വ്യാപകനാശം വിതച്ച വെട്ടുകിളികൾ മലപ്പുറത്തും; കണ്ടെത്തിയ വെട്ടുകിളികൾ ഏകാന്തഘട്ടത്തിൽ
Mail This Article
ഉത്തരേന്ത്യയിൽ വ്യാപകനാശം വരുത്തിയ വെട്ടുകിളികൾ മലപ്പുറത്തും. ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചൂളാട്ടിപ്പാറയിൽ സുരേഷ് കുമാറിന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ ബുധനാഴ്ച വെട്ടുകിളിയെ (ഡെസെർട്ട് ലോക്കസ്റ്റ്) കണ്ടത്. സംശയം തോന്നിയ കർഷകൻ കൃഷിവകുപ്പിനെ സമീപിക്കുകയായിരുന്നു. കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രഫസർ ഗവാസ് രാഗേഷ്, മണ്ണുത്തി കാർഷിക സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസർ ബെറിൻ പത്രോസ് എന്നിവർ ഇത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാണുന്ന അതേ ഇനത്തിൽപെട്ട വെട്ടുകിളികൾ തന്നെയാണെന്നു സ്ഥിരീകരിച്ചു. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സമീപസ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും കൂടുതൽ എണ്ണത്തെ കണ്ടെത്താനായിട്ടില്ല. പരിശോധനകൾക്ക് കൃഷി ഓഫിസർമാരായ യു.റൈഹാനത്ത്, ടി.നജ്മുദ്ദീൻ, കൃഷി അസിസ്റ്റന്റ് എൻ.അനൂപ് എന്നിവർ നേതൃത്വം നൽകി.
കർഷകർ ഭയപ്പെടേണ്ട
ഊർങ്ങാട്ടിരിയിൽ കണ്ടെത്തിയ വെട്ടുകിളികൾ ഏകാന്തഘട്ടം (സോളിറ്ററി ഫേസ്) എന്ന അവസ്ഥയിലാണ്. ഇത്തരത്തിലുള്ളവ കേരളത്തിൽ സാധാരണയായി കാണപ്പെടുന്നതാണെന്നും കർഷകർ ഭയപ്പെടേണ്ടതില്ലെന്നും വിദഗ്ധർ പറയുന്നു. എന്നാൽ ഇവയെ ശ്രദ്ധയിൽപെട്ടാൽ കൃഷിഭവനെ അറിയിക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർ പി.ടി. ഗീത പറഞ്ഞു.
വെട്ടുകിളി ഭീകരൻ
കൈവെള്ളയിൽ ഒതുങ്ങുമെങ്കിലും വെട്ടുകിളിയെന്ന ഭീകരൻ ഏക്കറുകണക്കിന് കൃഷിയിടങ്ങളിലെ വിളകൾ അപ്രത്യക്ഷമാക്കാൻ പോന്നവനാണ്. രാജസ്ഥാനിൽ ഇക്കൊല്ലം ഫെബ്രുവരി വരെ തുടർന്ന ആക്രമണത്തിൽ 12 ജില്ലകളിലായി 6,70,000 ഹെക്ടർ സ്ഥലത്തെ കൃഷിയാണു നശിപ്പിക്കപ്പെട്ടത്. വളരെ പെട്ടെന്നാണ് ഇവയുടെ വംശവർധന. ഒരു വെട്ടുകിളിക്ക് 300 മുട്ടകൾ വരെ ഇടാനാകും. വെട്ടുകിളിക്കൂട്ടത്തിന് ഒരു ദിവസം കൊണ്ട് 3.4 കോടി മനുഷ്യർക്കാവശ്യമായ ധാന്യവും മറ്റും തിന്നുതീർക്കാൻ കഴിയുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആൻഡ് അഗ്രികൾചർ ഓർഗനൈസേഷൻ (എഫ്എഒ) വിലയിരുത്തൽ.
