ബെംഗളൂരുവിൽ വീടുകളിൽ നിന്ന് മാലിന്യശേഖരണം തരംതിരിച്ച്; ഓട്ടോ ടിപ്പറുകൾ റെഡി
Mail This Article
ബെംഗളൂരുവിൽ വീടുകളിൽ നിന്ന് മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിന് സൗകര്യങ്ങളുള്ള ഓട്ടോ ടിപ്പറുകൾ ബിബിഎംപി പുറത്തിറക്കി. ആദ്യഘട്ടത്തിൽ ഇവയുടെ സേവനം 4 വാർഡുകളിലാണ് ലഭ്യമാകുന്നത്. മത്തിക്കരെ, ജക്കൂർ, ജോഗുപാളയ, സുഭാഷ്നഗർ വാർഡുകളിലാണ് ഖര, ദ്രവ മാലിന്യങ്ങൾ പ്രത്യേകം വേർതിരിച്ച് സൂക്ഷിക്കാൻ സാധിക്കുന്ന ഓട്ടോ ടിപ്പറുകളുടെ സേവനം അടുത്ത ആഴ്ച മുതൽ ആരംഭിക്കുന്നത്.
ഇൻഡോർ നഗരസഭയിൽ നടപ്പിലാക്കിയ മാലിന്യസംസ്കരണ മാതൃകയിലാണ് ഇത്തരം വാഹനങ്ങൾ ബിബിഎംപി പുറത്തിറക്കിയത്. നിലവിലുള്ള ഓട്ടോ, മിനി ടിപ്പറുകളിൽ മാലിന്യം വേർതിരിച്ച് സൂക്ഷിക്കാനുള്ള സൗകര്യം നിലവിലില്ല. ജനുവരി 1 മുതൽ മാലിന്യം വേർതിരിച്ച് നൽകാത്തവർക്കു പിഴ ചുമത്തുന്നതടക്കമുള്ള നടപടികൾ ബിബിഎംപി ആരംഭിച്ചിരുന്നു.വീടുകളിൽ നിന്നുള്ള മാലിന്യം തരംതിരിച്ചാണ് ഇപ്പോൾ ശേഖരിക്കുന്നതെങ്കിലും വഴിയരികിൽ അനധികൃതമായി തള്ളുന്ന മാലിന്യം തരംതിരിക്കാൻ മാർഗമില്ല.
ആശുപത്രി മാലിന്യം വേർതിരിച്ചില്ല: ഒരു ലക്ഷം രൂപ പിഴ
ആശുപത്രി മാലിന്യം വേർതിരിക്കാതെ നൽകിയതിന് സ്വകാര്യ ആശുപത്രിക്ക് ലക്ഷം രൂപ പിഴ ചുമത്തി ബിബിഎംപി. ജെപി നഗറിലെ മണിപ്പാൽ ആശുപത്രിക്കാണ് പിഴ ചുമത്തിയത്. മെഡിക്കൽ മാലിന്യം സംസ്കരിക്കാതെ ഖരമാലിന്യത്തിനൊപ്പം കൂട്ടിക്കലർത്തി നൽകിയതിനാണ് പിഴ. കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം മെഡിക്കൽ മാലിന്യം അതത് കേന്ദ്രങ്ങളിൽ ശാസ്ത്രീയമായി സംസ്കരിക്കണം.
English Summary: BBMP launches auto tippers to collect waste