ADVERTISEMENT

പരിസ്ഥിതി വൈവിധ്യത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ദ്വീപുകളിൽ ഒന്നാം നിരയിലാണ് ഹവായി ദ്വീപുകളുടെ സ്ഥാനം. ദ്വീപുമായി ബന്ധപ്പെട്ടുള്ള നാടോടിക്കഥകളിലും ആ വൈവിധ്യമുണ്ട്. അത്തരമൊരു പ്രേതകഥയാണ് ‘ഗ്രീൻ ലേഡി’ അഥവാ ഹരിതവനിതയുടേത്! ദ്വീപിലെ പഴമക്കാർ (പുതുതലമുറയിലെ ഒരു വിഭാഗവും) ഇന്നും വിശ്വസിക്കുന്നത് ഗ്രീന്‍ ലേഡി ഒരു മിത്തല്ല സത്യമാണെന്നാണ്. 

അത്രയേറെ പഴക്കമില്ല ഗ്രീൻ ലേഡിയുടെ കഥയ്ക്ക്. ഹവായ് ദ്വീപുകളിൽ വാഹനങ്ങളോടിത്തുടങ്ങിയ കാലം മുതൽ ഈ കഥയുണ്ട്. പ്രശസ്തമാണ് അവിടുത്തെ വാഹിയൊവ ബോട്ടാണിക്കൽ ഗാർഡൻ. ഒട്ടേറെ പരിസ്ഥിതി സ്നേഹികളാണ് വർഷം തോറും അവിടേക്കു വരാറുള്ളത്. എന്നാൽ സന്ധ്യയാകുന്നതോടെ പലരും അവിടെനിന്നു മാറും. പ്രത്യേകിച്ച് ഗാർഡനിലെ ഒരു നീർച്ചാലിനു കുറുകെയുള്ള പാലത്തിൽനിന്ന്. കുട്ടികൾ ആ പാലത്തിന്റെ പരിസരത്തേക്കു പോകാൻ പോലും ഭയക്കും. അതിനു കാരണം ഗ്രീൻ ലേഡിയാണ്. 

വർഷങ്ങൾക്കു മുൻപ് ഒരമ്മയും കുട്ടികളു ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കുന്നതു പതിവായിരുന്നു. അവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു അവിടുത്തെ നീർച്ചാൽ. അതിനു മുകളിലെ പാലം ഉപയോഗിക്കാതെ അമ്മയും മക്കളും നീർച്ചാൽ നടന്നാണു മറികടന്നിരുന്നത്. പാലത്തിലൂടെ വരുന്ന വാഹനങ്ങൾ മക്കളെ ഇടിച്ചാലോ എന്നു പേടിച്ചായിരുന്നു ആ അമ്മ അതു ചെയ്തത്. ഒരു ദിവസം സന്ധ്യയ്ക്ക് കുട്ടികളിലൊരാളെ കാട്ടിൽ കാണാതായി. അമ്മ പലയിടത്തും നോക്കി, എവിടെയുമില്ല. നീർച്ചാലിൽ കാണാതായതാണെന്നു കരുതി അമ്മ പലരോടും സഹായം തേടി. ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവിൽ ശേഷിച്ച കുട്ടികളുമായി അമ്മ കാട്ടിലേക്കു നടന്നു മറഞ്ഞു. അതിനു ശേഷം അവരെ ആരും കണ്ടിട്ടില്ല. 

The Green Lady Of Wahiawa
Hashima Island. Image Credit: Jade ThaiCatwalk//shutterstock

