ADVERTISEMENT

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകൾ. ജർമനി അതിനോടകം തോൽവി ഉറപ്പിച്ചു കഴിഞ്ഞിരുന്നു. യുഎസ് സൈന്യം ജർമൻ സേനയെ പിന്തുടർന്ന് തുരത്തുകയാണ്. എന്നാൽ ഹിറ്റ്ലറിനു വേണ്ടി അവസാനം വരെ പോരാടാൻ തയാറായ ഒരു വിഭാഗം ഓസ്ട്രിയയിലെ ഡെഡ് മൗണ്ടൻസ് എന്നറിയപ്പെടുന്ന പർവത വനമേഖലയിലേക്കു പിന്മാറി. അവിടെനിന്നു ഗറില്ലാ പോരാട്ടാമായിരുന്നു ലക്ഷ്യം. എന്നാൽ വമ്പൻ സൈനിക വാഹനങ്ങൾ പ്രദേശത്തേക്കു കൊണ്ടു പോകാനാകില്ല. അതുവരെ സൈനിക വാഹനങ്ങളിൽ കൊണ്ടുവന്ന ചില വസ്തുക്കൾ അവർ കുതിരകൾ വലിക്കുന്ന വാഹനങ്ങളിലേക്കു മാറ്റി. കാട്ടിലൂടെ ഏറെ സഞ്ചരിച്ച് അവർ പർവതനിരകൾക്കിടയിലെ ടോപ്‌ലിറ്റ്സ് എന്ന തടാകത്തിന്റെ കരയിലെത്തി. 

The Mystery of Lake Toplitz: Reputed to be The Dump For Nazi Gold

കുതിരവണ്ടികളിലെ കൂറ്റൻ പെട്ടികൾ ചുമക്കാൻ പ്രദേശവാസികളിൽ ചിലരെയും ഉപയോഗിച്ചിരുന്നു. എന്നാൽ തടാകക്കരയിൽ പെട്ടി വച്ച് അവരെ തിരിച്ചയച്ചു. ഒരു വലിയ രഹസ്യം ആ തടാകത്തിന്റെ ആഴങ്ങളിലേക്കു മറയുകയാണെന്ന് അന്നേരം അവർക്ക് അറിയില്ലായിരുന്നു. 1945 ജനുവരിയിൽതന്നെ, കൊള്ളയടിച്ച സ്വർണവും പ്ലാറ്റിനവും അമൂല്യ വസ്തുക്കളും ജൂതന്മാരുടെ സ്വത്തുരേഖകളുമെല്ലാം ഒളിപ്പിക്കാൻ ഹിറ്റ്ലര്‍ ഉത്തരവിട്ടിരുന്നു. അതിന്റെ ഭാഗമായി ജർമനി പിടിച്ചെടുത്ത പല രാജ്യങ്ങളിലെയും രഹസ്യകേന്ദ്രങ്ങളിൽ കോടിക്കണക്കിനു രൂപ മൂല്യം വരുന്ന വസ്തുക്കൾ ഒളിപ്പിക്കുകയും ചെയ്തു. പല ഖനികളിൽനിന്നും മറ്റും ഇത്തരത്തിൽ ഒളിപ്പിച്ച ഒട്ടേറെ സ്വർണക്കട്ടികൾ പിന്നീട് കണ്ടെത്തിയിട്ടുമുണ്ട്. 

യൂറോപ്പിൽനിന്നു കടത്തിയ സ്വർണം ഉൾടെ ജർമൻ സൈന്യം ഒളിപ്പിച്ചത് ടോപ്‌ലിറ്റ്സ് തടാകത്തിലാണെന്നാണ് ലോകം ഇന്നും കരുതുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വർണനിധിയാണ് ആ തടാകത്തിനു കീഴിലെന്നും പറയപ്പെടുന്നു. അതിനു സഹായിക്കുന്ന ഒട്ടേറെ തെളിവുകളും തടാകത്തിൽനിന്നു ലഭിച്ചിട്ടുണ്ട്. നിധി ഒളിപ്പിക്കാൻ ഹിറ്റ്ലർ നേരിട്ട് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ യൂണിഫോം ബാഡ്ജ് ഉൾപ്പടെ! ഓസ്ട്രിയയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിന്ന് ഈ തടാകം. നിധിയുടെ പേരിൽ പ്രശസ്തമാണെങ്കിലും അടിമുടി നിഗൂഢതകളാണ് തടാകത്തെ വ്യത്യസ്തമാക്കുന്നത്. വർഷത്തിൽ അഞ്ചു മാസത്തോളം തടാകം മഞ്ഞുറഞ്ഞ അവസ്ഥയിലായിരിക്കും. 

സ്വകാര്യ കമ്പനിയുടെ കീഴിലാണ് തടാകം. ഇവിടേക്ക് എത്താനായി കാട്ടിലൂടെ പ്രത്യേക വഴിയും ഒരുക്കിയിട്ടുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 2500 അടി ഉയരത്തിലാണ് ടോപ്‌ലിറ്റ്സ്. ഇതിന്റെ ചില ഭാഗങ്ങളിൽ 350 അടി വരെയുണ്ട് ആഴം. എന്നാൽ മുകളിൽ 60 അടി ഉയരത്തിൽ മാത്രമാണു ശുദ്ധജലമുള്ളത്. അതിനു താഴെ ഉപ്പുനിറഞ്ഞ ജലമാണ്, മാത്രവുമല്ല അവിടെ തീരെ ഓക്സിജനുമില്ല. അതിനാൽത്തന്നെ ജീവജാലങ്ങളെയും കാണാനാകില്ല. ലവണരസമേറിയതിനാല്‍ തടാകത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന വസ്തുക്കളൊന്നും ജീർണിക്കില്ല. വർഷങ്ങളായി തടാകത്തിലേക്ക് ഒഴുകിയെത്തിയ മരത്തടികളും മറ്റും തടാകത്തിനടിയിൽ ഏകദേശം 60 അടി കനത്തിലുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. 

