പാമ്പിന്റേതിനു സമാനമായ കാലുകൾ; പാറയിലൂടെ ഇഴഞ്ഞിറങ്ങുന്ന വിചിത്ര ജീവി, കൗതുക ദൃശ്യം!
Mail This Article
പാമ്പിന്റേതിനു സമാനമായ ശരീരഭാഗങ്ങളുള്ള വിചിത്ര ജീവിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അമ്പരപ്പ് സൃഷ്ടിക്കുന്നത്. കാലുകൾ പോലെ തോന്നിക്കുന്ന ശരീരഭാഗങ്ങൾ പാമ്പിന്റെ ശരീരം പോലെയാണ് ഒറ്റ നോട്ടത്തിൽ തോന്നുക. ശരീര ഭാഗത്തോട് ചേർന്ന നിലയിലയിൽ 5 കാലുകൾ പോലുള്ള ഭാഗങ്ങളാണ് വിചിത്ര ജീവിക്കുള്ളത്.
പാറക്കെട്ടിലൂടെ നീണ്ട കാലുകളുപയോഗിച്ച് വെള്ളത്തിലേക്ക് ഇഴഞ്ഞിറങ്ങുന്ന ജീവിയുടെ ദൃശ്യമാണ് വിഡിയോയിലുള്ളത്. ലിഡിയ റിലേ ആണ് സമൂഹമാധ്യമങ്ങളിലൂടെ വിചിത്ര ജീവിയുടെ ദൃശ്യം പങ്കുവച്ചത്. എന്താണിത് എന്ന ചോദ്യവുമായാണ് ലിഡിയ ദൃശ്യം പുറത്തു വിട്ടത്. നിരവധിയാളുകൾ വിവിധ അഭിപ്രായങ്ങളുമായി രംഗത്തെത്തി.
ബ്രിട്ടിൽ സ്റ്റാർ എന്നറിയപ്പെടുന്ന കടൽ ജീവിയാണിതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നക്ഷത്ര മത്സ്യങ്ങളുടെ വിഭാഗത്തിൽ പെടുന്ന ജീവികളാണ് ബ്രിട്ടിൽ സ്റ്റാർ. സെർപന്റ് സ്റ്റാർ എന്നും ഇവ അറിയപ്പെടാറുണ്ട്. ഏകദേശം രണ്ടായിരത്തോളം ബ്രിട്ടിൽ സ്റ്റാർ വിഭാഗത്തിൽ പെട്ട ജീവികൾ കടലിലുണ്ട്. ഇവയിൽ ഭൂരിഭാഗവും ആഴക്കടലിലാണ് കാണപ്പെടുന്നത്. കടലിന്റെ അടിത്തട്ടിലൂടെ ഇഴഞ്ഞു നീങ്ങിയാണ് ഇവ സഞ്ചരിക്കുന്നത്.
English Summary: That's Not A Snake. Viral Video Leaves Many Baffled