തെക്ക് പടിഞ്ഞാറൻ കാറ്റ് ദുർബലമായാൽ വെട്ടുകിളികൾ കേരളത്തിലെത്തും
കാലവർഷത്തോടനുബന്ധിച്ചുള്ള തെക്കുപടിഞ്ഞാറൻ കാറ്റ് ദുർബലമാവുകയോ ദിശ മാറുകയോ ചെയ്താൽ 1954ലെ പോലെ വെട്ടുക്കിളി ആക്രമണം കേരളത്തിലുമുണ്ടാകാമെന്നും സംസ്ഥാനം ജാഗ്രത പാലിക്കണമെന്നും കേരള കാർഷിക സർവകലാശാല. https://earth.nullschool.net/ എന്ന വെബ്സൈറ്റിൽ കാറ്റിന്റെ ദിശ മാറുന്നുണ്ടോ എന്നു നിരീക്ഷിക്കണം. കേരളത്തിലേക്കു വെട്ടുക്കിളിക്കൂട്ടം എത്തുകയാണെങ്കിൽ പാലക്കാട് ജില്ലയിലെ അതിർത്തിഗ്രാമങ്ങളിലൂടെയാകുമെന്നും അവിടെ നിരീക്ഷണം ശക്തമാക്കണമെന്നുമാണ് സർവകലാശാലയുടെ നിർദേശം.
ശ്രദ്ധിക്കുക:
∙വെട്ടുക്കിളി ബാധ രൂക്ഷമായി വിളകളെ നശിപ്പിക്കുന്ന ഘട്ടം വന്നാൽ, സസ്തനികൾക്കു വിഷവീര്യം കുറവുള്ള സിന്തറ്റിക് പൈറത്രോയ്ഡ് വിഭാഗത്തിൽപ്പെട്ട കീടനാശിനികൾ ഉപയോഗിക്കാം.
∙ഡെൽറ്റാമെത്രിൻ, ഫെൻവാലറേറ്റ്, ലാംടസൈഹാലോത്രിൻ എന്നീ കീടനാശിനികൾ ശുപാർശ ചെയ്യാം. വേപ്പധിഷ്ഠിത കീടനാശിനികളും പ്രയോഗിക്കാം
∙4000 ഏക്കർ സ്ഥലത്തേക്ക് 2000 ലീറ്റർ കീടനാശിനി ഉപയോഗിക്കാം.
∙ഇവ തളിക്കുന്നതിനു ജനവാസിമില്ലാത്തിടത്തെ പാടശേഖരങ്ങളിൽ ഡ്രോണുകളും മറ്റിടങ്ങളിൽ യന്ത്രവൽകൃത സ്പെയറുകളും ഉപയോഗിക്കാം.
∙ലഭ്യമായ ഡ്രോണുകളുടെയും സ്പെയറുകളുടെയും വിവരം ശേഖരിച്ചു വയ്ക്കണം.
∙കൃഷി വകുപ്പിനു കീഴിലുള്ള യന്ത്രവൽകൃത സ്പെയറുകളിൽ പ്രവർത്തനക്ഷമമല്ലാത്തത് അറ്റകുറ്റപ്പണി നടത്തണം
∙ജനവാസ കേന്ദ്രങ്ങളിലും സമീപ പ്രദേശങ്ങളിലും 3000 പിപിഎം അസാഡിറാക്ടിൻ അടങ്ങിയിട്ടുള്ള കീടനാശിനി 5–10 മില്ലി 1 ലീറ്റർ വെള്ളത്തിൽ കലക്കി തളിക്കാംവെട്ടുക്കിളി മണ്ണിൽ മുട്ടയിടുകയോ പെറ്റു പെരുകുകയോ ചെയ്യുകയാണെങ്കിൽ മാത്രം മെറ്റാറൈസിയം എന്ന മിത്ര കുമിൾ ഉപയോഗിക്കാം.
∙മണ്ണിളക്കി കൊടുക്കുന്നതു മുട്ട നശിപ്പിക്കാൻ സഹായിക്കും
English Summary: Kerala: Experts call for monitoring desert locust