The Mystery of Lake Toplitz: Reputed to be The Dump For Nazi Gold

ഓക്സിജനില്ലാത്ത ജലത്തിലൂടെ ഈ ‘തടിയാൽ തീർത്ത അടിത്തട്ട്’ കടന്ന് നിധി കണ്ടെത്തുകയെന്നത് ജീവന്മരണ പോരാട്ടമാണ്. പലപ്പോഴും പലരും ഇതിനു ശ്രമിച്ചപ്പോൾ ജീവൻതന്നെ നഷ്ടമാവുകയാണുണ്ടായത്. ഇവിടെ മരിച്ച ചിലരുടെ മൃതദേഹം പോലും തിരിച്ചറിയാനായിട്ടില്ല. യുദ്ധകാലത്ത് തടാകത്തോടു ചേർന്നുള്ള സൈനിക പദ്ധതികളിൽ അംഗമായിരുന്നവർ പിന്നീട് രഹസ്യമായി ഇവിടേക്കു വന്നിരുന്നു. അവരിൽ പലരും പരസ്പരം വെടിവച്ചു മരിക്കുകയും ചെയ്തു. ഒട്ടേറെ അജ്ഞാത മരണങ്ങൾ നടന്നതിനാൽ തടാകത്തിലെ നിധി സംരക്ഷിക്കാൻ ഇപ്പോഴും ആരോ കാവലുണ്ടെന്ന വിശ്വാസവും ശക്തമാണ്. 

പലപ്പോഴായി നടത്തിയ പരിശോധനകളിൽ തടാകത്തിൽനിന്ന് ദശലക്ഷക്കണക്കിന് പൗണ്ടിന്റെ കള്ളനോട്ട് കണ്ടെത്തിയിരുന്നു. ബ്രിട്ടിഷ് സമ്പദ്‌വ്യവസ്ഥ തകർക്കാൻ അവിടേക്ക് വൻതോതിൽ കള്ളനോട്ടുകൾ കടത്താൻ ഹിറ്റ്ലർ പദ്ധതിയിട്ടിരുന്നു. അതിന്റെ ഭാഗമായി അച്ചടിച്ചതായിരുന്നു തടാകത്തിൽ കണ്ടെത്തിയ നോട്ടുകളെല്ലാം. ഇത് അച്ചടിക്കാൻ ഉപയോഗിച്ച പ്രസും തടാകത്തിന്റെ അടിത്തട്ടില്‍നിന്നു കണ്ടെത്തി. ടോർപിഡോകളുടെയും മിസൈലുകളുടെയും മറ്റും വെടിക്കോപ്പുകളുടെയും അവശിഷ്ടങ്ങളും തടാകത്തിൽ കണ്ടെത്തിയിരുന്നു. ഇതെല്ലാം വിരൽ ചൂണ്ടുന്നതാകട്ടെ, ഒരു കാലത്ത് നാസികളുടെ രഹസ്യ താവളമായിരുന്നു തടാകവും ചുറ്റിലുമുള്ള പ്രദേശങ്ങളുമെന്നതിലേക്കും.

തടാകത്തിന്റെ സമീപത്ത് ഒരു ബങ്കറും കണ്ടെത്തിയിരുന്നു. അത് എത്തിച്ചേരുന്നത് തടാകത്തിനടിയിലെ ഒരു തുരങ്കത്തിലേക്കാണെന്നും സൂചനകളുണ്ടായിരുന്നു. 1980കളിൽ ഇക്കാര്യം അണ്ടർ വാട്ടർ ക്യാമറ പരിശോധനയിലൂടെ കണ്ടെത്തിയതുമാണ്. തടാകത്തിൽ തുരങ്കത്തിനു സമാനമായ കവാടം കണ്ടെത്തുകയും ചെയ്തു. എന്നാൽ തുടർ പരിശോധന നടക്കാതിരുന്നതിനാൽ ബങ്കറും തുരങ്കവും ഇടിഞ്ഞില്ലാതായി. ഒട്ടേറെ പേർ നിധി തേടി എത്തുന്നതിനാൽ അനുമതി ഇല്ലാതെ തടാകത്തിലേക്ക് ഡൈവിങ് നടത്തുന്നതിന് നിലവിൽ ഓസ്ട്രിയൻ സർക്കാരിന്റെ വിലക്കുണ്ട്. എന്നിട്ടും വർഷത്തിൽ കുറഞ്ഞത് 10 പേരെങ്കിലും ഇവിടെ അറസ്റ്റിലാകുന്നു. ലോകപ്രശസ്ത നിധി വേട്ടക്കാരിൽ പലരും അത്യാധുനിക സംവിധാനങ്ങളുപയോഗിച്ചിട്ടുപോലും തടാകത്തിനടിയിലെ നിധിയെപ്പറ്റി യാതൊരു വിവരവും ഇന്നേവരെ കണ്ടെത്താനായിട്ടില്ലെന്നതാണു യാഥാർഥ്യം. 

English Summary: The Mystery of Lake Toplitz: Reputed to be The Dump For Nazi Gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com