മനുഷ്യനുള്‍പ്പെടെ എല്ലാ ജീവികളുടെയും വിരലുകളുടെ ഉറവിടം ഈ പൗരാണിക മത്സ്യം!
Mail This Article
ഭൂമിയിലെ നാല് കാലുള്ള എല്ലാ ജീവികള്‍ക്കും തന്നെ പൊതുവായുള്ളതാണ് വിരലുകള്‍. നാല് കാലുകളായി, അല്ലെങ്കില്‍ രണ്ട് കൈകളും രണ്ട് കാലുളുമായി പ്രവര്‍ത്തിക്കുന്ന അവയവങ്ങളില്‍ ഓരോന്നിലും അഞ്ച് വിരലുകള്‍ വീതം കാണാനാകും. വിരലുകള്‍ പല വിധത്തിലാണ് ജീവികളെ അതിജീവനത്തിനായി സഹായിക്കുന്നത്. അതേസമയം തന്നെ ഇങ്ങനെ അതിജീവനത്തിന്‍റെ ഭാഗമായി ഉടലെടുത്ത വിരലുകള്‍ പരിണാമത്തിന്‍റെ ഏതു ഘട്ടത്തിലാണ് രൂപപ്പെട്ടതെന്ന അന്വേഷണത്തിലായിരുന്നു ഗവേഷകലോകം ഇത്ര നാളും.
ഏതാണ്ട് 38 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ഒരു മത്സ്യത്തിന്‍റെ ചിറകുകള്‍ ഇപ്പോള്‍ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ സഹായിച്ചിരിക്കുകയാണ്. പ്രത്യേകിച്ചും കൈകളിലും കാലുകളിലുമായി അഞ്ച് വിരലുകള്‍ വീതം വന്നതെങ്ങനെയെന്ന കൗതുകമുണര്‍ത്തുന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഈ മത്സ്യത്തിന്‍റെ ഫോസിലില്‍ നിന്ന് ലഭിച്ച തെളിവുകള്‍ ഗുണം ചെയ്യുമെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. ഓസ്ട്രേലിയയിലെ ഫ്ലിന്‍ഡേഴ്സ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ മത്സ്യത്തിന്‍റെ ഫോസിലുകള്‍ പഠന വിധേമാക്കിയത്.
പരിണാമഘട്ടത്തില്‍ നിര്‍ണായകമായ വിരലുകളുടെ ഉദ്ഭവം സംബന്ധിച്ച തെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്ന് ഫ്ലിന്‍ഡേഴ്സ് സര്‍വകലാശാലയിലെ പാലിയന്‍റോളജിസ്റ്റായ ജോണ്‍ ലോങ് പറയുന്നു. ഇതിനു കാരണം എല്‍പറ്റോസ്റ്റേജ് വാട്സോണി എന്ന വിഭാഗത്തില്‍ പെട്ട ഈ മത്സ്യത്തിന്‍റെ ഫോസില്‍ തന്നെയാണ്. ഈ മത്സ്യത്തിന്‍റെ ചിറകുകളിലാണ് ഈ രഹസ്യം ഒളിച്ചിരിക്കുന്നത്. ചിറകുകളുടെ ഭാഗമായിട്ടുള്ള അസ്ഥികളില്‍ വിരലുകളായി വേര്‍പെടാന്‍ തുടങ്ങിയതിന്‍റെ ലക്ഷണങ്ങള്‍ വ്യക്തമാണെന്ന് ലോങ് പറയുന്നു.
കൈകാലുകലുള്ള ജീവികളായ ടെട്രാപോഡുകളുടെ പൂര്‍വികരായാണ് ഈ മത്സ്യങ്ങളെ ലോങ്ങും സഹപ്രവര്‍ത്തകനും കാനഡയിലെ റിമോസ്കി സര്‍വകലാശാല ഗവേഷകനായ റിച്ചാര്‍ഡ് ക്ലോഷറും വിലയിരുത്തുന്നത്. കൈകാലുകളുടെയും ഇതോടൊപ്പം വിരലുകളുടെയും ഉദ്ഭവം ജീവികളില്‍ ഉണ്ടായതിന് പിന്നിലെ രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ ഈ മത്സ്യത്തെ കുറിച്ചുള്ള പഠനം സഹായിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. 2010 ലാണ് ഏതാണ്ട് ഒന്നര മീറ്റര്‍ നീളമുണ്ടായിരുന്നു എന്നു കരുതുന്ന ഈ മത്സ്യത്തിന്‍റെ ഫോസില്‍ കണ്ടെത്തുന്നത്.
