ക്ലോറോ ഫ്ലൂറോ കാർബൺ; ഓസോണിനെ തകർക്കുന്ന ആ ‘മാരക’ രാസവസ്തുവിന്റെ ഉറവിടം!
Mail This Article
ലോകത്തിലെ ഒരു രാജ്യവും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുനൽകിയ ഒരു രാസവസ്തു. എന്നിട്ടും ഇപ്പോഴും അത് നമ്മുടെ അന്തരീക്ഷത്തിലേക്കെത്തുന്നുണ്ട്. ഓസോൺ പാളിയെ ‘തിന്നു’നശിപ്പിക്കുന്ന കാർബൺ ടെട്രാക്ലോറൈഡ്(CCl4) എന്ന ആ രാസവസ്തുവിന്റെ ഉറവിടം എവിടെ നിന്നാണെന്നറിയാതെ നെട്ടോട്ടത്തിലാണ് ഗവേഷകർ. ഓസോൺ പാളിയുടെ പ്രധാന ശത്രു ക്ലോറോ ഫ്ലൂറോ കാർബൺ(സിഎഫ്സി) ആണെന്ന കാര്യത്തിൽ ഭൂരിപക്ഷം പേർക്കും എതിരഭിപ്രായമില്ല. സിഎഫ്സി ഉൾപ്പെടെയുള്ളവയുടെ ബഹിർഗമനം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു 1987 സെപ്റ്റംബർ 16ന് മോൺട്രിയൽ പ്രോട്ടോക്കോൾ ഒപ്പിടുന്നതു തന്നെ. ആദ്യം 24 രാജ്യങ്ങളായിരുന്നു, പിന്നീട് 170ലേറെ രാജ്യങ്ങൾ ഇതിൽ ഒപ്പിട്ടു. ഐക്യരാഷ്ട്രസംഘടനയുടെ ഏറ്റവും വിജയിച്ച പെരുമാറ്റച്ചട്ടങ്ങളിലൊന്നായാണ് മോൺട്രിയലിലേതിനെ കണക്കാക്കുന്നത്.
ഓസോണിനെ തകർക്കുന്ന രാസവസ്തുക്കളുടെ ഒരു പട്ടിക ഇതുപ്രകാരം തയാറാക്കിയിരുന്നു. പടിപടിയായി ഇവയുടെ ഉപയോഗം കുറച്ച് ഒടുവിൽ ഉപേക്ഷിക്കാനായിരുന്നു നിർദേശം. സിഎഫ്സി-11, സിഎഫ്സി-12 സംയുക്തങ്ങളായിരുന്നു ഈ പട്ടികയിൽ മുന്നിൽ. എസിയിലും ഫ്രിഡ്ജിലുമെല്ലാം ഉപയോഗിച്ചിരുന്ന സിഎഫ്സിയുടെ സാന്നിധ്യം ലോകം പടിപടിയായി കുറച്ചുകൊണ്ടു വന്നു. മൂന്നാമതായുണ്ടായിരുന്നതാകട്ടെ കാർബൺ ടെട്രാക്ലോറൈഡും. ഇതാകട്ടെ 1996നകം വികസിത രാജ്യങ്ങളും 2010ഓടെ വികസ്വര രാജ്യങ്ങളും ഉപേക്ഷിക്കണമെന്നായിരുന്നു നിർദേശം. പക്ഷേ അതിനും മുൻപേ 2007-12 കാലഘട്ടത്തിൽ തന്നെ ലോകരാജ്യങ്ങളെല്ലാം കാർബൺ ടെട്രാക്ലോറൈഡിന്റെ ബഹിർഗമനം ഒഴിവാക്കിയെന്നു റിപ്പോർട്ട് നൽകി. അതായത് മനുഷ്യന്റെ പ്രവർത്തനഫലമായി ഈ സംയുക്തം അന്തരീക്ഷത്തിലേക്കെത്തുന്നില്ലെന്നുറപ്പ്.
നിലവിൽ ഒരു രാജ്യവും വ്യാവസായികോൽപാദനത്തിൽ ഈ സംയുക്തങ്ങളെ ഉപയോഗപ്പെടുത്തുന്നുമില്ല. പക്ഷേ 2014ൽ നാസ നടത്തിയ ഒരു ഗവേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ഓസോൺ പാളിയെ തകർക്കാൻ പ്രാപ്തമായ വിധത്തിൽ ഇപ്പോഴും കാർബൺ ടെട്രാക്ലോറൈഡിന്റെ സാന്നിധ്യം അന്തരീക്ഷത്തിലുണ്ട്. സാറ്റ്ലെെറ്റ് വിവരങ്ങളും കാലാവസ്ഥാബലൂണുകളും വിമാനങ്ങളും പലതരം സെൻസറുകളുമെല്ലാം ഉപയോഗപ്പെടുത്തി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. പ്രതിവർഷം ശരാശരി 39 കിലോടൺ എന്ന കണക്കിന് കാർബൺ ടെട്രാക്ലോറൈഡ് അന്തരീക്ഷത്തിലേക്കെത്തുന്നു. അതായത് മോൺട്രിയൽ പ്രോട്ടോക്കോൾ ഒപ്പിടുന്നതിന് മുൻപ് ഉണ്ടായിരുന്നതിൽ ഏറ്റവും കൂടിയ അളവ് ബഹിർഗമനം എത്രയായിരുന്നോ അതിന്റെ 30% വരും.
