വെട്ടുകിളി ആക്രണങ്ങള്‍ക്ക് കാരണം? പ്രേരക വസ്തുവിനെ തിരിച്ചറിഞ്ഞ് ഗവേഷകര്‍!
Mail This Article
കൊറോണ വൈറസ് ലോകം മുഴുവന്‍ സ്തംഭിപ്പിച്ചതിനിടയിലും ആഫ്രിക്ക മുതല്‍ ഇന്ത്യ വരെയുള്ള പ്രദേശങ്ങളില്‍ ആശങ്ക പടര്‍ത്തിയ മറ്റൊരു പ്രതിഭാസമുണ്ട്. ആഫ്രിക്കയില്‍ നിന്നാരംഭിച്ച വെട്ടുകിളി ആക്രമണം വടക്കേ ഇന്ത്യയിലെ കൃഷിയിടങ്ങളില്‍ വരെ സാരമായ നാശനഷ്ടങ്ങളാണുണ്ടാക്കിയത്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വെട്ടുകിളി ആക്രമണമായിരുന്നു ആഫ്രിക്കയിലും മധ്യേഷ്യയിലും അനുഭവപ്പെട്ടത്. ഈ ഭൂപ്രദേശങ്ങളിലെ വലിയൊരു വിഭാഗം ജനങ്ങളെ പട്ടിണിയിലേക്കു തള്ളിവിട്ട, തൊഴിലില്ലാതാക്കിയ ദുരന്തം കൂടിയായിരുന്നു ഈ വെട്ടുകിളി ആക്രമണം.
എന്തുകൊണ്ടാണ് വെട്ടുകിളികള്‍ ഇത്ര വ്യാപകമായ നാശനഷ്ടമുണ്ടാക്കിയ ആക്രമണം നടത്തുന്നതെന്ന ചോദ്യത്തിന് ഒരു ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഗവേഷകര്‍. സ്വാഭാവികമായും ഭക്ഷണത്തിന് വേണ്ടിയാണ് വെട്ടുകിളികള്‍ കൃഷിയിടങ്ങളിലേക്കു കടന്നു ചെല്ലുന്നത്. പക്ഷേ കൂട്ടത്തോടെ ഇവയെ കൃഷിയിടങ്ങളിലേക്കാകര്‍ഷിക്കുന്നത് ഭക്ഷണം മാത്രമല്ലെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മറിച്ച് മറ്റൊരു വസ്തു കൂടി ഇവയെ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്കാകര്‍ഷിയ്ക്കാന്‍ കാരണമാകുന്നുണ്ടെന്നു ഗവേഷകര്‍ പറയുന്നു.
ഫെറോമോണുകള്‍
ഒരേ വര്‍ഗത്തില്‍ പെട്ടതോ മറ്റ് വര്‍ഗങ്ങളില്‍ പെടുന്നതോ ആയ ജീവികളെ ആകര്‍ഷിക്കാന്‍ ശേഷിയുള്ള ഒരു ജീവിയുടെ വിസർജ്യ വസ്തുവിനെയാണ് ഫെറോമോണ്‍ എന്നു വിളിക്കുന്നത്. ചില ജീവികള്‍ ഇത് ഇണയെ ആകര്‍ഷിക്കാനും മറ്റു ചിലവ ഇത് ഇരയെ ആകര്‍ഷിക്കാനുമായി ഉപയോഗിക്കാറുണ്ട്. ഇത്തരത്തില്‍ വെട്ടുകിളികള്‍ തന്നെ ഉൽപാദിപ്പിക്കുന്ന ഒരു തരം ഫെറോമോണാണ് ഇവയെ ഇത്ര വലിയ കൂട്ടമാക്കി മാറ്റുന്നതെന്നാണ് ഇപ്പോള്‍ ഗവേഷക ലോകത്തിന്‍റെ നിഗമനം.
സാധാരണ ഗതിയിയില്‍ ഏകാന്ത ജീവിതം നയിക്കുന്നവയാണ് വെട്ടുകിളികള്‍. അതേസമയം ചില പ്രത്യേക സമയങ്ങളില്‍ മാത്രം ഇത് മാറ്റി വച്ച് കൂട്ടം കൂടി ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിക്കണമെങ്കില്‍ അതിന് ഒരു പ്രേരകമായ ഒരു ഘടകം ആവശ്യമാണ്. ഈ പ്രേരകമായ വസ്തു, ലോക്കസ്റ്റ് അഥവാ വെട്ടുകിളികള്‍ തന്നെ ഉൽപാദിപ്പിക്കുന്ന ഒരു ഫെറോമാണാണ് എന്നതാണ് പഠനത്തില്‍ വ്യക്തമായിരിക്കുന്നത്.
