ഇന്നലെ മാത്രം 6 ഭൂചലനങ്ങൾ; ഇടുക്കിയിലെ ചെറുചലനങ്ങൾ നൽകുന്ന സൂചന?
Mail This Article
തുടർഭൂചലനങ്ങളിൽ നടുങ്ങിവിറച്ച് ഇടുക്കി ജില്ല. ഇന്നലെ മാത്രം 6 ഭൂചലനങ്ങളാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 27ന് ഉച്ചയ്ക്ക് 2.33നാണ് ഇടുക്കിയിൽ തുടർച്ചയായി ഉണ്ടാകുന്ന ഭൂചലനങ്ങൾക്കു തുടക്കമായത്. അന്നു രാത്രി 10.15നും സമാനമായ മുഴക്കം പ്രദേശത്ത് പലയിടത്തും അനുഭവപ്പെട്ടെങ്കിലും ഇതും റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ 10 മിനിറ്റിനു ശേഷം 10.25 ന് ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 2 രേഖപ്പെടുത്തി. തുടർന്ന് 28 ന് രാത്രി 7.22 ന് ഭൂമി വീണ്ടും വിറച്ചു.
റിക്ടർ സ്കെയിലിൽ 1.5 തീവ്രത രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവ കേന്ദ്രം ഇടുക്കി അണക്കെട്ടിനെ ബന്ധിപ്പിച്ച കുറത്തി മല കേന്ദ്രീകരിച്ചായിരുന്നു. ഭൂചലനത്തിന്റെ പ്രകമ്പനം 15 മുതൽ 30 സെക്കൻഡ് വരെ നീണ്ടു നിന്നു. പിറ്റേന്ന് 29 ന് ഉണ്ടായ ഭൂചലനം രാവിലെ 6.42 ന് ആയിരുന്നു. റിക്ടർ സ്കെയിലിൽ .3 തീവ്രതയാണ് ഇതിനു രേഖപ്പെടുത്തിയത്. ഈ മാസം 1 ന് തുടർച്ചയായ നാലാം ദിവസവും ഇടുക്കി അണക്കെട്ടിനു സമീപ പ്രദേശങ്ങളിൽ ഭൂചലനത്തിനു സമാനമായ മുഴക്കവും നേരിയ പ്രകമ്പനവും അനുഭവപ്പെട്ടു.
രാവിലെ 5.50നും 6.22 നും അനുഭവപ്പെട്ട പ്രകമ്പനം പക്ഷേ റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയിരുന്നില്ല. തുടർന്ന് 4 ന് ആയിരുന്നു കുറത്തി മല കേന്ദ്രീകരിച്ച് വീണ്ടും ഭൂമി വിറച്ചത്. രാവിലെ 7.44 ന് ആണ് റിക്ടർ സ്കെയിലിൽ 1.4 രേഖപ്പെടുത്തിയ ചലനം ഉണ്ടായത്. നേരിയ മുഴക്കത്തിന്റെ അകമ്പടിയോടെ എത്തിയ ചലനം 20 സെക്കൻഡുകൾ മാത്രം നീണ്ടു നിന്നു. തുടർന്ന് 8.30 നും 11.40 നും നേരിയ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും റിക്ടർ സ്കെയിലിൽ തീവ്രത രേഖപ്പെടുത്തിയിരുന്നില്ല.
ആശങ്ക വേണ്ട
റിക്ടർ സ്കെയിലിൽ 6 ന് മുകളിൽ രേഖപ്പെടുത്തുന്ന ചലനങ്ങൾ മാത്രമേ ആശങ്കയ്ക്ക് ഇടയാക്കുകയുള്ളൂ എന്നും മുൻകരുതൽ നടപടികൾ ആവശ്യമില്ലെന്നും കെഎസ്ഇബി ഗവേഷണ കേന്ദ്രം. കട്ടപ്പന – നെടുങ്കണ്ടം – കമ്പം ഭ്രംശമേഖല കേന്ദ്രീകരിച്ചാണ് ഇപ്പോൾ ചലനം ഉണ്ടായിരിക്കുന്നത്. 1988 ജൂൺ 7 ന് നെടുങ്കണ്ടം ഭ്രംശ മേഖലയിൽ റിക്ടർ സ്കെയിലിൽ 4.5 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. അന്നു തന്നെ 4.2 ഉം പിറ്റേന്ന് 3.5 ഉം തീവ്രത രേഖപ്പെടുത്തിയ തുടർ ചലനങ്ങളും ഉണ്ടായി. തുടർന്ന് രണ്ട് മാസത്തിനു ഉള്ളിൽ 3.23, 2.80, 2.13 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ 3 ചലനങ്ങൾ കൂടി ഉണ്ടായതിനു ശേഷമാണ് ഈ പരമ്പര അവസാനിച്ചത്.
