ഫാമിൽ നിന്ന് രക്ഷപ്പെട്ടത് മനുഷ്യനെ ഭക്ഷിക്കുന്ന അപകടകാരികളായ മുതലകൾ; മുന്നറിയിപ്പ്!
Mail This Article
ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെ ഒരു ഫാമിൽ വളർത്തിയിരുന്ന ഒരു കൂട്ടം മുതലകൾ പുറത്തുചാടിയതായി റിപ്പോർട്ട് . മനുഷ്യനെ ഭക്ഷിക്കുന്ന അപകടകാരികളായ മുതലകളാണ് രക്ഷപെട്ടത്. ഇവയുടെ എണ്ണം ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. പ്രദേശവാസികളുടെ ജീവനു തന്നെ ഭീഷണിയായതിനാൽ മുതലകൾക്കായുള്ള തെരച്ചിൽ അധികൃതർ ശക്തമാക്കിയിരിക്കുകയാണ്.
നൈൽ ഇനത്തിൽപ്പെട്ട മുതലകളാണ് രക്ഷപ്പെട്ടത്. ഫാമിൽ നിന്നും അധികം അകലെയല്ലാത്ത ബ്രീഡെ നദിയിലേക്ക് ഇവ എത്തിയിട്ടുണ്ടാവാം എന്നാണ് നിഗമനം. രക്ഷപെട്ടവയിൽ 27 മുതലകളെ ഇതുവരെ ജീവനോടെ പിടികൂടി. ആറ് മുതലകൾ ആക്രമണകാരികളായതിനാൽ അവയെ കൊല ചെയ്യുകയും ചെയ്തു. പിടികൂടാനാവാത്തവയെ തിരികെ പുഴയിലേക്ക് പോകാൻ അനുവദിച്ചാൽ കൂടുതൽ അപകടമുണ്ടാകും എന്നതിനാലാണ് കൊല്ലാൻ തീരുമാനിച്ചതെന്ന് അധികൃതർ പറയുന്നു.
ഇതിനു പുറമെ ഏതാനും മുതലകളെ കണ്ടെത്താനായെങ്കിലും പിടിയിലാകുന്നതിനുമുമ്പ് അവ രക്ഷപ്പെട്ടതായി കേപ് ടൗണിലെ പ്രകൃതിസംരക്ഷണ പ്രവർത്തകയായ പെട്രോ വാൻ അറിയിക്കുന്നു. 5000 ൽ പരം മുതലകളെയാണ് ഫാമിൽ പാർപ്പിച്ചിരുന്നത്. ഇവയിൽ നിന്നും രക്ഷപ്പെട്ടവയുടെ എണ്ണം കൃത്യമായി കണക്കാക്കാനാവാത്തതിനാൽ തെരച്ചിലിനായി നിയോഗിക്കപ്പെട്ട സംഘങ്ങൾ ആശങ്കയിലാണെന്നും അവർ കൂട്ടിച്ചേർത്തു.
നദിയുടെ സമീപത്തായി മുതലകളെ പിടികൂടാൻ കെണികൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ ഈ മാർഗം ഫലവത്താണെന്ന് ഉറപ്പിക്കാനാവില്ലെന്നും അധികൃതർ വ്യക്തമാക്കി. രാത്രികാലങ്ങളിലാണ് ഇവ കൂടുതലായി ഇരതേടുന്നത്. അതിനാൽ ഇവയെ കണ്ടെത്തുകയെന്നത് ദുഷ്കരമാണ്. നദിയുടെ സമീപത്തേക്ക് ജനങ്ങൾ എത്തിയാൽ മുതലകളുടെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് പ്രദേശം. ഒന്നര മീറ്റർ വരെ വലുപ്പത്തിൽ വളരുന്നവയാണ് കാണാതായ മുതലകൾ. എവിടെയെങ്കിലും വച്ച് മുതലകളെ കണ്ടാൽ അവയെ സമീപിക്കാൻ ശ്രമിക്കരുതെന്നും ഉടൻതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്നുമാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
English Summary: Man-Eating Crocodiles Escape From Breeding Farm In South Africa, Hunt On To Capture Them