ഭീകരതയുടെ 209 മിനിറ്റുകൾ; യുഎസിൽ ‘മരണച്ചുഴലി’ നാശം വിതച്ച ആ മാർച്ച് 18!
Mail This Article
ലോകത്തിലെ ഏറ്റവും വികസിതരാജ്യമാണെങ്കിലും പ്രകൃതിദുരന്തങ്ങൾ ഇടയ്ക്കിടെ യുഎസിനെ വേട്ടയാടാറുണ്ട്. വലിയ ചുഴലിക്കൊടുങ്കാറ്റുകളും പ്രളയവുമൊക്കെ ഇതിൽ പെടും. സൈക്ലോണുകൾ, ഹരികെയ്‌നുകൾ, ടൊർണാഡോ അങ്ങനെ ചുഴലിക്കാറ്റിന്റെ തന്നെ വിവിധ വകഭേദങ്ങളും ഇതിൽ സാധാരണം. ട്വിസ്റ്റർ എന്നും അറിയപ്പെടുന്ന ടൊർണാഡോ ചുഴലിക്കാറ്റുകൾ ഇടയ്ക്കിടെ യുഎസിൽ സംഭവിക്കാറുണ്ട്. തീക്ഷ്ണ സ്വഭാവമുള്ള ഈ ചുഴലിക്കൊടുങ്കാറ്റ് ഫണൽ രൂപത്തിൽ ഭ്രമണം ചെയ്തു സഞ്ചരിക്കുന്നതാണ്.
ഇത്തരത്തിൽ യുഎസിൽ നടന്ന ഏറ്റവും തീവ്രമായ ടൊർണാഡോ ചുഴലി ആക്രമണം സംഭവിച്ചത് ഒരു മാർച്ച് 18 നാണ്. 96 വർഷങ്ങൾ മുൻപുള്ള ഒരു മാർച്ച് 18ന്. യുഎസിലെ മിസോറി, ഇലിനോയ്, ഇൻഡ്യാന സംസ്ഥാനങ്ങളെ തകിടം മറിച്ച ഈ വമ്പൻ ചുഴലി ഗ്രേറ്റ് ട്രൈ സ്റ്റേറ്റ് ടൊർണാഡോ എന്നറിയപ്പെടുന്നു.
1925ലെ ഒരു ബുധനാഴ്ച ദിവസമായിരുന്നു അന്ന്. ശാന്തമായിരുന്നു പ്രകൃതി. ചുഴലിക്കാറ്റ് പോയിട്ട് ഒരു വലിയ കാറ്റ് അടിക്കാനുള്ള ലക്ഷണങ്ങൾ പോലുമില്ല. ഉച്ചയ്ക്ക് ഒരു മണിയോടെ തെക്കുകിഴക്കൻ മിസോറിയുടെ ആകാശത്ത് മേഘങ്ങൾ ഉരുണ്ടുകൂടിത്തുടങ്ങി. തുടർന്ന് ഇത് കറുത്തിരുണ്ടു. ആ കറുത്ത പ്രതീതിയിൽ നിന്ന് ഒരു വമ്പൻ ചോർപ്പ് താഴേക്കു നീണ്ടതു പോലെ വായു പമ്പരം പോലെ കറങ്ങി. മിസോറിയിലെ എല്ലിങ്ടൻ എന്ന പട്ടണത്തിനു സമീപമായിരുന്നു ഈ സ്ഥിതിവിശേഷം. ചുഴലിക്കാറ്റ് സർവനാശം വിതച്ചുള്ള തന്‌റെ യാത്രയ്ക്ക് ഇന്ധനം നിറയ്ക്കുകയായിരുന്നു. എല്ലിങ്ടനിലെ ഒരു കർഷകനായിരുന്നു ഈ ചുഴലിക്കാറ്റിന്റെ ആദ്യ ഇര. എന്നാൽ ഒരു വലിയ മരണപരമ്പരയുടെ തുടക്കമായിരുന്നു അത്. ചുഴലിക്കാറ്റ് 209 മിനിറ്റുകൾ നീണ്ടു നിന്നു. 320 കിലോമീറ്ററുകളോളം ഇതു സഞ്ചരിക്കുകയും ചെയ്തു. കൊടുംനാശത്തിന്റെ ദൂത് വിളിച്ചുകൊണ്ടുള്ള ആ പോക്കിൽ സംഭവിച്ചത് 695 മരണങ്ങളാണ്.
