ജനിച്ചുവീണയുടൻ ജീവൻ നിലനിർത്താനുള്ള അതിസാഹസം: പാറക്കൂട്ടങ്ങളിൽ നിന്ന് താഴേക്കു ചാടുന്ന വാത്ത കുഞ്ഞുങ്ങൾ
Mail This Article
ജീവിതത്തിൽ വെല്ലുവിളികൾ നേരിടാത്ത ഒരു ജീവിയും ഇല്ല. എന്നാൽ ആർട്ടിക് മേഖലയിൽ ജീവിക്കുന്ന ബെർണാക്കിൾ വാത്തകളെ പോലെ ജനിച്ചുവീഴുന്ന ഉടനെതന്നെ ജീവൻ പണയപ്പെടുത്തി സാഹസം നടത്തേണ്ടി വരുന്ന മറ്റൊരു ജീവിയും ഉണ്ടാവില്ല. ജനിച്ച് ഒരു ദിവസം പ്രായം ആകുന്നതിനു മുൻപ് കീഴ്ക്കാംതൂക്കായ പാറക്കെട്ടിനു മുകളിൽ നിന്ന് നൂറുകണക്കിന് അടി താഴേക്കുചാടി രക്ഷപ്പെട്ടാൽ മാത്രമേ അവയ്ക്ക് മുൻപോട്ട് ജീവിക്കാനാകൂ.
ആർട്ടിക്കിലെ താപനിലയിൽ വാത്തകൾക്ക് മുട്ടകൾ സൂക്ഷിക്കുകയെന്നത് ദുഷ്കരമാണ്. അതിനുപുറമേ ഇരപിടിയൻമാർ മുട്ടകൾ നശിപ്പിക്കുന്നതിനുള്ള സാധ്യതയും ഏറെയാണ്. ഇതിൽനിന്നെല്ലാം മുട്ടകളെ രക്ഷിക്കുന്നതിന് അവ കണ്ടെത്തിയ മാർഗമാണ് നൂറുകണക്കിന് അടി ഉയരെ പാറക്കെട്ടുകൾക്ക് മുകളിൽ കൂടുകൂട്ടി മുട്ടയിടുകയെന്നത്. മുട്ടകൾ വിരിയുന്നത് വരെ അവയ്ക്ക് സംരക്ഷണം നൽകാനാകുമെങ്കിലും പിന്നീടുള്ള കടമ്പ ചിന്തിക്കുന്നതിനും അപ്പുറം സാഹസം നിറഞ്ഞതാണ്.
പുൽമേടുകളിൽ നിന്ന് തീറ്റയും വെള്ളവും ലഭിക്കുന്നതിനായി ജനിച്ച് ഒരു ദിവസം തികയും മുമ്പ് പാറക്കെട്ടിനു മുകളിൽ നിന്ന് കുഞ്ഞു വാത്തകൾക്ക് താഴെ എത്തിയേ മതിയാകൂ. കുഞ്ഞുങ്ങളുമായി താഴേക്കെത്തുകയെന്നത് ആൺ വാത്തയ്ക്കും പെൺ വാത്തയ്ക്കും അസാധ്യവുമാണ്. കുഞ്ഞുങ്ങൾക്ക് വഴികാട്ടി ഇണകൾ ആദ്യം താഴേക്കു പറക്കും. അതുകണ്ട് അവരെ പിന്തുടർന്നു ചെങ്കുത്തായ പാറക്കെട്ടിൽ നിന്നും വാത്ത കുഞ്ഞുങ്ങൾ താഴേക്കു ചാടുകയാണ് ചെയ്യുന്നത്. ഏറെ ഭയപ്പെടുത്തുന്ന ഒരു കാഴ്ചയാണ് ഈ പറക്കൽ. ഈ സാഹസത്തിനിടെ പാറക്കൂട്ടങ്ങൾക്കിടയിൽ തട്ടിയും തടഞ്ഞുമാണ് ഇവ നിലംപതിക്കുന്നത്.
അവയ്ക്ക് താരതമ്യേന ഭാരം തീരെ കുറവായതിനാൽ താഴേക്കു വന്നു പതിക്കുമ്പോൾ ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ചാട്ടത്തിനിടെ കൂർത്ത പാറക്കെട്ടുകളിൽ തട്ടിയും തലയിടിച്ചുമൊക്കെയാണ് അവയ്ക്ക് അപകടം സംഭവിക്കാറുള്ളത്. ജീവൻ പണയം വച്ചുള്ള സാഹസം നടത്തി താഴേക്കെത്തിയാലും വാത്ത കുഞ്ഞുങ്ങളെ കാത്തിരിക്കുന്നത് അപകടങ്ങൾ തന്നെയാണ്. അവ താഴെയെത്തുമ്പോൾ തന്നെ പിടിക്കാനായി ചെന്നായ്ക്കൾ തക്കം പാർത്തിരിക്കുന്നുണ്ടാവും. പാറക്കെട്ടുകളിൽ ഇടിച്ചു ചാകാതെ രക്ഷപ്പെടുന്ന കുഞ്ഞുങ്ങൾ പോലും മിക്കപ്പോഴും ഇരപിടിയൻമാർക്ക് ഭക്ഷണമാകാറുണ്ട്.
1985ൽ അയർലൻഡിലെ കോർക്ക് സർവകലാശാലയിലെ പ്രഫസറായ ഡേവിഡ് കാബോട്ട് ആണ് വാത്ത കുഞ്ഞുങ്ങളുടെ ഈ സാഹസിക ചാട്ടത്തിന്റെ ദൃശ്യങ്ങൾ ആദ്യമായി പകർത്തിയത്. ജൂൺ മാസത്തിന്റെ അവസാനത്തോടെയും ജൂലൈയുടെ ആദ്യ ആഴ്ചകളിലുമായാണ് വാത്ത കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്നത്. കിഴക്കൻ ഗ്രീൻലൻഡ്, സ്വാൽബാർഡ്, നൊവായ സെംലിയ എന്നിവിടങ്ങളിലാണ് ബെർണാക്കിൾ വാത്തകൾ കൂടുതലായി കാണപ്പെടുന്നത്.
English Summary: Why day old geese jump off cliffs and how some survive