ADVERTISEMENT

മഞ്ഞു പെയ്യുന്ന പ്രദേശങ്ങളിലെ ശൈത്യകാലകാഴ്ചകള്‍ പലപ്പോഴും ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും അദ്ഭുതപ്പെടുത്താറുണ്ട്. മഞ്ഞുപാളികള്‍ രൂപപ്പെട്ട് അവ ഒഴുകി നടക്കുന്ന നദികളും തടാകങ്ങളും ഈ കാഴ്ചകളില്‍ പെടുന്നു. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് മഞ്ഞുകാലത്തെ വെള്ളച്ചട്ടങ്ങളുടെ കാഴ്ചകള്‍. ലോകത്തെ ഏറ്റവും മനോഹരമായ നയാഗ്രാ വെള്ളച്ചാട്ടമുള്‍പ്പെടെ ഉത്തരാർധഗോളത്തിലെ ശീതമേഖലയിലെ  പലവെള്ളച്ചാട്ടങ്ങളും ശൈത്യകാലത്ത് പാറപോലെ ഉറച്ച മഞ്ഞുമലകളായി മാറുന്നവയാണ്. 

639914002

വെള്ളച്ചാട്ടങ്ങള്‍ മഞ്ഞുമലയായി മാറുന്നതെങ്ങനെ?

ശക്തിയായി ഒഴുകുന്ന നദികളും ഉയരത്തില്‍ നിന്നു താഴേക്കു പതിക്കുന്ന  വെള്ളച്ചാട്ടങ്ങളും എങ്ങനെ മഞ്ഞായി ഉറഞ്ഞു പോകുന്നുവെന്നത് കൗതുകമുളവാക്കുന്ന കാര്യമാണ്. പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴേക്ക് താപനിലയെത്തുമ്പോള്‍ തന്നെ ഒഴുകുന്ന വെള്ളത്തിൽ ഐസ് ക്രിസ്റ്റലുകള്‍ രൂപപ്പെടാന്‍ തുടങ്ങും. തണുപ്പ് വീണ്ടും വർധിക്കുന്നതോടെ ഈ ഐസ് ക്രിസ്റ്റലുകള്‍ തമ്മില്‍ ഒട്ടിപ്പിടിക്കാന്‍ തുടങ്ങുന്നു. താപനില താഴുന്നതനുസരിച്ച് ഐസ് ക്രിസ്റ്റലുകള്‍ തമ്മിലുള്ള ഒട്ടല്‍ വർധിക്കുന്നു. ഇത് ക്രമേണ ഒഴുക്കിനെ കുറയ്ക്കുകയും വൈകാതെ ഒഴുകുന്ന നദിയും വെള്ളച്ചാട്ടവുമെല്ലാം പൂര്‍ണമായി ഐസ് ക്രിസ്റ്റലുകളാല്‍ നിറയുകയും ഇവ ഒറ്റ മഞ്ഞു കൊട്ടാരമായി മാറുകയും ചെയ്യും.

Niagara Falls in winter

ആഗോളതാപനവും ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുക്കവുമെല്ലാം വർധിക്കുന്നുവെങ്കിലും ഇവയൊന്നും ഇതുവരെ വെള്ളച്ചാട്ടങ്ങളെ ബാധിച്ചിട്ടില്ല എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. ആര്‍ട്ടിക്കിലും അന്‍റാര്‍ട്ടിക്കിലും ഉള്ള മഞ്ഞുപാളികളുടെ വിസ്തൃതി കുറഞ്ഞെങ്കിലും ഇക്കുറിയും ശൈത്യമേഖലയിലെ വെള്ളച്ചാട്ടങ്ങളെല്ലാം തന്നെ മഞ്ഞുമലകളായി രൂപം മാറിയിരുന്നു. നദിയിലൂടെ ഒഴുകുന്ന ജലത്തിന്‍റെ അളവില്‍ കുറവുണ്ടാകാത്തതാണ് ഇത്തരം വെള്ളച്ചാട്ടങ്ങള്‍ മഞ്ഞുമലകളായി മാറുന്ന പ്രതിഭാസത്തെ ഇക്കുറിയും സംരക്ഷിച്ചതെന്നു ഗവേഷകര്‍ പറയുന്നു,

നയാഗ്രയെ കൂടാതെ യൂറോപ്പിലും കാനഡയിലുമായി ശൈത്യകാലത്ത് പൂര്‍ണ്ണമായി ഉറച്ചു പോകുന്ന മറ്റു ചില പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങള്‍ കൂടിയുണ്ട്.

