പ്ലാസ്റ്റിക് മാലിന്യം കൂടുന്നു; നീരുവറ്റി നാശത്തിന്റെ വക്കില്‍ അയ്യപ്പന്‍കാവ് പുഴ
Mail This Article
പ്ലാസ്റ്റിക് മാലിന്യം കാരണം നാശത്തിന്റെ വക്കിലാണ് കോഴിക്കോട് എടച്ചേരിയിലെ അയ്യപ്പന്‍കാവ് പുഴ. നീരൊഴുക്ക് നിലച്ചതിനാല്‍ പുഴയെ ആശ്രയിച്ചുള്ള ഏക്കര്‍ക്കണക്കിന് പാടശേഖരവും ഉപയോഗശൂന്യമായി. രണ്ട് വര്‍ഷം മുന്‍പ് വരെ സമൃദ്ധമായി ഒഴുകിയിരുന്ന പുഴ കുപ്പത്തൊട്ടിയായി മാറിയിരിക്കുന്നു.
എടച്ചേരി പാടശേഖരത്തിനും ജലനിധി കിണറിനും നിലയ്ക്കാത്ത നീരൊഴുക്ക് നല്‍കിയിരുന്നു ഈ പുഴ. നിരവധി കിണറുകളില്‍ വേനല്‍ക്കാലത്തും ജലസാന്നിധ്യം ഉറപ്പാക്കാന്‍ സഹായിച്ചതും അയ്യപ്പന്‍കാവ് പുഴയായിരുന്നു. ഇതിനോട് ചേര്‍ന്നാണ് ആളുകള്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം. ഇതോടെ പുഴയുടെ ഒഴുക്ക് തടസപ്പെട്ടു. മഴക്കാലത്ത് വന്നടിഞ്ഞ പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവുയര്‍ന്നതോടെ എന്നെന്നേയ്ക്കുമായി ഒഴുക്കു നിലച്ച അവസ്ഥയിലെത്തി. കെട്ടിക്കിടന്ന പ്ലാസ്റ്റിക്കുകള്‍ക്ക് സമീപം മണ്ണും ചെളിയും മൂടി പുല്ല് വളരുകയായിരുന്നു.
മഴക്കാലത്ത് ഒഴുക്കിനു തടസം വന്നതോടെ എടച്ചേരിത്താഴെ വയലില്‍ ഒന്നരക്കിലോമീറ്റര്‍ നെല്‍കൃഷി നശിച്ചിരുന്നു. മറ്റ് കാര്‍ഷിക വിളകള്‍ക്കും നാശമുണ്ടായി. ജലവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. പുഴ സംരക്ഷണത്തിന് ഇനിയും വൈകിയാല്‍ നാടിന്റെ വരള്‍ച്ചയ്ക്ക് ആക്കം കൂട്ടി ഒരു പുഴ കൂടി അപ്രത്യക്ഷമാകും. തിരഞ്ഞെടുപ്പ് കാലത്ത് അയ്യപ്പന്‍കാവ് പുഴ സംരക്ഷണം പ്രചരണ വിഷയങ്ങളിലൊന്നാണ്.
English Summary: Plastic debris in Ayyappankavu river