ചാമ്പൽ മലയണ്ണാന്റെ സാമ്രാജ്യത്തിന് അവകാശിയായി ഇനി നക്ഷത്ര ആമയും
Mail This Article
പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചെരിവിലെ മഴനിഴൽക്കാടായ ചിന്നാർ വന്യജീവി സങ്കേതത്തിന്റെ തലയെടുപ്പിനു കാരണം രണ്ടു പ്രധാനികളാണ്. നക്ഷത്ര ആമയും ചാമ്പൽ മലയണ്ണാനും. വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വേളയിൽ ചാമ്പൽ മലയണ്ണാൻ ആയിരുന്നു താരമെങ്കിലും സമീപ കാലത്ത് നക്ഷത്ര ആമയും ഈ പദവിയുടെ അവകാശിയായിരിക്കുകയാണ്.
മൂന്ന് വർഷം മുൻപ് പുനരധിവാസത്തിനായി എത്തിച്ച്, ശാസ്ത്രീയ പരിപാലനത്തിലൂടെ വനത്തിൽ തുറന്ന് വിട്ട 450 നക്ഷത്ര ആമകൾ ഇപ്പോഴും നിലനിൽക്കുന്നതായി വനം വകുപ്പ് കണ്ടെത്തി. ഓരോ ദേശീയ ഉദ്യാനങ്ങൾക്കും സങ്കേതങ്ങൾക്കും ചില പ്രധാനികൾ കാണും. ചിലപ്പോൾ ജന്തുക്കളാകാം അല്ലെങ്കിൽ സസ്യങ്ങൾ. കേരളത്തിൽ ഏറ്റവും അധികം സഞ്ചാരികളെ ആകർഷിക്കുന്ന ഇരവികൂളം ദേശീയ ഉദ്യാനത്തിന്റെ ഫ്ലാഗ്ഷിപ് സ്പീഷിസ് വരയാടുകളാണ്.
അപൂർവ ഇനത്തിൽപെട്ട നക്ഷത്ര ആമകളുടെ വിജയകരമായ പുനരധിവാസ പ്രക്രിയയിലൂടെ ചിന്നാർ വന്യജീവി സങ്കേതം ലോക പ്രശസ്തമായി. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നു പിടികൂടി നിയമ വിരുദ്ധമായി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച നക്ഷത്ര ആമകളെയാണ് പുനരധിവസിപ്പിക്കാൻ ശ്രമിച്ചത്. വനപാലകർ മറയൂരിൽ നിന്നു 3 കിലോമീറ്റർ അകലെ ചിന്നാർ വന്യജീവി സങ്കേതത്തിന്റെ പ്രവേശനകവാടമായ കരിമുട്ടി വെള്ളച്ചാട്ടത്തിനു സമീപത്തായി ആദിവാസികൾ ശേഖരിക്കുന്ന വന വിഭവങ്ങൾ വിറ്റഴിക്കാൻ, നക്ഷത്ര ആമയുടെ രൂപത്തിൽ ഇക്കോഷോപ്പും ഒരുക്കിയിട്ടുണ്ട്.
English Summary: StarTortoise in Chinnar Wildlife Sanctuary