കേരളത്തിന്റെ ഭൗമാന്തർഭാഗം സജീവമാകുന്നു
ഏകദേശം 10 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കേരളത്തിന്റെ ഭൗമാന്തർഭാഗം സജീവമാകുന്നതായി ഗവേഷകർ. ഇടുക്കിയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്ന ഭൂചലനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വിലയിരുത്തൽ. എന്നാൽ ഇത് വൻഭൂചലനത്തിലേക്കു നയിക്കാനുള്ള സാധ്യത കുറവായതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.
ഇടുക്കി, മുല്ലപ്പെരിയാർ ഉൾപ്പെടുന്ന കേരള – തമിഴ്‌നാട് അതിർത്തിയിൽ പെരിയാർ, കമ്പം തുടങ്ങിയ ഭ്രംശ മേഖലകൾ സജീവമാണ്. ഇടുക്കി അണക്കെട്ട് ഈ മേഖലയ്ക്ക് സൃഷ്ടിക്കുന്ന സമ്മർദം ഇതിനു പുറമേ. പത്തും ഇരുപതും വർഷം കൂടുമ്പോൾ ഇവ സജീവമാകുകയും പിന്നീട് നിർജീവമാകുകയും ചെയ്യുന്നത് പതിവാണ്. ഇപ്പോൾ സംഭവിക്കുന്നതും അതുതന്നെ. എന്നാൽ ഇടയ്ക്ക് ഇത്തരം ചെറുചലനങ്ങൾ ഭൗമാന്തർ ഭാഗത്തെ സമ്മർദം കെട്ടി നിൽക്കാതെ പുറത്തേക്കു വിടുന്നതിനു സഹായകമാണ്. റിക്ടർ സ്കെയിലിൽ രണ്ടോ മൂന്നോ തീവ്രതയുള്ള ചലനങ്ങളായി അവ അനുഭവപ്പെടുമ്പോൾ നാശനഷ്ടം ഒഴിവാകും. എന്നാൽ ഏറെക്കാലം ഊർജം കെട്ടിനിന്ന് ഒരുമിച്ചു പുറത്തേക്കു വന്നാൽ വൻ ഭൂചലനത്തിലേക്കു നയിക്കും. ഇത് വൻ ദുരന്തമായി മാറുമെന്നു ദേശീയ ഭൗമശാസ്ത്ര കേന്ദ്രം മുൻ ഗവേഷകൻ ജോൺ മത്തായി അഭിപ്രായപ്പെട്ടു. വരാൻ പോകുന്ന ചലനത്തെപ്പറ്റി ഹാം റേഡിയോ ഓപ്പറേറ്റർമാരും മൊബൈൽ സിഗ്നൽ നിരീക്ഷിക്കുന്നവരും ചില സൂചനകൾ നേരത്തേ നൽകിയിരുന്നതായി ഈ മേഖലയിലെ വിദഗ്ധർ പറയുന്നു.
ഈ ഭൂചലനങ്ങൾ അണക്കെട്ടു പ്രേരിതം മാത്രമാകാൻ സാധ്യതയില്ലെന്ന് എൻസെസിലെ മുൻ ഗവേഷകനായ ഡോ. സോമൻ അഭിപ്രായപ്പെട്ടു. പ്രളയവും അനുബന്ധ ഭൗമ അവശിഷ്ടങ്ങളായ മണ്ണും പാറയും ചലിച്ചു മാറിയതിന്റെ നേരിയ പ്രതിഫലനം ഉണ്ടായേക്കാം. അതു പഠന വിധേയമാക്കണം. എന്നാൽ പ്രകൃതിദത്തമായ ചലനം ആകാനാണ് കൂടുതൽ സാധ്യത. നിർജീവ അവസ്ഥയിൽനിന്ന് കേരളം വീണ്ടും സജീവ അവസ്ഥയിലേക്കു നീങ്ങുന്നു എന്നതാണ് ഇടുക്കിയിലെ ചെറുചലനങ്ങൾ നൽകുന്ന സൂചന.
