ADVERTISEMENT

ഭൂമി വിള്ളലിനൊപ്പം മണ്ണിരയും ചത്തൊടുങ്ങിത്തുടങ്ങിയതോടെ വയനാട്ടിൽ പ്രളയാനന്തര പ്രതിഭാസങ്ങൾ ആവർത്തിക്കുന്നു. വയനാട്ടിൽ ഇക്കുറിയും പ്രളയത്തിനു ശേഷം മണ്ണിര കൂട്ടത്തോടെ ചത്തൊടുങ്ങുന്നതു കാലാവസ്ഥ തകിടം മറിയുന്നതിന്റെ സൂചന. മുൻ വർഷങ്ങളിൽ മഴ മാറി ആഴ്ചകൾക്ക് ശേഷമാണ് മണ്ണിരകൾ ചത്തിരുന്നതെങ്കിൽ ഇക്കുറി മഴ പൂർണമായും മാറും മുൻപ് തന്നെ മണ്ണിരകൾ ചത്തൊടുങ്ങുകയാണ്. മഴ മാറിയതിനു ശേഷം ഇടയ്ക്ക് മഴയുണ്ടെങ്കിലും ശക്തമായ ചൂട് തന്നെയാണ് മണ്ണിര കൂട്ടത്തോടെ ചാകുന്നതിനു കാരണം. മഴയ്ക്ക് ശേഷം കാലാവസ്ഥ തകിടം മറിയുന്നതോടെയാണ് മണ്ണിര കൂട്ടത്തോടെ ചാകുന്നത്. 

Mass death of earthworms spotted
നടവയൽ കിഴക്കേതുണ്ടത്തിൽ ജോസഫിന്റെ കൃഷിയിടത്തിൽ കൂട്ടത്തോടെ ചത്തൊടുങ്ങിയ മണ്ണിര.

മണ്ണിന്റെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങൾ മൂലം സുരക്ഷിത സ്ഥാനം തേടി കുടിയേറ്റം നടത്തുമ്പോഴാണ് മണ്ണിരകളുടെ കൂട്ടമരണങ്ങളുണ്ടാകുന്നത് എന്ന് എംജി സർവകലാശാലയിലെ സീനിയർ റിസർച്ച് അസോഷ്യേറ്റ് ഡോ. പ്രശാന്ത് നാരായണൻ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.  നെൽവയലുകൾ വ്യാപകമായി തരം മാറ്റി മറ്റു കൃഷികളിലേക്കു മാറിയതോടെ മണ്ണിന്റെ ജലസംഭരണ ശേഷിയിൽ മാറ്റംവന്നു. മഴ നിലച്ചു പൊടുന്നനെ വെയിൽ വന്നതോടെ മണ്ണിലെ ഈർപ്പം കുറഞ്ഞു. ഈർപ്പം കുറഞ്ഞ മണ്ണിൽ മണ്ണിരകൾക്കു ജീവിക്കാനാകില്ല. ചൂടുകുറഞ്ഞ രാത്രികാലങ്ങളിൽ ഇവ മണ്ണിനു പുറത്തെത്തി സുരക്ഷിതസ്ഥാനങ്ങൾ തേടിപ്പോകും. എന്നാൽ, സുരക്ഷിതസ്ഥാനത്തേക്കു എത്തുന്നതിന് മുൻപു നേരം പുലരുകയും വെയിൽ ആവുകയും ചെയ്യുന്നതോടെയാണ് ഇവ ചാകുന്നത്.

4 വർഷം മുൻപും കഴിഞ്ഞ 2 വർഷവും ഇതേ പ്രതിഭാസമുണ്ടായിട്ടുണ്ട്. മണ്ണ് ചുട്ടുപൊള്ളുന്നതാണ് മണ്ണിര ചാകുന്നതിന് കാരണമെന്ന് കഴിഞ്ഞ വർഷം അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവും സ്ഥിരീകരിച്ചിരുന്നു. ചൂടിനനുസരിച്ച് വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നത് ഡക്കാൻ പീഠഭൂമി പ്രദേശത്തെ മണ്ണിന്റെ സവിശേഷതയാണ്. ഇതിന്റെ ഭാഗമായി മണ്ണു വിണ്ടുകീറി മേൽ മണ്ണിന്റെ ഈർപ്പം നഷ്ടപ്പെടുമ്പോൾ തണുപ്പു തേടി മണ്ണിനുള്ളിലേക്ക് നീങ്ങുകയാണ് മണ്ണിരകളുടെ പതിവ്. എന്നാൽ, ഇതിന് വിപരീതമായി മുകളിലേക്ക് വരുമ്പോൾ കൊടുംചൂടിൽ ചത്തൊടുങ്ങുന്നു. കളനാശിനിയും മറ്റും അമിതമായി പ്രയോഗിച്ച സ്ഥലങ്ങളിൽ മണ്ണിരകൾ കൂട്ടമായി ചത്തൊടുങ്ങുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ, ചൂടുകാരണം ഇങ്ങനെ സംഭവിക്കുന്നത് ഇപ്പോൾ എല്ലാം വർഷവും തുടരുകയാണ് എന്നും പറയപ്പെടുന്നു. കഴിഞ്ഞ പ്രളയ ശേഷമുണ്ടായ പ്രതിഭാസങ്ങൾ തന്നെയാണ് ഇക്കുറിയും കാണുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com