നു ഈ ഭാഗമെങ്കിലും ഇപ്പോള്‍ യുക്രെയ്നിലാണ് ചെര്‍ണോബിലിന്റെ എക്സ്ക്ലൂഷന്‍ സോണിന്‍റെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്. ശേഷിക്കുന്ന ഭാഗം ബലേറസിലും. 1986 ലെ ദുരന്തത്തെ തുടര്‍ന്ന് ഏതാണ്ട് ഒന്നേകാല്‍ ലക്ഷത്തോളം പേരാണ് ഇവിടം വിട്ടുപോയത്. ഇപ്പോള്‍ ആണവപ്രസരണം വിലയിരുത്തുന്നതിനും മറ്റു പഠനങ്ങള്‍ക്കും മാത്രമാണ് മനുഷ്യര്‍ ഇവിടേക്കു പ്രവേശിക്കുന്നത്. അതും ആവശ്യമായ സുരക്ഷാ സജ്ജീകരണങ്ങള്‍ കൈക്കൊണ്ടതിനു ശേഷം മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com