ADVERTISEMENT

അയര്‍ലൻഡിന്‍റെ ഔദ്യോഗിക ഗവേഷക കപ്പലുകളിലൊന്നാണ് വടക്കന്‍ സമുദ്രമേഖലയില്‍ നടത്തിയ പര്യവേഷണത്തിനിടെ ചുറ്റികത്തലയന്‍ സ്രാവിനെ കണ്ടെത്തിയത്. ഇതാദ്യമായാണ് അറ്റ്ലാന്‍റിക്കിന് ഇത്രയും വടക്കായി ആര്‍ട്ടിക്കിനോടു ചേര്‍ന്ന മേഖലകളില്‍ ചുറ്റികത്തലയൻ സ്രാവിനെ കണ്ടെത്തുന്നത്. സാധാരണ ഗതിയില്‍ ഉഷ്ണമേഖലാ പ്രദേശത്തു കാണപ്പെടുന്ന ഈ ഇനം സ്രാവുകളെ അയര്‍ലൻഡിനു സമീപം കണ്ടെത്തിയത് ഗവേഷകരെ അദ്ഭുതപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ആഗോളതാപനം എത്ര വേഗത്തിലാണ് ആര്‍ട്ടിക്കിനോടു ചേര്‍ന്നുള്ള സമുദ്രമേഖലയെ ചൂട് പിടിപ്പിക്കുന്നതിന്‍റെ തെളിവായാണ് ഈ ജീവികളുടെ വടക്കന്‍ മേഖലയിലേക്കുള്ള കുടിയേറ്റത്തെ ഗവേഷകര്‍ കാണുന്നത്. 

കൊലയാളി സ്രാവുകളോട് താരതമ്യപ്പെടുത്താനാകില്ലെങ്കിലും കടലിലെ ഏറ്റവും മികച്ച വേട്ടക്കാരുടെ ഗണത്തിലാണ് ചുറ്റികത്തലയന്‍ സ്രാവുകളുള്ളത്. ഏതാണ്ട് 5 മീറ്റര്‍ അല്ലെങ്കില്‍ 16 അടി വരെ വലുപ്പം വയ്ക്കുന്ന ഈ സ്രാവുകള്‍ക്ക് ഇവയുടെ തലയുടെ സവിശേഷമായ രൂപമാണ് ചുറ്റികത്തലയന്‍ എന്ന പേര് സമ്മാനിച്ചത്. ശരീരം ചുറ്റികയുടെ കൈ പോലെ നീണ്ടു കിടക്കുമ്പോള്‍ തല ഏതാണ്ട് ചുറ്റികത്തലയ്ക്കു സമാനമാണ്. ഉരുണ്ടതല്ലെങ്കിലും പരന്ന രൂപത്തിലാണ് തലയുള്ളതെന്നു മാത്രം. 

ബൈനോക്കുലര്‍ കണ്ണുകള്‍

ഇങ്ങനെ പരന്ന രൂപത്തിലുള്ള തലയുടെ ഇരുവശത്തുമായാണ് ഈ സ്രാവുകളുടെ കണ്ണുകള്‍ സ്ഥിതി ചെയ്യുന്നത്.  ബൈനോക്കുലര്‍ വിഷന്‍ എന്നാണ് ചുറ്റികത്തലയന്‍ സ്രാവുകളുടെ ഈ പ്രത്യേകതയെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ഇരകളെ കണ്ടെത്തുന്നതിനും ഇവയെ പിന്തുടര്‍ന്നു വേട്ടയാടുന്നതിനും ചുറ്റികത്തലയന്‍ സ്രാവുകള്‍ക്ക് ഈ ബൈനോക്കുലര്‍ വിഷന്‍ ഏറെ സഹായകരമാണ്. കൂടാതെ കടലിന്‍റെ അടിത്തട്ടിനോടു ചേര്‍ന്നു നീങ്ങുന്ന ഇരകളെ പോലും ഇവയ്ക്ക് വേഗത്തില്‍ തിരിച്ചറിയാന്‍ ഈ ബൈനോക്കുലര്‍ വിഷന്‍ മൂലം സാധിക്കും. 

