ADVERTISEMENT

ഉഭയജീവികളുടെ ത്വക്കിനെ സാരമായി ബാധിക്കുന്ന കൈട്രിഡ് ഫംഗസ് മൂലമുള്ള അണുബാധ ലോകത്താകെമാനമുള്ള തവളകളുടെ എണ്ണത്തിൽ കാര്യമായ കുറവു വരുന്നതിന് കാരണമാകുന്നു. 1993ൽ ക്വീൻസ്‌ലൻഡിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. കൈട്രിഡോമൈകോസിസ് എന്ന ഈ രോഗം എൽ കൊപ് നാഷണൽ പാർക്കിലെ തവളകളെയും ബാധിക്കുമെന്ന് ഗവേഷകർക്ക്  ഉറപ്പായിരുന്നു. അതിനാൽ എൽ കോപിലെ ഉഭയജീവികളെപ്പറ്റി ശേഖരിക്കാവുന്നിടത്തോളം വിവരങ്ങൾ അവർ ശേഖരിച്ചുവച്ചു.

2004ലാണ് എൽ കോപിലെ ഉഭയജീവികളിൽ  രോഗം പൊട്ടിപ്പുറപ്പെട്ടത്. രോഗം പടർന്നതിനുശേഷം തവളകൾ അടക്കമുള്ള ഉഭയജീവികളുടെ എണ്ണത്തിൽ 75% കുറവുണ്ടെന്ന് ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്താൻ സാധിച്ചു. എന്നാൽ ഉഭയ ജീവികളുടെ മാത്രമല്ല  പാമ്പുകളുടെ എണ്ണത്തിലും ഗണ്യമായ കുറവാണുണ്ടായത്. 30 ഇനത്തിൽപ്പെട്ട പാമ്പുകൾ ഉണ്ടായിരുന്ന എല്‍‌ കോപിൽ  രോഗം പടർന്ന ശേഷം 21 ഇനങ്ങളെ മാത്രമേ കണ്ടെത്താൻ സാധിച്ചുള്ളൂ. എന്നാൽ ഇവയുടെ നാശത്തിനു കാരണം രോഗബാധയായിരുന്നില്ല. തവളകൾ അടക്കമുള്ള ജീവികൾ ചത്തൊടുങ്ങിയതിനാൽ വേണ്ടത്ര ഭക്ഷണം ലഭിക്കാതെയാണ് ഇവയിൽ ഏറെയും നശിച്ചതെന്ന് മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രധാന ഗ്രന്ഥകാരനായ എലിസെ സിപ്കിൻ വ്യക്തമാക്കി. 

പാമ്പുകളിളിലേറെയും തവളകളെയോ അവയുടെ മുട്ടകളോ ആണ് ഭക്ഷണമാക്കുന്നത്. അതിനാൽ തവളകളിൽ പടർന്ന രോഗം പാമ്പുകളെയും പ്രതികൂലമായി ബാധിക്കുകയായിരുന്നു. കൈട്രിഡ് ഫംഗസിന്റെ ഉദ്ഭവം കൊറിയൻ ഉപദ്വീപിലായിരുന്നുവെങ്കിലും രോഗംമൂലം ഏറ്റവുമധികം നാശം നേരിട്ടത് ഓസ്ട്രേലിയയിലെയും മധ്യ അമേരിക്കയിലെയും  തവളകളായിരുന്നു. ഏഴ് ഇനത്തിൽപ്പെട്ട ഓസ്ട്രേലിയൻ തവളകൾക്ക്‌ കൈട്രിഡോമൈകോസിസ് രോഗം പിടിപെട്ട് വംശനാശം സംഭവിച്ചു. 37 ഇനങ്ങളിൽ പെട്ടവയുടെ എണ്ണത്തിൽ ഗണ്യമായ കുറവുമുണ്ടായി. 

തൊണ്ണൂറുകളിലാണ് കൈട്രിഡോമൈകോസിസ് രോഗം  തിരിച്ചറിഞ്ഞതെങ്കിലും അതിനു മുൻപും ഉഭയജീവികൾക്ക് രോഗംമൂലം  നാശമുണ്ടായിട്ടുണ്ടെന്നു വേണം കരുതാൻ.1979 ലും 1987 ലും ഓസ്ട്രേലിയയിലെയും കോസ്റ്ററിക്കയിലെയും ചില പ്രധാനവിഭാഗത്തിൽപ്പെട്ട തവളകൾക്ക് വംശനാശം സംഭവിച്ചിരുന്നു. എന്നാൽ അന്ന് അതിന്റെ കാരണം കൃത്യമായി കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇത്തരത്തിൽ തവളകൾക്ക് വംശനാശം സംഭവിച്ചതിന്റെ പരിണിതഫലം പാമ്പുകളുടെ എണ്ണത്തിലുണ്ടായിരുന്നോ എന്നതു സംഭവിച്ച വിവരങ്ങളും  ലഭ്യമല്ല.

തവളകളിൽ നിന്നും തവളകളിലേക്ക് നേരിട്ടോ രോഗപ്രതിരോധശേഷിയുള്ള മറ്റു ജീവികളിലൂടെയോ കൈമാറ്റം ചെയ്യപ്പെട്ടാണ് കൈട്രിഡോമൈകോസിസ് പടർന്നുകൊണ്ടിരിക്കുന്നത്. വിവിധ ഇനത്തിൽപ്പെട്ട ഓസ്ട്രേലിയൻ പാമ്പുകളുടെ എണ്ണവും നാൾക്കുനാൾ കുറഞ്ഞു വരികയാണ്. ഭക്ഷണം ലഭിക്കാത്തതിനു പുറമേ വാസസ്ഥലം നഷ്ടപ്പെടുന്നതും കാലാവസ്ഥയിലുണ്ടാകുന്ന ഗുരുതര മാറ്റങ്ങളുമാണ് ഇതിന് കാരണം.

English Summary: Tropical snake decline linked to deadly frog disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com