അൽദേജാര്‍ഫോസ് , ഐസ്‌ലന്‍ഡ്

Aldeyjarfoss waterfall

നിറഞ്ഞൊഴുകുന്ന നദിയിലെ വെള്ളച്ചാട്ടത്തിനടുത്തേക്കു നടന്നു ചെല്ലുകയെന്നത് അതീവ അപകടം പിടിച്ച കാര്യമാണ്. എന്നാല്‍ ഈ അൽദേജാര്‍ഫോസ് വെള്ളച്ചാട്ടത്തിന്‍റെ ചുവട്ടിലേക്ക് ശൈത്യകാലത്ത് ധൈര്യമായി നടന്നു ചെല്ലാം. കാരണം പാറ പോലെ ഉറച്ച മഞ്ഞായി ഇതിനകം നദി മുഴുവന്‍ മാറിയിരിക്കും. അതുകൊണ്ട് തന്നെ ശൈത്യകാലത്ത് ഈ വെള്ളച്ചാട്ടത്തിനടിയിലേക്കെത്തുക എന്നത് അനായാസമായ കാര്യമാണ്.

ഏതാണ്ട് 66 അടി ഉയരമാണ് ഈ വെള്ളച്ചട്ടത്തിനുള്ളത്. വാറ്റ്നാന്‍ജോകുള്‍ ദേശീയ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം ശൈത്യകാലത്ത് ആഴ്ചകളോളം മഞ്ഞിലുറഞ്ഞാണു കിടക്കുക. ശൈത്യകാലത്തെ ഏറ്റവും ഭംഗിയേറിയ വെള്ളച്ചാട്ടങ്ങളില്‍ ഒന്നായാണ് അൽദേജാര്‍ഫോസിനെ വിശേഷിപ്പിക്കുന്നത്. 9500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഗ്നിപര്‍വ്വതസ്ഫോടനത്തില്‍ രൂപപ്പെട്ടതാണ് ഈ വെള്ളച്ചാട്ടം ഒഴുകുന്ന പ്രദേശം. അതുകൊണ്ട് തന്നെ ചുറ്റുമുള്ള പാറക്കെട്ടുകളുടെ നിറം കറുപ്പാണ്. കറുപ്പും വെളുപ്പും ഇടകലര്‍ന്ന കാഴ്ചയാണ് ഈ വെള്ളച്ചാട്ടത്തെ ശൈത്യകാലത്ത് കൂടുതല്‍ മനോഹരമാക്കുന്നത്.

Wells Gray waterfall

വെല്‍സ് ഗ്രേ പാര്‍ക്ക്, കാനഡ

ഇവിടെ ഒന്നല്ല മറിച്ച് ഏഴു വെള്ളച്ചാട്ടങ്ങളാണുള്ളത്. പ്രദേശത്തു കൂടി ഒഴുകുന്ന മര്‍ട്ടില്‍ നദിയിലാണ് ഈ ഏഴ് വെള്ളച്ചാട്ടങ്ങളും. വെല്‍സ് ഗ്രേ പ്രൊവിഷണല്‍ പാര്‍ക്ക് ഉള്‍പ്പെടുന്ന ജാസ്പര്‍ ദേശീയ പാര്‍ക്കില്‍ 41 വെള്ളച്ചാട്ടങ്ങളാണ് ആകെയുള്ളത്. ഇവയെല്ലാം ശൈത്യകാലത്ത് മഞ്ഞുപാളികളായി മാറുന്നവയാണ്. ശൈത്യകാലത്ത് മൈനസ് 12 ഡിഗ്രി സെല്‍ഷ്യസാണ് മേഖലയിലെ ശരാശരി താപനില. അതുകൊണ്ട് തന്നെ മേഖലയിലെ മിക്ക വെള്ളച്ചാട്ടങ്ങളും നട്ടുച്ചയ്ക്കു പോലും പൂര്‍ണമായും ഉറഞ്ഞു കിടക്കുന്ന നിലയിലാണ് കാണപ്പെടുക. 

ന്യൂയോര്‍ക്ക് നഗരത്തിലെ ഫൗണ്ടൻ

ശൈത്യകാലത്തു കൊടും മഞ്ഞുവീഴ്ച അനുഭവപ്പെടുന്ന പ്രദേശമാണ് ന്യൂയോര്‍ക്ക്. അതുകൊണ്ട് തന്നെ ന്യൂയോര്‍ക്കില്‍ ഏതെങ്കിലും വെള്ളച്ചാട്ടമുണ്ടെങ്കില്‍ അത് മരവിച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ല. ഏതായാലും വെള്ളച്ചാട്ടമൊന്നുമില്ലെങ്കിലും ന്യൂയോര്‍ക്കിലെ പ്രശസ്തമായ ലോവല്‍ ഫൗണ്ടന്‍ ഈ കുറവു നഗരവാസികളെ അറിയിക്കാറില്ല. ശൈത്യകാലത്ത് ഫൗണ്ടനില്‍ നിന്നൊഴുകി വീഴുന്ന വെള്ളച്ചാട്ടം പാതിവഴിയില്‍ നിലച്ച് മഞ്ഞായി മാറും. തണുത്തുറഞ്ഞ ഈ ഫൗണ്ടന്റെ ചിത്രങ്ങള്‍ നഗരത്തിന്‍റെ തന്നെ പ്രധാന മുഖചിത്രങ്ങളിലൊന്നാണ്. 

