ADVERTISEMENT

ഇടവപ്പാതിയിലും പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസിലേക്കു കുതിക്കുന്നു. ഇന്നലെ മലമ്പുഴയിൽ 39.3 ഡിഗ്രി ചൂടു രേഖപ്പെടുത്തി. മുണ്ടൂരിൽ 39 ഡിഗ്രിയാണു താപനില. പട്ടാമ്പിയിൽ 35.8 ഡിഗ്രി. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ജില്ലയിൽ ദിവസങ്ങളോളം താപനില 40 ഡിഗ്രിയായിരുന്നു. ഏപ്രിൽ 16നു ചൂട് 41.1 ഡിഗ്രിയിലെത്തി. മേയ് അവസാനമായിട്ടും ചൂട് 40 ഡിഗ്രിയിലേക്ക് ഉയരുന്നത് അസാധാരണ പ്രതിഭാസമാണെന്നു വിദഗ്ധർ പറയുന്നു. 

ഇതോടൊപ്പം അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവിലും വർധനയുണ്ട്. 45 മുതൽ 89 വരെയാണ് ആർദ്രതയുടെ അളവ്. താപനില വർധിച്ചതോടെ തൊഴിൽ സമയ ക്രമീകരണം ഏർപ്പെടുത്തിയിരുന്നെങ്കിലും വേനൽമഴ ലഭിക്കുകയും ചൂടു കുറയുകയും ചെയ്തതോടെ ഈ മാസം 20നു പിൻവലിച്ചു. അതിനുശേഷം ചൂട് ഉയർന്നെങ്കിലും പിന്നീട് ക്രമീകരണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. 

അത്യാഹിതത്തിലേക്കോ? 

താപനില വർധിച്ചതോടെ കുഴഞ്ഞു വീണുള്ള അത്യാഹിതങ്ങളും കൂടി. ജില്ലയിൽ ഇത്തവണ വേനൽക്കാലത്ത് 3 സൂര്യാഘാത മരണങ്ങളും ഒരു താപാഘാത മരണവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  മറ്റു ചില സംഭവങ്ങളിലും താപാഘാത ലക്ഷണങ്ങൾ ഉണ്ട്. വിശദ പരിശോധനാ റിപ്പോർട്ട് ലഭ്യമായാൽ മാത്രമേ ഇത്തരം സംഭവങ്ങളിൽ മരണകാരണം വ്യക്തമാകൂ. താപനില ഉയരുന്നത് പല തരത്തിൽ ആരോഗ്യ പ്രശ്നൾക്കു കാരണമാകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

അടുത്ത മാസം വരുമോ കാലവർഷം

അടുത്ത മാസം ആദ്യ ആഴ്ചയോടെ കാലവർഷം ലഭിച്ചുതുടങ്ങുമെന്ന പ്രതീക്ഷയിലാണു ജില്ല. ജൂൺ 3ന് സ്കൂളുകൾ തുറക്കും.  താപനില ഇതേ രീതിയിൽ തുടർന്നാൽ സ്കൂളുകളിലടക്കം ബുദ്ധിമുട്ടനുഭവപ്പെടും. താപനില മാത്രമല്ല ആർദ്രതയും ഉയരുന്നു എന്നതും പ്രതിസന്ധി വർധിപ്പിക്കുന്നു.

ഇന്നലത്തെ താപനില  ഡിഗ്രി സെൽഷ്യസിൽ  

               കൂടിയത്  കുറഞ്ഞത്   ആർദ്രത

മലമ്പുഴ    39.3             27.6        45

മുണ്ടൂർ     39               28          48

പട്ടാമ്പി     35.8            24.4        89 (രാവിലെ) 

                                                         50 (വൈകിട്ട്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com