ADVERTISEMENT

മേഘങ്ങളില്ലാതെ തെളിഞ്ഞ ആകാശത്ത് ചൂടിന്റെ മാർച്ച് തുടരുന്നു. പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ 2 ദിവസമായി അനുഭവപ്പെടുന്നത് റെക്കോർഡ് ചൂടാണ്. സീതത്തോട്, വാഴക്കുന്നം എന്നിവിടങ്ങളിലെ ഓട്ടമാറ്റിക് താപമാപിനികളിൽ തിങ്കളാഴ്ച 38.9 ഡിഗ്രി ചൂട് രേഖപ്പെടുത്തി. പുണെ ആസ്ഥാനമായ ക്ലൈമറ്റ് റിസർച് സർവീസസ് എന്ന സ്ഥാപനം ഉപഗ്രഹ സംവിധാനം വഴിയാണ് ഈ ഡേറ്റ ശേഖരിക്കുന്നത്. തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രത്തിന്റെ ഔദ്യോഗിക അറിയിപ്പിൽ ഇതു കടന്നുവരാറില്ല. 

ഇന്നലെ കേരളത്തിലെ ഏറ്റവും ഉയർന്ന താപനില കോട്ടയം ജില്ലയിൽ അനുഭവപ്പെട്ട 38.4 ഡിഗ്രിയാണെന്ന് കാലാവസ്ഥാ കേന്ദ്രം പറയുമ്പോൾ സീതത്തോട്ടിൽ ഇന്നലെ ചൂട് 37.9 ഡിഗ്രിയും വാഴക്കുന്നത്ത് 38.9 ഡിഗ്രിയുമായിരുന്നു. രാവിലെ 11നും ഉച്ചയ്ക്ക് മൂന്നിനുമിടയിലുള്ള സമയത്താണ് ചൂട് തീവ്രമാകുന്നത്. 

sun

സൂര്യന്റെ ഉത്തരായന യാത്ര

സൂര്യന്റെ ഉത്തരായനത്തിലേക്കുള്ള വരവാണ് ചൂട് കൂടാൻ പ്രധാന കാരണം. ഏകദേശം മാർച്ച് 22 നാണ് സൂര്യൻ ഭൂമധ്യരേഖയ്ക്കു മുകളിലെത്തുന്നത്. അവിടെ നിന്നു വടക്കോട്ടു സഞ്ചരിച്ച് ഏപ്രിൽ പകുതിയോടെ കേരളത്തിനു മുകളിലെത്തുമ്പോൾ മേടമാസം പിറക്കും. മേഘങ്ങൾ ഒഴിഞ്ഞ് അന്തരീക്ഷം തെളിയുന്നതും ചൂട് വർധിക്കാനും തണുപ്പു കൂടാനും കാരണമാകും.പകൽ സമയത്ത് ആകാശം തെളിഞ്ഞാൽ സൂര്യരശ്മിയിലെ പല ആവൃതികളിലുള്ള തരംഗങ്ങൾ മുഴുവനായും ഭൂമിയിൽ പതിച്ച് ചൂട് വർധിക്കും.എന്നാൽ രാത്രിയിൽ ആകാശം തെളിഞ്ഞാൽ ചൂട് (പ്രധാനമായും ഇൻഫ്രാറെഡ് കിരണങ്ങൾ) മുഴുവൻ അന്തരീക്ഷത്തിലേക്ക് തിരികെ പോകുമെന്നതിനാൽ തണുപ്പ് അനുഭവപ്പെടും.

റെക്കോർഡ് തിരുത്തി വീണ്ടും മഴ

മാർച്ച് 1 മുതൽ ഇന്നലെ വരെയുള്ള വേനൽമഴ ജില്ലയിൽ 6 സെന്റീമീറ്ററിലേറെ ലഭിച്ചു. 2 സെമീ കിട്ടേണ്ട സ്ഥാനത്താണ് ഇത്. ഏകദേശം 138 ശതമാനം അധികമാണിത്.ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെയുള്ള ശൈത്യകാലത്ത് സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം മഴ ലഭിച്ചത് പത്തനംതിട്ടയിലാണ്. 27 സെമീ. ഇത് ദീർഘകാല ശരാശരിയേക്കാൾ 371 മടങ്ങ് അധികമാണ്.ഈയാഴ്ച അവസാനത്തോടെ വേനൽ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. അങ്ങനെയെങ്കിൽ കടുത്ത വേനലും ജലക്ഷാമവും ഇക്കുറിയും വലിയ ഭീഷണി ഉയർത്തുകയില്ലെന്നു പ്രതീക്ഷിക്കാം. കിഴക്കൻ വനമേഖലയിൽ കാട്ടുതീ ഭീഷണിയും ഒഴിവായേക്കുമെന്നാണ് പ്രതീക്ഷ.

English Summary: Hot days ahead for Kerala this time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com