കിട്ടിയത് 22 പെരുമ്പാമ്പിൻ മുട്ടകൾ; കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയത് 18 മണിക്കൂറിനിടയിൽ, അപൂർവ ദൃശ്യങ്ങൾ
Mail This Article
പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങൾ മുട്ടവിരിഞ്ഞു പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ കൗതുകമാകുന്നു. 29 ദിവസം മുൻപ് കാവാലത്തിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് 22 പാമ്പിൻ മുട്ടകൾ വനംവകുപ്പിനു കിട്ടിയത്. പറമ്പിൽ പെരുമ്പാമ്പിനെ കണ്ടെന്ന് നാട്ടുകർ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തള്ളപെരുമ്പാമ്പിനെയും 22 മുട്ടകളെയും കണ്ടെത്തിയത്. 7 വയസ്സുള്ള പെൺ പാമ്പിന് 9 അടി നീളമുണ്ടായിരുന്നു. ഇതിനെ എരുമേലി വനത്തിൽ തുറന്നുവിട്ടു.
അന്നു മുതൽ പ്രത്യേകം ക്രമീകരിച്ച ചില്ലുകൂട്ടിൽ പാറമ്പുഴ വനം വകുപ്പിന്റെ ഓഫിസിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു മുട്ടകൾ. കഴിഞ്ഞ ദിവസമാണ് പാമ്പിന്റെ മുട്ടകൾ വിരിഞ്ഞു തുടങ്ങിയത്. 62 മുതൽ 74 ദിവസം വരെയാണു സാധാരണ പെരുമ്പാമ്പിന്റെ മുട്ട വിരിയാനെടുക്കുന്നത്. എന്നാൽ, 29 ദിവസം പിന്നിട്ടതോടെ മുട്ട വിരിയുന്ന ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയതെന്നു വനം വകുപ്പ് വാച്ചർ അബീഷ് പറഞ്ഞു.
ആദ്യ കുറച്ചു ദിവസം ഇവയ്ക്കു സ്വയം ഇരപിടിക്കാൻ സാധിക്കില്ല. പല്ലി, പാറ്റ തുടങ്ങിയവയെ ഭക്ഷണമായി നൽകും. ഒരാഴ്ചയ്ക്കു ശേഷം വിവിധ കാടുകളിൽ തുറന്നുവിടും. 18 മണിക്കൂറിനിടയിലാണ് പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ മുഴുവനും വിരിഞ്ഞിറങ്ങിയത്. കേരളത്തിൽ കാണപ്പെടുന്ന ഏറ്റവും വലിയ പാമ്പാണ് ഇന്ത്യൻ റോക്ക് പൈതൺ എന്നറിയപ്പെടുന്ന ഈ പാമ്പുകൾ. വിഷമില്ലാത്തയിനം പാമ്പുകളാണിവ.
ശരാശരി 6 മീറ്ററോളം നീളവും 90 കിലോയോളം ഭാരവും വയ്ക്കുന്നവയാണ് ഈ പാമ്പുകൾ. പക്ഷികളും ചെറുജീവികളുമൊക്കെയാണ് ഇവയുടെ ആഹാരം. ഒത്തുകിട്ടിയാൽ മാൻ പോലുള്ള വലിയ ഇരകളേയും ഇവ ഭക്ഷണമാക്കും. മാസങ്ങളോളം ഭക്ഷണം കഴിക്കാതെ ജീവിക്കാനും ഇവയ്ക്കു കഴിയും.
മഴക്കാലത്താണ് ഇവ സാധാരണയായി മുട്ടയിടുന്നത്. ഏകദേശം രണ്ട് മാസക്കാലമാണ് പെൺ പാമ്പ് അടയിരിക്കുക. പാമ്പിൻ കുഞ്ഞുങ്ങളുടെ വായിൽ കൂർത്ത പല്ലുകളുണ്ട്. ഈ പല്ലുകളുപയോഗിച്ച് മുട്ട പൊട്ടിച്ചാണ് ഇവ പുറത്തുവരുന്നത്. അനധികൃത വേട്ടയാടലാണ് ഇവ നേരിടുന്ന പ്രധാന ഭീഷണി. അതുകൊണ്ട് തന്നെ ഇവ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ഗണത്തിലാണ്.
English Summary: Indian Rock Python eggs hatched at Parampuzha