കലക്ടർ വാസുകി തുടക്കമിട്ടു, വിഷ്ണു സിഇഒ ആയി; ഇനി ഹരിത ടിക്കറ്റിൽ യുഎന്നിലേക്ക്
Mail This Article
എന്താണ് പരിസ്ഥിതി പ്രവര്‍ത്തനം എന്ന ചോദ്യത്തിന് പലര്‍ക്കും പല ഉത്തരം ഉണ്ടാകും. പരിസ്ഥിതി ദിനത്തില്‍ മാവിന്‍ തൈ നടുന്ന സ്കൂള്‍ കുട്ടി മുതല്‍ ആഗോളതാപനത്തെക്കുറിച്ചും വനനശീകരണത്തെക്കുറിച്ചും ലോകം മുഴുവന്‍ സഞ്ചരിച്ച് ബോധവൽക്കരണം നടത്തുന്ന ഹോളിവുഡ് താരം ലിയനാര്‍ഡോ ഡീ കാപ്രിയോ വരെ പരിസ്ഥിതി പ്രവര്‍ത്തനമാണു നടത്തുന്നത്. ഇതൊന്നുമില്ലെങ്കിലും ദൈംനം ദിന ജീവിതം പരിസ്ഥിതി സൗഹാർദമാക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് ഓരോരുത്തര്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകരാകാന്‍ കഴിയും. ഈ രീതിയിലുള്ള പരിസ്ഥിതി പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ പി ആര്‍ വിഷ്ണു സിഇഒ ആയ സി 5 എന്ന സംഘടനയുടെ ലക്ഷ്യം.
യുഎന്നിലേക്ക് ഹരിത ടിക്കറ്റ്
വിഷ്ണുവിന്‍റെ നേതൃത്വത്തില്‍ സി 5 നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ലോക പരിസ്ഥിതി സമ്മേളനത്തിലേക്കുള്ള വേദി തുറന്നത്. സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസംഘടനയുടെ ലോക പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ക്ഷണം ലഭിച്ച ഇന്ത്യയിലെ ഏക യൂത്ത് വോളന്‍റിയറാണ് പി ആര്‍ വിഷ്ണു. പരിസ്ഥിതി സമ്മേളനത്തിന്‍റെ ഭാഗമായി ഇതാദ്യമായി നടത്തപ്പെടുന്ന യുവ പരിസ്ഥിതി സമ്മേളനത്തിലാകും വിഷ്ണു ഇന്ത്യയെ പ്രതിനിധീകരിക്കുക. സെപ്റ്റംബര്‍ 21 നാണ് ലോക പരിസ്ഥിത യുവസമ്മേളനത്തിന് ന്യൂയോര്‍ക്ക് വേദിയാകുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഗ്രീന്‍ ടിക്കറ്റ് അഥവാ പരിസ്ഥിതി സൗഹൃദ യാത്രാ സൗകര്യമാണ് വിഷ്ണു ഉള്‍പ്പടെയുള്ള പ്രതിനിധികള്‍ക്ക് ഐക്യരാഷ്ട്ര സംഘടന നല്‍കിയിരിക്കുന്നത്.
സി 5
സഹകരണ വകുപ്പ് മന്ത്രി കടകം പിള്ളി സുരേന്ദ്രനും തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസും നിലവില്‍ രക്ഷാധികാരികളായുള്ള പദ്ധതിയാണ് പ്രൊജക്ട് സി 5. ഈ സി ഫൈവ് പദ്ധതിയുടെ സിഇഒ എന്ന നിലയിലുള്ള പ്രവര്‍ത്തനമാണ് വിഷ്ണുവിന് ഐക്യരാഷ്ട്ര സംഘടനയുടെ സമ്മേളനത്തിലേക്കുള്ള വാതില്‍ തുറന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സി ഫൈവ് ജനങ്ങളില്‍ എങ്ങനെ പരിസ്ഥിതി സൗഹാര്‍ദപരമായ മാറ്റങ്ങള്‍ കൊണ്ടുവരാം എന്നതിനു വേണ്ടിയാണ് പരിശ്രമം നടത്തുന്നത്. ഇതിനായി മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ പല വിഭാഗങ്ങളിലായി വിവിധ വോളന്‍റിയര്‍ ഗ്രൂപ്പുകളും സി ഫൈവിനുണ്ട്. CHANGE CAN CHANGE CLIMATE CHANGE അഥവാ മാറ്റത്തിലൂടെ കാലാവസ്ഥാ മാറ്റത്തെ ചെറുക്കാം എന്ന താണ് സി ഫൈവെന്ന പേരിന്‍റെ പൂര്‍ണ രൂപം.
