നഗരത്തിലിറങ്ങിയ പുള്ളിപ്പുലി ആക്രമിച്ചത് രണ്ട് തെരുവുനായ്ക്കളെ; ഭീതിയോടെ ജനങ്ങൾ!
Mail This Article
മുംബൈയിലെ അന്ധേരി ഈസ്റ്റിലുള്ള സീപ്സിലാണ് തിങ്കളാഴ്ച പുലർച്ചെ പുള്ളിപ്പുലി ഇറങ്ങിയത്. നഗരത്തിലിറങ്ങിയ പുള്ളിപ്പുലി ഇവിടെയുണ്ടായിരുന്ന രണ്ട് തെരുവുനായ്ക്കളെ ആക്രമിച്ചു. ഇതിൽ ഒരാക്രമണം സിസിടിവി ക്യാമറിൽ പതിഞ്ഞിട്ടുണ്ട്.
സമീപത്തെ സെക്യൂരിറ്റി ജീവനക്കാരനാണ് തിങ്കളാഴ്ച പുലർച്ചെ 3 മണിയോടു കൂടി സീപ്സിനു സമീപം പുലിയെ കണ്ടത്. മതിൽക്കെട്ടിനുള്ളിൽ കടന്ന പുലി പടിയിൽ കിടക്കുകയായിരുന്ന തെരുവുനായയെ കടിച്ചെടുക്കുകയായിരുന്നു. നായയെ വലിച്ചിഴച്ചു കൊണ്ടു പോകാൻ ശ്രമിച്ച പുള്ളിപ്പുലിയെ ജീവനക്കാരൻ റൂമിന്റെ വാതിൽ വലിയ ശബ്ദത്തിൽ വലിച്ചടച്ചാണ് ഭയപ്പെടുത്തിയത്. വലിയ ശബ്ദം കേട്ടു ഭയന്ന പുള്ളിപ്പുലി നായയെ ഉപേക്ഷിച്ച് ഓടിമറഞ്ഞു.
പുലിക്കു പിന്നാലെ കുരച്ചുകൊണ്ട് പായുന്ന നായയേയും ദൃശ്യങ്ങളിൽ കാണാം. ഇതിനു സമീപത്ത് തന്നെയാണ് രണ്ടാമത്തെ ആക്രമണവും നടന്നത്. എന്നാൽ ഇതിന്റെ വിശദവിവരങ്ങൾ ലഭ്യമല്ല. രണ്ട് നായകളും പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടു.
സെക്യൂരിറ്റി ജീവനക്കാരൻ അറിയിച്ചതനുസരിച്ച് ഇവിടെയെത്തിയ ആവാസ് എന്ന എൻജിഒയുടെ അംഗങ്ങൾ ആക്രമണത്തിൽ പരുക്കേറ്റ നായകൾക്ക് പരിചരണം നൽകി. രണ്ട് നായകളും പുള്ളിപ്പുലിയുടെ പിടിയിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. ഇവയുടെ പരുക്കുകൾ ഗുരുതരമല്ല. പുലിയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി നഗരത്തിൽ ക്യാമറ സ്ഥാപിച്ചതായും നൈറ്റ് പട്രോളിങ് ഏർപ്പെടുത്തിയതായും ഫോറസ്റ്റ് അധികൃതർ വ്യക്തമാക്കി. നഗരത്തിൽ പുലിയിറങ്ങിയതറിഞ്ഞ് പ്രദേശവാസികളും ഭീതിയിലാണ്.
English Summary: Leopard attacks two stray dogs in Mumbai