അയര്‍ലന്‍ഡിലെത്തിയ സ്രാവുകള്‍

ഇതുവരെ ചുറ്റികത്തലയന്‍ സ്രാവുകളെ പരമാവധി ബ്രിട്ടന്‍റെ തീരത്തു വരയാണ് വടക്കന്‍ മേഖലയില്‍ കണ്ടെത്തിയിട്ടുള്ളത്. ബ്രിട്ടനിലെ കോണ്‍വാളില്‍ 2004 ല്‍ കണ്ടെത്തിയ ചുറ്റികത്തലയന്‍ സ്രാവായിരുന്നു ഇതുവരെ ഏറ്റവും വടക്കോട്ട് എത്തിയ ഈ ഇനത്തിലെ ജീവി. എന്നാല്‍ അയര്‍ലന്‍ഡ് തീരത്ത് ഇപ്പോള്‍ ഒരു കൂട്ടം ചുറ്റികത്തലയന്‍ സ്രാവുകളെയാണ് കണ്ടെത്തിയിരിക്കുന്നത്. തീര്‍ച്ചയായും കാലാവസ്ഥാ വ്യതിയാനത്തിന് ഇതില്‍ നിര്‍ണായക പങ്കുണ്ടെന്ന് ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നു. 

തെക്കുപടിഞ്ഞാറന്‍ അയര്‍ലൻഡിന്‍റെ തീരത്തായി സെല്‍റ്റിക് കടല്‍ മേഖലയിലാണ് ഇപ്പോഴത്തെ ചുറ്റികത്തലയന്‍ സ്രാവുകളുടെ കൂട്ടത്തെ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും ദശാബ്ദത്തിനിടയില്‍ ഈ മേഖലയിലെ സമുദ്രതാപനില സാരമായി വർധിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഈ വർധനവിനെയും ഉഷ്ണമേഖലാ പ്രദേശത്തെ കടല്‍ജീവികളുടെ സാന്നിധ്യത്തെയും ബന്ധിപ്പിക്കാന്‍ കഴിയുമെന്ന് ബ്രിട്ടനിലെ ദേശീയ സമുദ്രഗവേഷക കേന്ദ്രത്തിലെ മറൈനോളജിസറ്റായ സൈമണ്‍ ബോക്സല്‍ പറയുന്നു.

ഭക്ഷണത്തിനു വേണ്ടിയുള്ള തിരച്ചില്‍ തന്നെയാണ് ഒരിക്കല്‍ വടക്കന്‍ സമുദ്രമേഖലയ്ക്ക് അന്യമായിരുന്ന ഇത്തരം ജീവികളെ ആര്‍ട്ടിക്കിനു സമീപത്തേക്കെത്തിക്കുന്നതും. സമുദ്രതാപനില വർധിച്ചതോടെ ഉഷ്ണമേഖലാ പ്രദേശത്ത് സമുദ്രത്തില്‍ സൈറ്റോപ്ലാങ്ക്തണ്‍ ഉള്‍പ്പടെയുള്ളവയുടെ അളവില്‍ ഗണ്യമായ കുറവുണ്ടായി. ഇത് ഈ മേഖലയിലെ ചെറു ജീവികള്‍ ഉള്‍പ്പടെയുള്ളവയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന മാറ്റമാണ്. ഇതോടെ പ്രദേശത്തെ ഭക്ഷ്യശൃംഖല ആകെ താളം തെറ്റി. അതേസമയം ഈ ജീവികള്‍ക്കെല്ലാം അനുകൂലമായ സാഹചര്യം കൂടുതല്‍ വടക്കു മാറി രൂപപ്പെടുകയും ചെയ്തു. ഈ മാറ്റമാണ് ചുറ്റികത്തലയന്‍ ഉള്‍പ്പടെയുള്ള പല ജീവിവര്‍ഗങ്ങളുടെയും വേനല്‍ക്കാലത്തെ വടക്കന്‍ ധ്രുവപ്രദേശത്തിനു സമീപത്തേക്കുള്ള കുടിയേറ്റത്തിനു കാരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com