2018 ലാണ് സി5 ന് തുടക്കമാകുന്നത് .പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം ആകുമ്പോഴേക്കും കേരളത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ പരിസ്ഥിതി കൂട്ടായ്മകളില്‍ ഒന്നായി സി 5 മാറി. തിരുവനന്തപുരം ജില്ലാ കളക്ടര്‍ ആയിരുന്ന വാസുകി മുന്നോട്ട് വച്ച ഈ ആശയത്തിന് ഇപ്പോള്‍ ചുക്കാന്‍ പിടിയ്ക്കുന്നത് പി ആര്‍ വിഷ്ണുവാണ്. തിരുവനന്തപുരം ജില്ലയിലെ തന്നെ വിവിധ എന്‍ജിഒ, വോളന്‍ററി ഗ്രൂപ്പുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവരുടെ പിന്തുണയോടെ വാസുകി ഐഎഎസ് തന്നെയാണ് സി 5ന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. വൈകാതെ സമാനമായ വിഷയത്തിലെ താല്‍പര്യം പരിഗണിച്ച് സി 5ന്‍റെ സിഇഒ ആയി വിഷ്ണുവിനെ തന്നെ ചുമതലപ്പെടുത്തുകയായിരുന്നു.
നിത്യജീവിതത്തിലെ മാറ്റങ്ങളിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കാം
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമാണ് ഇന്ന് ഭൂമി നേരിടുന്ന ഏറ്റവും വലിയ ഭീഷണികള്‍. ഈ പ്രതിസന്ധി മറികടക്കാന്‍ ലോകവ്യാപകമായി നടന്നു വരുന്ന ശാസ്ത്രീയ പരിഹാരമാര്‍ഗങ്ങള്‍ക്കൊപ്പം ദൈനം ദിന ജീവിതത്തിലെ മാറ്റങ്ങളും അനിവാര്യമാണ് എന്നതാണ് സി ഫൈവിന്‍റെ നിലപാടെന്ന് വിഷ്ണു പറയുന്നു. ജനങ്ങളില്‍ ഇക്കാര്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുക എന്നതാണ് സി 5ന്‍റെ പ്രധാന ലക്ഷ്യം.യാഥാർഥ്യ ബോധത്തോടെ ജീവിത ചര്യകളില്‍ പരിസ്ഥിതി സൗഹാർദ മാറ്റങ്ങള്‍ ഉണ്ടാക്കുകയാണ് പരിസ്ഥിതിയെ സംരക്ഷിക്കാന്‍ അടിയന്തിരമായി ചെയ്യാന്‍ കഴിയുന്ന കാര്യമെന്നും വിഷ്ണു ചൂണ്ടിക്കാട്ടുന്നു.
ഇതിനു വേണ്ടി പരിസ്ഥിതി സൗഹൃദമായിരുന്ന ഒരു കാലഘട്ടത്തിലെ ജീവിത ചര്യകളിലേക്ക് അല്‍പം ബുദ്ധിമുട്ടിയാണെങ്കിലും തിരികെ പോകണം എന്ന ആശയമാണ് സി ഫൈവിന്‍റേത്. പക്ഷേ ഇത്തരം മടങ്ങിപ്പോക്കുകളില്‍ കടും പിടുത്തം വീണ്ടെന്നും യാഥാർഥ്യ ബോധത്തോടെ ആകാമെന്നും വിഷ്ണു പറയുന്നു. ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് പ്ലാസ്റ്റികിന്‍റെ കാര്യമാണ്. പ്ലാസ്റ്റിക് ഇല്ലാതെ ജീവിച്ചിരുന്ന ഒരു കാലം നാം പിന്നിട്ടിട്ട് അധികമായില്ല. എന്നാല്‍ ഇന്ന് പ്ലാസ്റ്റിക് ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പൂര്‍ണമായും പ്ലാസ്റ്റിക് ഒഴിവാക്കുക എന്നത് തല്‍ക്കാലത്തേക്കെങ്കിലും സാധ്യമല്ലാത്ത കാര്യമാണ്.