ഇന്ത്യയുടെ ഭൂകമ്പ സാധ്യതാ ഭൂപടത്തിൽ മൂന്നാം മേഖലയിലാണ് കേരളം. ഇതിനർഥം ഇടയ്ക്കു ചലനങ്ങൾക്ക് ഇവിടെ സാധ്യതയുണ്ടെന്നു തന്നെയാണ്. തമിഴ്നാടിനേക്കാൾ ചലന സാധ്യത കൂടുതലാണ് കേരളത്തിൽ. എന്നാൽ ഇതനുസരിച്ചു നിർമാണ ചട്ടങ്ങളിൽ മാറ്റം വരുത്താൻ സംസ്ഥാനം സജ്ജമായിട്ടില്ല. ഭൂചലനം ഔദ്യോഗികമായി അളക്കേണ്ട കാലാവസ്ഥാ വകുപ്പ് മൂന്നിൽ താഴെ ശക്തിയുള്ള ചലനങ്ങളുടെ കണക്കെടുക്കുന്നുമില്ല. ഇത് ഭൂകമ്പ സ്ഥിതിവിവരക്കണക്കുകളുടെ അഭാവത്തിലേക്കു നയിക്കുന്നു. കേന്ദ്രവുമായി ചേർന്ന് കൃത്യമായ ദുരന്ത നിവാരണ പദ്ധതി ആവിഷ്‌ക്കരിക്കാൻ സംസ്ഥാനത്തിനു കഴിയാതെ പോകുന്നു. ശക്തി കൂടിയ ചലനം വന്നാലും പ്രതിരോധിക്കാവുന്ന തരത്തിലുള്ള ചട്ടങ്ങൾ സംസ്ഥാനത്തു രൂപീകരിക്കണം.
എപ്പോഴും താഴ്‌വരയെക്കാൾ ഭൂകമ്പ സാധ്യത കൂടുതൽ മലയോര മേഖലയിലാണ്. ഇതനുസരിച്ചുള്ള കെട്ടിട നിർമാണച്ചട്ടം ഇടുക്കി- മൂന്നാർ പ്രദേശം ഉൾപ്പെടുന്ന ഹൈറേഞ്ചിൽ നടപ്പാക്കണം. ഇടുക്കി എൻജിനീയറിങ് കോളജിന്റെയും മറ്റും പ്ലാൻ വിദഗ്ധ നിർദേശ പ്രകാരം മാറ്റിയത് ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ്. അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ചും നിരന്തര നിരീക്ഷണം ആവശ്യമാണ്. ഭൂചലനം സംബന്ധിച്ച കണക്കുകൾ കെ എസ് ഇ ബി പഠന വിധേയമാക്കണം.
ഇത്തരം ചലനങ്ങളിൽ അസ്വഭാവികത ഇല്ല. അണക്കെട്ടുകൾ കേന്ദ്രീകരിച്ചുള്ള ഭൂചലനങ്ങൾ മാത്രമേ വൈദ്യുതി വകുപ്പിന്റെ ഗവേഷണ വിഭാഗം നടത്തുന്നുള്ളു. ഭൗമ പഠന കേന്ദ്രമോ, കാലാവസ്ഥാ പഠന കേന്ദ്രമോ ആണ് ഇപ്പോൾ ആവർത്തിച്ച് ഉണ്ടാകുന്ന ഇത്തരം ഭൂചലനങ്ങളെക്കുറിച്ചു പഠനം നടത്തേണ്ടത്. തുടർചലനങ്ങൾ ഇടുക്കി, ചെറുതോണി അണക്കെട്ടുകളെ ഒരുതരത്തിലും ബാധിക്കില്ല. ഇത്തരം ചലനങ്ങൾ മുൻകൂട്ടി കണ്ടാണ് ബൃഹത്തായ അണക്കെട്ടുകളുടെ നിർമാണം നടത്തിയിരിക്കുന്നതെന്നും കെഎസ്ഇബി ഗവേഷണ വിഭാഗം പറഞ്ഞു.
മന്ത്രി എം.എം.മണി റിപ്പോർട്ട് തേടി
ഹൈറേഞ്ച് മേഖലയിലെ തുടർ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി എം.എം.മണി കെഎസ്ഇബി ഗവേഷണ വിഭാഗത്തിൽ നിന്നു റിപ്പോർട്ട് തേടി. ഭൂചലനമുണ്ടായ സ്ഥലങ്ങളിൽ ഇന്നു മന്ത്രി എം.എം.മണി സന്ദർശനം നടത്തും. ഇടുക്കിയിൽ തുടർച്ചയായി ഉണ്ടാകുന്ന ഭൂചലനങ്ങളെ കുറിച്ച് പഠിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര ജല കമ്മിഷനു കത്തു നൽകിയിരുന്നതായി ഡാം സുരക്ഷാ വിഭാഗം ചീഫ് എൻജിനീയർ എസ്. സുപ്രിയ പറഞ്ഞു.
English Summary: Earthquakes on Idukki dam premises