പക്ഷേ ഇത് സ്വാഭാവികമായി സംഭവിച്ചതല്ല. 2002 ന് മുന്‍പ് ശൈത്യകാലത്ത് ഈ ഫൗണ്ടനില്‍ നിന്നു വെള്ളമൊഴുകാറില്ലായിരുന്നു. ഫൗണ്ടനിലേക്കു വെള്ളമെത്തും മുന്‍പ് മരവിച്ചു പോകുന്നതായിരുന്നു പ്രശ്നം. ഫൗണ്ടന്‍ സ്ഥിതിചെയ്യുന്ന ബ്രയാന്‍റ് പാര്‍ക്കിന്‍റെ അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ശൈത്യകാലത്തും ഫൗണ്ടന്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതോടെ വെള്ളമൊഴുകിയാല്‍ മരവിച്ചു പോകാത്ത പൈപ്പുകള്‍ തയ്യാറാക്കി. ഫൗണ്ടന്‍നിന്നു ജലമൊഴുകി വീഴുന്ന പ്രദേശത്തും നേരിയ ചൂടു നിലനിര്‍ത്താന്‍ സംവിധാനമൊരുക്കി. ഇതോടെയാണ് തണുത്തുറഞ്ഞ ഫൗണ്ടന്‍റെ മനോഹരമായ കാഴ്ചയൊരുങ്ങിയത്.

Ice Curtains on Grand Island

പിക്ചേര്‍ഡ് റോക്സ് , മിഷിഗണ്‍

ഗെയിം ഓഫ് ത്രോണ്‍സ് കണ്ടിട്ടുള്ളവര്‍ക്ക് അതിലെ ഐസ് വോള്‍ ഓര്‍മ്മയുണ്ടാകും. ഈ ഐസ് വോള്‍ രൂപകല്‍പന ചെയ്തത് മിഷിഗണിലെ ഈ വെള്ളച്ചാട്ടത്തിന്‍റെ ശൈത്യകാലത്തെ രൂപം മാതൃകയാക്കിയോണോയെന്ന് ആരെങ്കിലും സംശയിച്ചാലും തെറ്റു പറയാന്‍ കഴിയില്ല. കാരണം ഒരു വശത്ത് മഞ്ഞു മൂടി പരന്നു കിടക്കുന്ന മിഷിഗണ്‍ നദി പോലെ തന്നെ വിശാലമായാണ് ഈ വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നത്. ഉയരം കുറവാണെങ്കിലും പരന്നൊഴുകുന്ന രീതിയിലാണ് ഈ വെള്ളച്ചാട്ടം. അതുകൊണ്ട് തന്നെ ശൈത്യകാലത്ത് ഈപ്രദേശം മുഴുവന്‍ മഞ്ഞായി മാറിയ വെള്ളം ഉറച്ചു നില്‍ക്കുന്നുണ്ടാകും. അക്ഷരാർഥത്തില്‍ മഞ്ഞു കൊണ്ടുണ്ടാക്കിയ ഒരു മതില്‍ പോലെ.

മിമിഷുയി, ചൈന

കാനഡയിലും യൂറോപ്പിലും മാത്രമല്ല ചൈനയിലുമുണ്ട് ശൈത്യകാലത്ത് ഉറച്ചു പോകുന്ന വെള്ളച്ചാട്ടങ്ങള്‍. കര്‍ട്ടണ്‍ പോലുള്ള വെള്ളച്ചാട്ടമെന്നാണ് ചൈനയിലെ മിമിഷുയി വെള്ളച്ചാട്ടത്തെ വിശേഷിപ്പിക്കുന്നത്. വെള്ളച്ചാട്ടം സൃഷ്ടിക്കുന്ന പാറക്കെട്ടുകള്‍ തമ്മിലുള്ള വിടവാണ് ഇത്തരമൊരു പേരു ലഭിക്കാന്‍ കാരണം. ഈ വിടവു മൂലം അകലമുള്ള പാളികളായാണ് വെള്ളച്ചാട്ടം രൂപപ്പെടുക. പലപ്പോഴും മഞ്ഞുരുകി തുടങ്ങുന്നതോടെ ഈ വെള്ളച്ചട്ടാത്തിനടിയിലൂടെ നടക്കാനും മറ്റൊരു വെള്ളച്ചാട്ടത്തിന്‍റെ സമീപത്തെത്താനും കഴിയാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com