ADVERTISEMENT

മൃഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ സംരക്ഷണ സംഘടനകൾ ലോകത്തിന്റെ മുക്കിലും മൂലയിലും ശക്തമായി പ്രവർത്തിക്കുന്നതിനിടയിലും  മൃഗങ്ങളെ ചൂഷണം ചെയ്യാൻ ലഭിക്കുന്ന അവസരം മുതലാക്കാൻ മടിക്കാത്തവരേറെയാണ്. ഇപ്പോഴിതാ ശൈത്യ മേഖലകളിൽ മാത്രം ജീവിക്കാൻ കഴിയുന്ന ധ്രുവക്കരടികളോട് ക്രൂരത കാട്ടിയതിനെത്തുടർന്ന് പ്രതിഷേധം നേരിടുകയാണ് ചൈനയിലെ ഒരു ഹോട്ടല്‍. വടക്കു കിഴക്കൻ ചൈനയിലുള്ള ഹാർബിൻ പോളാർ ലാൻഡ് എന്ന ഹോട്ടലാണ് ധ്രുവക്കരടികളെ അതിഥികൾക്കുള്ള കാഴ്ചവസ്തുവാക്കിയിരിക്കുന്നത്.

ധ്രുവക്കരടികളെ പാർപ്പിക്കുന്നതിനായി ഇടുങ്ങിയ സ്ഥലത്ത് കൃത്രിമ സൗകര്യങ്ങളൊരുക്കി അതിനു ചുറ്റുമായി അതിഥികൾക്കുള്ള മുറികൾ  പണിതിരിക്കുകയാണ് ഹോട്ടലിനുള്ളിൽ . എല്ലാ മുറികളിൽ നിന്നും 24 മണിക്കൂറും കരടികളെ കാണാൻ സാധിക്കുന്ന വിധത്തിലാണ് സജ്ജീകരണങ്ങൾ. മുറികൾക്കുള്ളിൽ ഇരുന്നുകൊണ്ടുതന്നെ കരടികളുടെ ചിത്രം അതിഥികൾക്ക് പകർത്താൻ സാധിക്കും.

frosty-reception-for-china-hotel-with-polar-bears-on-show1
Grab Image from youtube video

കൃത്രിമമായി നിർമിച്ചെടുത്ത പാറകളും മഞ്ഞുപാളികളുമാണ് ധ്രുവക്കരടികൾക്കായി ഒരുക്കിയിട്ടുള്ളത്. ആർട്ടിക് മേഖലയുടെ പ്രതീതി ഉണർത്തുന്നതിനായി തറയിൽ  വെള്ള നിറം പെയിന്റ്ചെയ്തിട്ടുമുണ്ട്. ആയിരക്കണക്കിന് മൈലുകൾ വിസ്തൃതമായ മേഖലയിൽ സ്വതന്ത്ര വിഹാരം നടത്തുന്ന ധ്രുവക്കരടികൾ ഇടുങ്ങിയ സ്ഥലത്ത് കൃത്രിമ സംവിധാനങ്ങൾകൊപ്പം പ്രകാശത്തിന്റെ ചൂടിൽ കഴിഞ്ഞാൽ അവയുടെ ജീവനുതന്നെ ആപത്തു സംഭവിച്ചേക്കാം.

കരടികളുടെ അവസ്ഥ വാർത്തയായതോടെ പ്രതിഷേധവുമായി മൃഗസംരക്ഷണ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. ധ്രുവക്കരടികൾ ആർട്ടിക് മേഖലയിൽ കഴിയേണ്ടവയാണെന്നും അവയെ ഹോട്ടലുകളിലെന്നല്ല അക്വേറിയത്തിലോ മൃഗശാലയിലോ പോലും ചില്ലുകൂട്ടിൽ  പാർപ്പിക്കാൻ പാടില്ലെന്നും രാജ്യാന്തര മൃഗസംരക്ഷണ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെൻറ് ഓഫ് അനിമൽസ് പ്രതികരിച്ചു. ചൈനയിലെ വന്യജീവിസംരക്ഷണ നിയമങ്ങളിലെ പഴുതുകൾ ബിസിനസിൽ ലാഭം കൊയ്യുന്നതിനായി മൃഗങ്ങളെ ചൂഷണം ചെയ്യാൻ  ആളുകളെ പ്രേരിപ്പിക്കുന്നതായി ചൈന ആനിമൽ പ്രൊട്ടക്ഷൻ നെറ്റ്‌വർക്കിന്റെ വക്താവ് പറയുന്നു.  മൃഗങ്ങളെ ദ്രോഹിച്ച് പണം കൊയ്യാൻ  ലക്ഷ്യമിടുന്ന ഇത്തരം സ്ഥാപനങ്ങളിൽ ജനങ്ങൾ ആകൃഷ്ടരാകരുതെന്ന മുന്നറിയിപ്പും മൃഗസംരക്ഷണ സംഘടനകൾ നൽകുന്നുണ്ട്.

English Summary: Frosty reception for China hotel with polar bears on show

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com