4 വൈനിലാനിസോള്‍
4-വി (4-V) അഥവാ 4- വൈനിലാനിസോള്‍ എന്നതാണ് വെട്ടുകിളികളെ പരസ്പരം ആകര്‍ഷിപ്പിക്കുന്നതിനു കാരണമായ ഈ ഫെറോമോണിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. നേച്ചര്‍ മാസികയുടെ പുതിയ ലക്കത്തിലാണ് വെട്ടുകളികള്‍ ഉൽപാദിപ്പിക്കുന്ന ഈ ഫെറോമോണിനെ കുറിച്ച് അത് ഇവയുടെ കൂട്ടം ചേരലില്‍ വഹിക്കുന്ന പങ്കിനെ കുറിച്ചും വ്യക്തമാക്കിയിരിക്കുന്നത്. ലെസി വോസ്ഹാള്‍ എന്ന ന്യൂറോ ബയോളജിസ്റ്റാണ് ഈ ഫെറോമോണിനെ വേര്‍തിരിച്ചതും ഇവയുടെ നിർണായകമായ പങ്ക് മനസ്സിലാക്കിയതും.
പതിറ്റാണ്ടുകളായി നടക്കുന്ന ശ്രമമാണ് വെട്ടുകിളികളുടെ ആക്രണത്തിന് പ്രേരകം കണ്ടെത്താനുള്ള പഠനങ്ങളെന്ന് ലെസി വോസ്ഹോള്‍ പറയുന്നു. ഇത് വരെ വിശദീകരയിക്കാന്‍ കഴിയാത്ത പ്രതിഭാസത്തെയാണ് 4-വി എന്ന ഘടകത്തെ തിരിച്ചറിഞ്ഞതോടെ ശാസ്ത്രലോകത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കുന്നത്. ഭാവിയില്‍ വെട്ടുകിളി ആക്രമണ ഭീഷണി ഉണ്ടായാല്‍ അവയെ കൂട്ടത്തോടെ നശിപ്പിക്കാന്‍ ഈ പഠനത്തിലെ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.
ഫെറോമോണിന്‍റെ പ്രവര്‍ത്തനം
വെട്ടുകളികളിലെ ആണിനും പെണ്ണിനും 4- വൈനിലാനിസോള്‍ എന്ന ഈ ഫെറോമോണ്‍ ഉൽപാദിപ്പിക്കാന്‍ സാധിക്കും. ആണ്‍- പെണ്‍ വെട്ടുകിളികള്‍ ഈ ഫെറോമോണ്‍ മൂലം ആകര്‍ഷിക്കപ്പെടുകയും ചെയ്യും. അതു കൊണ്ട് തന്നെയാണ് ഇണ ചേരലിനപ്പുറമുള്ള വലിയൊരു കൂട്ടമാക്കി ഈ ഫെറോമോണിന്‍റെ സാന്നിധ്യം വെട്ടുകിളികളെ മാറ്റുന്നതും. നാലോ അതിലധികമോ വെട്ടുകളികള്‍ ഒരുമിച്ച് കൂടിയാല്‍ അവ ഈ ഫെറോമോണ്‍ ഉൽപാദിപ്പിക്കാന്‍ തുടങ്ങും. കൂടുതല്‍ വെട്ടുകളികള്‍ ഈ ഫെറോമോണ്‍ മൂലം ഇവിടേക്കെത്തുന്നതോടെ ഫെറോമോണിന്‍റെ ഉൽപാദനവും ഇതിന് അനുസൃതമായി വർധിക്കും. വൈകാതെ വലിയൊരു വെട്ടുകിളി കൂട്ടമായി മാറുകയും ചെയ്യും.
അതേസമയം ഈ ഫെറോമോണിന്‍റെ കണ്ടെത്തല്‍ മുകളില്‍ പറഞ്ഞതു പോലെ ഇവയെ കുടുക്കാനുള്ള ഒരു സാധ്യത കൂടി തുറന്നിടുന്നുണ്ട്. വലിയ തോതില്‍ വെട്ടുകളി ആക്രമണ ഭീഷണിയുണ്ടാകും എന്ന അവസ്ഥയില്‍ ഏതെങ്കിലും പ്രദേശത്ത് ഈ ഫെറോമോണ്‍ കൃത്രിമമായി വിതറുക. വല വിരിക്കുന്നത് പോലുള്ള ഒരു പ്രവര്‍ത്തി. ഇതോടെ വെട്ടുകിളികള്‍ ഈ മേഖലയിലേക്ക് കൂട്ടത്തോടെയെത്തും. ഈ സാഹചര്യത്തില്‍ വലിയ തോതില്‍ കീടനാശിനി തളിച്ച് ഇവയെ ഇല്ലാതാക്കാനും കഴിയുമെന്നാണ് ഗവേഷകര്‍ കണക്കു കൂട്ടുന്നത്. കൂടാതെ ഇത് വെട്ടുകളികളെ പേടിച്ച് കൃഷിയിടത്തില്‍ മുഴുവനായി കീടനാശി തളിക്കുന്നത് ഒഴിവാക്കാനും കഴിയും. ഇതിലൂടെ മറ്റ് ജീവികളുടെയും മനുഷ്യരുടെയും ആരോഗ്യത്തിന് കീടനാശിനി ഉയര്‍ത്തുന്ന ഭീഷണിയും ഒരു പരിധിവരെ ഒഴിവാക്കാനാകും.
English Summary: We Finally Know The Chemical That Triggers Locust Swarms. Now to Use It Against Them