ഇതിന് പകരം ഒഴിവാക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് വേണ്ടെന്നു വയ്ക്കുക എന്നതാണ് ചെയ്യാനുള്ളത്. നാല് പേരുള്ള ഒരു വീട്ടില്‍ ദിവസേന എത്തുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളില്‍ ഭൂരിഭാഗവും ഭക്ഷണവും മറ്റം ലഭിയ്ക്കുന്ന പായ്ക്കറ്റുകളായിരിക്കും. ചെറു കടകളില്‍പോലും ഇന്ന് പലചരക്കും മറ്റ് സാധാരണങ്ങളും പ്ലാസ്റ്റിക് കവറുകളിലാക്കി വച്ചാണ് വില്‍ക്കുന്നത്. ഇതിന് പകരം കടലാസിൽ പൊതിയുന്ന രീതിയിലേയ്ക്ക് മടങ്ങി പോയാല്‍ തന്നെ പൊതുജനത്തിന്‍റെ പ്ലാസ്റ്റിക് ഉപയോഗിത്തില്‍ വലിയ കുറവു വരുത്താനാകും. ഇതിന് വ്യാപാരികള്‍ മാത്രമല്ല വാങ്ങുന്നവരും കൂടി ശ്രമിക്കേണ്ടതുണ്ടെന്നു മാത്രം.
പ്ലാസ്റ്റികിന്‍റേത് ഉദാഹരണം മാത്രമാണ്. ഇതുപോലെ ദൈനം ദിന ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ ഓരോ വ്യക്തിയുടേയും കാര്‍ബണ്‍ ഫുട് പ്രിന്‍റ് എങ്ങനെ കുറയ്ക്കാം എന്നതാണ് സി ഫൈവ് ലക്ഷ്യമിടുന്നത്. ഇത് ജനങ്ങളിലേക്കെത്തിക്കാന്‍ ആയിരക്കണക്കിന് വോളന്‍റിയര്‍മാരും സി ഫൈവിനുണ്ട്. ഇപ്പോള്‍ തിരുവനന്തപുരമാണ് പ്രവര്‍ത്തന മേഖലയെങ്കിലും വൈകാതെ കേരളം മുഴുവന്‍ സി 5ന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്നാണ് ലക്ഷ്യമിടുന്നതെന്നും വിഷ്ണു പറയുന്നു.
യുഎന്‍ സമ്മേളനം
ഇനി വരുന്ന തലമുറയോടാണ് ഇന്ന് നാം ചെയ്യുന്ന പരിസ്ഥിതി ദ്രോഹങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരിക എന്നതാണ് വിഷ്ണുവിന്‍റെ നിലപാട്. ഇന്നത്തെ തലമുറ പരിസ്ഥിതിയോട് ചെയ്യുന്ന ക്രൂരതകള്‍ക്ക് പരിസ്ഥിതുയുടെ തിരിച്ചടി നേരിടേണ്ടി വരുന്നതും വരുന്ന തലമുറയായിരിക്കും. ഇതേ നിലപാട് തന്നെയാണ് ഐക്യരാഷ്ട്ര സംഘടനയും ഉയര്‍ത്തിപ്പിടിക്കുന്നത്. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് ഇപ്പോഴത്തെ യുവതലമുറയെ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള പോരാട്ടത്തില്‍ മുഖ്യ പങ്കാളികളാക്കാന്‍ ഐക്യരാഷ്ട്ര സംഘടന ശ്രമിക്കുന്നത്. ആദ്യമായി നടത്തപ്പെടുന്ന ലോക കാലാവസ്ഥാ യുവ സമ്മേളനം ഈ ശ്രമത്തിന്‍റെ ഭാഗമാണ്.
ലോകനേതാക്കള്‍ ഉള്‍പ്പെടെ കാലാവസ്ഥാ വ്യതിയാനത്തെ തള്ളിക്കളയുകയും നിസ്സംഗരായി നില്‍ക്കുകയും ചെയ്യുമ്പോള്‍ കാലാവസ്ഥാ സമ്മേളനത്തില്‍ യുവജനതയുടെ ശബ്ദം മാറ്റത്തിനു കാരണമായേക്കും. വിഷ്ണു ഉള്‍പ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവ പ്രതിനിധികൾ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി അതിജീവിക്കാന്‍ ലോകത്തിനു കഴിയുമെന്നും നമുക്ക് പ്രതീക്ഷിക്കാം.