ADVERTISEMENT

118 വർഷത്തിനിടയിലെ ഏറ്റവും ശൈത്യമേറിയ ദിവസം അനുഭവിച്ചു ഡൽഹി നഗരം. കൂടിയ താപനില 9.4 ഡിഗ്രിയും കുറഞ്ഞതു 2.3 ഡിഗ്രിയുമാണു രേഖപ്പെടുത്തിയത്. മൂടൽമഞ്ഞിനെ തുടർന്നു ഗ്രേറ്റർ നോയിഡയിൽ കാർ കനാലിൽ വീണ് 2 കുട്ടികൾ അടക്കം 6 പേർ മരിച്ചു. കാഴ്ച കുറഞ്ഞതോടെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. 530 വിമാന സർവീസുകൾ വൈകി. 40 വിമാനങ്ങൾ റദ്ദാക്കുകയും 21 എണ്ണം തിരിച്ചു വിടുകയും ചെയ്തു.

മൂടൽമഞ്ഞ് ശക്തമായതോടെ അന്തരീക്ഷ വായുനിലയും ഗുരുതരാവസ്ഥയിലെത്തി. വായുനിലവാര സൂചിക (എക്യുഐ) പലയിടത്തും 400 നു മുകളിലാണ്.1901 നു ശേഷമുള്ള നഗരത്തിലെ ഏറ്റവും തണുപ്പേറിയ ഡിസംബർ ദിവസമായിരുന്നു ഇന്നലത്തേതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ 16 ദിവസമായി 3 ഡിഗ്രിയിൽ താഴെയാണു നഗരത്തിലെ കുറഞ്ഞ താപനില. മൂടൽമഞ്ഞിനെ തുടർന്നു 36 ട്രെയിൻ സർവീസുകൾ 5 മണിക്കൂർ വരെ വൈകി.ഗ്രേറ്റർ നോയിഡയിലെ സമ്പല്ലിൽ ഞായറാഴ്ച രാത്രി 11.30 നാണു കാർ കനാലിൽ വീണത്. 5 പേർക്കു പരുക്കേറ്റു. തണുപ്പിന്റെ കാഠിന്യമേറിയതോടെ ദേശീയ തലസ്ഥാന മേഖലയിലെ സ്കൂളുകൾക്ക് അവധി നൽകി.

വടക്കേ ഇന്ത്യയിലും അതികഠിനമായ തണുപ്പ് തുടരുന്നു. രാജസ്ഥാനില്‍ ജയ്സാല്‍മിര്‍–ജോധ്പുര്‍ ദേശീയപാതയില്‍ രണ്ട് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരുക്കേറ്റു. ഡല്‍ഹിയില്‍ രാവിലെ താപനില 3.7 ഡിഗ്രിയായിരുന്നു. രാജ്യതലസ്ഥാന പ്രദേശത്ത് അന്തരീക്ഷ വായുനിലയും ഗുരുതരാവസ്ഥയിലാണ്. വായുനിലവാര സൂചിക (എക്യുെഎ ) ഡല്‍ഹി ആനന്ദ് വിഹാറില്‍ 431 ആണ്. മറ്റിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ബിഹാര്‍, കിഴക്കന്‍ യുപി എന്നിവിടങ്ങളില്‍ കനത്ത ശൈത്യം അനുഭവപ്പെടുന്നു. പഞ്ചാബ്, ഛണ്ഡീഗഡ്, പടിഞ്ഞാറന്‍ രാജസ്ഥാന്‍, ഹരിയാന, വടക്കുപടിഞ്ഞാറന്‍ മധ്യപ്രദേശ് എന്നിവിടങ്ങളിലും തണുപ്പ് തുടരുന്നു.

English Summary: Delhi's coldest winter in 118 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com