ADVERTISEMENT

കെനിയയിൽ ഉണ്ടായിരുന്ന വെള്ള ജിറാഫിനെയും കുഞ്ഞിനെയും  വേട്ടക്കാർ കൊന്നതായി മൃഗസംരക്ഷണ പ്രവർത്തകർ. കിഴക്കൻ കെനിയയിലെ ഗരീസാ എന്ന പ്രദേശത്തു നിന്നുമാണ് രണ്ടു ജിറാഫുകളുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതോടെ ഇനി ഒരേയൊരു വെള്ള ജിറാഫ് മാത്രമാണ് ലോകത്ത് അവശേഷിക്കുന്നത്.

2017ൽ വെള്ള ജിറാഫുകളുടെ ചിത്രം പകർത്തിയതോടെയാണ് അവയെപ്പറ്റിയുള്ള വാർത്ത ലോകമെങ്ങും പ്രചരിച്ചത്. കൊല്ലപ്പെട്ട രണ്ടു ജിറാഫുകളെയും മൂന്ന് മാസം മുൻപാണ് അവസാനമായി കണ്ടതെന്ന് ഇഷാഖ്ബിനി കമ്മ്യൂണിറ്റി കൺസർവൻസിയുടെ മാനേജറായ മുഹമ്മദ് അഹ്മദ്നൂർ വ്യക്തമാക്കി. വളരെ വിശാലമായ സംരക്ഷണ മേഖലയിലാണ് ജിറാഫുകൾ ജീവിച്ചിരുന്നത്. ഇൗ മേഖലയിൽ നിരവധി ഗ്രാമങ്ങളുമുണ്ട്. അതിനാൽ ആരാണ് ജിറാഫുകളുടെ കൊലയ്ക്കു പിന്നിലെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.

ജിറാഫുകളുടെ അസ്ഥികൂടങ്ങൾ മാത്രമാണ് കണ്ടെത്താനായത്. അതിനാൽ ഇവ കൊല്ലപ്പെട്ടിട്ട് ഒന്നിലധികം മാസങ്ങളായെന്നാണ് വിലയിരുത്തുന്നത്. വെള്ള ജിറാഫുകളുടെ ജനിതക ഘടനയെക്കുറിച്ചുള്ള ഗവേഷണങ്ങൾ തുടരുന്നതിനിടെയാണ് ഈ സംഭവം. മുൻപോട്ടുള്ള ഗവേഷണങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാണു സൃഷ്ടിച്ചിരിക്കുന്നത്. ഇതിനു പുറമേ വെള്ള ജിറാഫുകളുടെ സാന്നിധ്യം പ്രദേശത്തെ ടൂറിസം മേഖലയ്ക്കും ഗുണകരമായിരുന്നു.

ത്വക്കിലെ കോശങ്ങൾക്ക് നിറങ്ങളില്ലാത്ത ല്യൂസിസം എന്ന അവസ്ഥ മൂലമാണ് ഈ ജിറാഫുകൾ വെള്ള നിറത്തിൽ കാണപ്പെടുന്നത്. കൊല്ലപ്പെട്ട വെള്ള ജിറാഫിന്റെ ഒരു കുഞ്ഞു മാത്രമാണ് ഇനി ഇവയുടെ വർഗത്തിൽ അവശേഷിക്കുന്നത്. ഇവയുടെ കൊലയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ അധികൃതർ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

English Summary: Incredibly rare white giraffe and her calf shot dead by poachers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com