പഴയകാലത്ത് ഡ്രൈക്ലീനറുകളിൽ ക്ലീനിങ് ഏജന്റായും ഫയർ എക്സ്റ്റിംഗ്വിഷറിലുമെല്ലാമായിരുന്നു കാർബൺ ടെട്രാക്ലോറൈഡ് ഉപയോഗിച്ചിരുന്നത്. ഇന്ന് അതിനെക്കാളും മികച്ച, പരിസ്ഥിതി സൗഹാർദപരമായ സംയുക്തങ്ങളുമുണ്ട്. പക്ഷേ മോൺട്രിയൽ പ്രോട്ടോക്കോൾ ഒപ്പിട്ടതിനു ശേഷം പ്രതീക്ഷിച്ചതു പ്രകാരമായിരുന്നില്ല ഈ സംയുക്തത്തിന്റെ അളവ് കുറഞ്ഞുവന്നതും. പ്രതിവർഷം നാലു ശതമാനമെന്ന കണക്കിനായിരുന്നു കുറയേണ്ടിയിരുന്നത്. പക്ഷേ കുറഞ്ഞത് ഒരു ശതമാനം എന്ന കണക്കിനും. അപ്പോഴും ലോകരാജ്യങ്ങൾ ആണയിട്ടു പറഞ്ഞു: ഞങ്ങളല്ല അതിനു പിന്നിൽ! എന്തായാലും സത്യം തെളിയിക്കുക എന്ന ലക്ഷ്യത്തോടെ നാസയിലെ ഗവേഷകർ തങ്ങൾ ശേഖരിച്ചതും നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷൻ വഴി ലഭിച്ചതുമായ ഡേറ്റകളെല്ലാം സ്വരുക്കൂട്ടി. അത് നാസയുടെ 3-ഡി ജിയോസ് കെമിസ്ട്രി ക്ലൈമറ്റ് മോഡൽ എന്ന കംപ്യൂട്ടർ പ്രോഗ്രാമിലേക്ക് നൽകി.
സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളേറ്റ് കാർബണ്‍ ടെട്രാക്ലോറൈഡ് എപ്രകാരമാണ് വിഘടിക്കപ്പെടുന്നതെന്നാണ് പ്രധാനമായും പരിശോധിച്ചത്. കൂടാതെ മണ്ണുമായും സമുദ്രജലമായും ചേർന്ന് എപ്രകാരമാണ് അവ ആഗിരണം ചെയ്യപ്പെടുകയും വിഘടിക്കപ്പെടുകയും ചെയ്യുന്നതെന്നും. അതിൽ നിന്നൊരു കാര്യം വ്യക്തമായി. ആഗിരണ-വിഘടന പ്രക്രിയകളെല്ലാം കൃത്യമായി നടക്കുന്നുണ്ട് പക്ഷേ അപ്പോഴും ഒരു അജ്ഞാത ഉറവിടത്തിൽ നിന്ന് കാർബൺ ടെട്രോക്ലോറൈഡ് വന്നുകൊണ്ടേയിരിക്കുന്നു! മാത്രവുമല്ല നേരത്തേ വിചാരിച്ചതിനേക്കാളും 40% അധികം സമയം ഈ സംയുക്തം അന്തരീക്ഷത്തിൽ നിലനിൽക്കുന്നുണ്ട്. ഒന്നുകിൽ Ccl4ന്റെ രാസഘടന ശാസ്ത്രം ഇനിയും ശാസ്ത്രത്തിന് കൃത്യമായി മനസിലാക്കിയിട്ടില്ല, അല്ലെങ്കിൽ ഐക്യരാഷ്ട്രസംഘടനയെ നോക്കുകുത്തിയാക്കി ഏതോ ഒരു രാജ്യം ഈ രാസവസ്തുവിനെ ഇപ്പോഴും പുറന്തള്ളുന്നുണ്ട്.
അതുമല്ലെങ്കിൽ അതീവരഹസ്യമാര്‍ന്ന ഒരു രാസപരീക്ഷണത്തിന്റെ ബാക്കിപത്രമായി എവിടെ നിന്നോ ഇപ്പോഴും ഉയരുന്നതാണ് ഈ മാരക രാസവസ്തു, അതിനിടെ യുഎസിൽ നിന്നൊരു റിപ്പോർട്ടെത്തി. അമേരിക്കയിൽ ടെഫ്ലോണും പിവിസിയുമെല്ലാം നിർമിക്കാനായി കാർബൺ ടെട്രാക്ലോറൈഡ് ഉപയോഗിക്കുന്നുണ്ടത്രേ! അതുവഴി ഈ സംയുക്തത്തിന്റെ സാന്നിധ്യവും യുഎസിനു മുകളില്‍ ഏറിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഗവേഷകർക്കും ഇപ്പോഴും പൂർണമായ വ്യക്തത ലഭിച്ചിട്ടില്ല. കൂടുതൽ പഠനങ്ങൾ അത്യാവശ്യം. അതുവരെ അറിയപ്പെടാത്ത ഓസോൺ രഹസ്യമായി ഈ വിഷസംയുക്തം അന്തരീക്ഷത്തിൽ നിറഞ്ഞുകൊണ്ടേയിരിക്കുകയാണ്.
English Summary: Chlorofluorocarbons and Ozone Depletion