ഫോസിലിന്‍റെ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ വേണ്ടി ഫോസില്‍ കണ്ടെത്തിയ അതേ പാറയില്‍തന്നെയാണ് ഇപ്പോഴും ലാബില്‍ ഇത് സൂക്ഷിക്കുന്നത്. ഈ ഫോസിലില്‍ തന്നെയാണ് ഗവേഷക സംഘം തങ്ങളുടെ പഠനങ്ങള്‍ നടത്തുന്നതും. കാനഡയിലെ ക്യൂബക്കില്‍ നിന്നാണ് ഈ ഫോസില്‍ ഗവേഷകര്‍ കണ്ടെത്തിയത്. സി.ടി സ്കാനിംഗ് ഉള്‍പ്പടെയുള്ള സാങ്കേദിക വിദ്യയുടെ സഹായത്തോടെ ഈ മത്സ്യത്തിന്‍റെ ഫോസിലിനെ കുറിച്ചുള്ള പഠനം വിശദമായ തോതില്‍ ഇപ്പോള്‍ ആരംഭിച്ചിട്ടേയുള്ളൂ എന്നും ലോങ് പറയുന്നു.
ഫോസിലിന്‍റെ പുറമെയുണ്ടായിരുന്നു പുറം വസ്തുക്കളും മാലിന്യങ്ങളുമെല്ലാം നീക്കം ചെയ്യാനെടുത്ത സമയമാണ് പഠനം പത്ത് വര്‍ഷത്തോളം താമസിക്കാന്‍ ഇടയാക്കിയത്. പഠനത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ നടത്തിയ സിടിയിലാണ് മുന്‍ പിന്‍ ചിറകുകളിലെ വിരലുകളുടെ വേര്‍പെടല്‍ വ്യക്തമായത്. എല്‍പ്പിസ്റ്റോസ്റ്റേജ് മത്സ്യത്തിന്‍റെ ചിറകുകളില്‍ കണ്ടെത്തിയെ ഈ വേര്‍പെടലും ടെട്രാപോഡുകളിലെ കൈകാലുകളിലെ വിരലിന്‍റെ രൂപവും തമ്മില്‍ അസാധാരമായ സാദൃശ്യമുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാരണം കൊണ്ട് തന്നെയാണ് കരയിലെ ജീവികളില്‍ വിരലുകള്‍ രൂപപ്പെടുന്നിതിനു കാരണമായ പരിണാമത്തിന്‍റെ ദിശയില്‍ നിര്‍ണായക ജീവികളായി ഈ മത്സ്യങ്ങളെ ഇപ്പോള്‍ കണക്കാക്കുന്നതും.
ഈ മത്സ്യത്തിന്‍റെ ചിറകുകള്‍ക്ക് അടിയില്‍ കാണപ്പെട്ട വിടവുകളുള്ള അസ്ഥികള്‍ യഥാർത്ഥ വിരലുകളുടെ സവിശേഷതയുള്ളവ യായിരുന്നില്ലെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. ഈ അസ്ഥികള്‍ക്ക് സ്വതന്ത്രമായി ചലിക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല. കാരണം ഇവ പുറമെ പൂര്‍ണമായും പേശികളാല്‍ മൂടപ്പെട്ടിരുന്നു. പക്ഷേ മുന്‍പ് കണ്ടെത്തിയ ഒരു മത്സ്യത്തിലും ഇത്തരത്തിലുള്ള വിടവുകള്‍ ചിറകിനടിയില്‍ കാണപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെയാണ് ഈ ജീവിയെ മത്സ്യങ്ങളെയും ടെട്രാപോഡുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായി വിലയിരുത്തുന്നതും.
English Summary: This Ancient Fish Represents The Earliest Known Evolutionary Evidence of Fingers