പാലക്കാട് ജില്ലയിൽ ചൂടു കനക്കുന്നു; പരമാവധി ചൂട് 35 ഡിഗ്രി സെൽഷ്യസ്, കാരണം?
Mail This Article
വൈകിയെത്തിയ ഇടവപ്പാതി വെള്ളപൊക്കവും മണ്ണിടിച്ചിലിനും ഉണ്ടാക്കി പിൻവാങ്ങിയതിനു പിന്നാലെ പാലക്കാട് ജില്ലയിൽ ചൂടു കനത്തു തുടങ്ങി. തുലാവർഷ സീസണിൽ ഇതുവരെ ജില്ലയിൽ താരതമ്യേന മഴകുറവാണ്. എന്നാൽ, സംസ്ഥാന തലത്തിൽ ഈ സീസണിൽ സാധാരണ ലഭിക്കുന്നതിനെക്കാൾ 84% മഴ കൂടുതൽ കിട്ടിയതായാണു കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ കണക്ക്. മറ്റു ജില്ലകളിൽ പലയിടത്തും ഇടിയോടുകൂടിയ കനത്തമഴ പെയ്യുന്നുണ്ട്.
ഇന്നലെ പകൽ മുണ്ടൂർ ഐആർടിസിയിൽ രേഖപ്പെടുത്തിയ പരമാവധി ചൂട് 35 ഡിഗ്രി സെൽഷ്യസ്. ഈർപ്പം 58 ഡിഗ്രിയും. ആകാശത്തിൽ മേഘങ്ങൾ ഇല്ലാത്ത അവസ്ഥയായതിനാൽ സൂര്യരശ്മികൾ നേരിട്ട് ഭൂമിയിൽ പതിക്കുന്നത് ചൂടു കൂടാൻ കാരണമാണ്. 3 മണിവരെ അൾട്രാവയലറ്റ് രശ്മികളും ഭൂമിയിൽ പതിക്കുന്നു. കൂടാതെ ഭൂമിയിൽ നിന്നുള്ള ചൂടും ഉയരും. അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ ഒഴിഞ്ഞതോടെ ഈർപ്പം പെട്ടന്നു വലിയുന്നതും പ്രതികൂലമാണ്.
ഇടവപ്പാതിയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ലയിൽ തന്നെയാണ് ആദ്യം ചൂട് വർധിക്കുന്നത്.രാത്രിയിലും പുലർച്ചെയും സാധാരണ ഈ സമയത്ത് ഉണ്ടാകുന്നതിനെക്കാൾ ഉഷ്ണം അനുഭവപ്പെടുന്നുണ്ട്. പാലക്കാടൻ കാറ്റിനും ശക്തികൂടിയിട്ടില്ല. കനത്തമഴയ്ക്കു പിന്നാലെ പെട്ടെന്നു ചൂടു കുടുന്നതു വിവിധ ആരോഗ്യപ്രശ്നങ്ങൾക്കും വഴിയൊരുക്കുന്നു. നവംബറിൽ മഴകുറയുന്നത് ഡിസംബറിനെക്കുറിച്ചു ആശങ്ക ഉയർത്തുന്നുണ്ട്.
അടുത്തമാസം മഴകുറഞ്ഞാൽ പതിവുപോലെ ശുദ്ധജലക്ഷാമം ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. എത്രമഴ പെയ്താലും അന്തരീക്ഷത്തിലെ ഉഷ്ണം ഇല്ലാതാകില്ല. ഇപ്പോഴും കടലിന്റെ ചൂട് ശരാശരി 28 ഡിഗ്രിയാണ്. വരും ദിവസം ജില്ലയിൽ തുലാവർഷം ശക്തമാകുമെന്നാണു നീരീക്ഷണം. തണുപ്പിനും സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷകർ പറയുന്നു.
English Summary: Palakkad have higher temperatures compared to other districts of Kerala