എന്നാൽ യഥാർഥ പ്രശ്നങ്ങളുടെ തുടക്കം അവിടെനിന്നായിരുന്നു. വാഹിയൊവയിലെ നീർച്ചാലിലേക്കെത്തുന്ന സന്ദർശകർ പലപ്പോഴും പച്ചനിറത്തിലുള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീയെ കാണാൻ തുടങ്ങി. സന്ധ്യാസമയത്തായിരുന്നു ഇവർ പ്രത്യക്ഷപ്പെട്ടിരുന്നത്. സത്യത്തിൽ ഇവരുടെ നിറം പച്ചയായിരുന്നില്ല. ദേഹം മുഴുവൻ പലതരം പായലും വള്ളിച്ചെടികളും പടർന്നു പിടിച്ച അവസ്ഥയിലായിരുന്നു. കാട്ടിനുള്ളിലെ വൃക്ഷലതാദികൾക്കിടയിൽ ഇവരെ പലപ്പോഴും തിരിച്ചറിയാൻ പോലും സാധിക്കില്ല. ഗാർഡനിലെത്തിയ പലരും ഗ്രീൻ ലേഡിയെ കണ്ടതായി അവകാശപ്പെട്ടു. അവരുടെ വിശേഷണങ്ങളിൽനിന്ന് അധികൃതർക്കും ഏകദേശ രൂപം പിടികിട്ടി. 

തലയിൽ കടൽപ്പായലും നീണ്ടിരുണ്ട മുടി നിറയെ വള്ളിച്ചെടികളുമായിട്ടായിരുന്നു അവരുടെ യാത്ര. ശരീരത്തിന്റെ പല ഭാഗത്തും മീൻ ചെതുമ്പലുകൾ പോലെയായിരുന്നു. നിര തെറ്റിയ പല്ലുകളും പേടിപ്പെടുത്തുന്ന നീണ്ട കൈവിരലുകളുമുണ്ടായിരുന്നു ആ യക്ഷിക്ക്. ഇവരെ ഭയന്ന് സന്ധ്യ കഴിഞ്ഞാൽ ആരും വാഹിയൊവയിലെ നീർച്ചാലിലേക്കു പോകാതായി. ഗ്രീൻ ലേഡി അടുത്തെത്തുന്നത് തിരിച്ചറിയാനും വഴിയുണ്ടായിരുന്നു. അസഹ്യമായ ദുർഗന്ധമായിരുന്നു അവരുടെ ശരീരത്തിൽനിന്നു വന്നിരുന്നത്. ദേഹത്തെ പായലും ചെടികളുമെല്ലാം ചീഞ്ഞളിഞ്ഞായിരുന്നു ആ ഗന്ധം. അത്തരം ദുർഗന്ധം രാത്രിയിൽ തൊട്ടടുത്തുണ്ടെങ്കിലും ഹവായി ദ്വീപു നിവാസികളിൽ പലരും ഞെട്ടിവിറയ്ക്കും. എന്നാൽ വാഹിയൊവയിലെ നീർച്ചാൽ കേന്ദ്രീകരിച്ചു മാത്രമായിരുന്നു ഗ്രീൻ ലേഡിയെ കണ്ടിരുന്നത്. 

കാണാതായ കു‍ഞ്ഞിനെ തേടിയാണ് അവർ നടക്കുന്നതെന്നും കുട്ടികളാണു ലക്ഷ്യമെന്നും കഥകളുണ്ടായി. ബൊട്ടാണിക്കൽ ഗാർഡനു തൊട്ടടുത്തുളള ഒരു എലമെന്റി സ്കൂളിന്റെ പരിസരത്തും ഇവരെ കണ്ടതായി കഥകളുണ്ട്. 1980കളുടെ മധ്യത്തിലാണ് അവസാനമായി ഗ്രീൻ ലേഡിയെ കണ്ടതായി പറയുന്നത്. എന്നാൽ ഇന്നും കുട്ടികളെ നീർച്ചാലുകളുടെ സമീപത്തേക്കു പോകുന്നതിൽനിന്നു വിലക്കുന്നതിന്  മാതാപിതാക്കൾ പ്രയോഗിക്കുന്ന തന്ത്രം ‘ഗ്രീൻ ലേഡി’ പിടിച്ചുകൊണ്ടു പോകുമെന്നാണ്. കുട്ടികളെ വെള്ളത്തിൽ വീഴാതെ രക്ഷപ്പെടുത്താൻ അമ്മമാരുണ്ടാക്കിയ കഥയാണിതെന്നും പറയപ്പെടുന്നു. എന്താണെങ്കിലും തലമുറ കൈമാറിയെത്തിയ ഈ കഥ ഇന്ന് ഹവായി ദ്വീപുകളിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന മിത്തുകളിൽ ഒന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com