വീടുകളും കെട്ടിടങ്ങളും തങ്ങളുടെ ഫൗണ്ടേഷനുകളിൽ നിന്നു പൊടിയായി പറന്നു പൊങ്ങി. വാഹനങ്ങൾ ചിതറിത്തെറിച്ച് അവയുടെ അവശിഷ്ടങ്ങൾ കാറ്റിന്‌റെ വന്യമായ കരുത്തിൽ അലിഞ്ഞുചേർന്നു. ചുഴലിക്കാറ്റുകളുടെ തീവ്രത അടയാളപ്പെടുത്തുന്ന ഫുജിറ്റ സ്‌കെയിലിൽ എഫ് 5 എന്ന വിഭാഗത്തിലാണ് ഈ ചുഴലിക്കാറ്റ് ഇടം നേടിയത്. ഇത്ര അതിതീവ്രമായ ഒരു ഒറ്റച്ചുഴലി അതിനു മുൻപോ പിൻപോ ലോകത്ത് സംഭവിച്ചിട്ടില്ല.
ട്രൈ സ്റ്റേറ്റ് ടൊർണാഡോ സംബന്ധിച്ച് ഒട്ടേറെ ദുരൂഹതകളും സിദ്ധാന്തങ്ങളും നിലനിൽക്കുന്നുണ്ട്. ഈ ചുഴലിക്കാറ്റിന് സാധാരണ ഗതിയിലെ ഒരു ചുഴലിക്കാറ്റിന്റെ രൂപമോ ഘടനയോ ഇല്ലായിരുന്നു എന്നുള്ളതാണ് ഇതിൽ പ്രധാനം. അതിനാൽ തന്നെ ആളുകൾക്ക് ഇതിന്റെ വ്യാപ്തി മനസ്സിലാക്കാൻ കഴിയാതെ പോയി. ഇതിനൊപ്പം കനത്ത മഴയും പൊടിയുമുള്ളതിനാലും ചുഴലിയുടെ സാന്നിധ്യം മറഞ്ഞുകിടന്നെന്നും സിദ്ധാന്തങ്ങളുണ്ട്. സാധാരണ ചുഴലിക്കാറ്റുകൾ മണിക്കൂറിൽ 40-60 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുമ്പോൾ ഇതിന്റേത് അതിന്‌റെ പത്തിരട്ടി വേഗമായിരുന്നു. ഇതും നാശത്തിന്റെ ആഘാതം വലിയ രീതിയിൽ കൂട്ടി.
ഇന്നത്തെ പോലെ കാലാവസ്ഥാ ശാസ്ത്രവും അന്തരീക്ഷ നിരീക്ഷണവുമൊന്നും അത്ര വികസിക്കപ്പെടാത്ത അക്കാലത്ത് ഇതിനെതിരെയുള്ള മുന്നൊരുക്കങ്ങളും പാടായിരുന്നു. മണിക്കൂറിൽ നൂറിലധികം കിലോമീറ്റർ വേഗത്തിലായിരുന്നുചുഴലിക്കാറ്റിന്റെ വേഗം. എല്ലിങ്ടനിൽ നിന്നു വടക്കുകിഴക്കൻ മേഖലകളിലെ നഗരങ്ങളായ അന്നാപൊലിസ്, ബയ്‌ലെ, ഫ്രോന എന്നിവിടങ്ങളിൽ കനത്തനാശം വിതച്ച ചുഴലിക്കാറ്റ് ഇവിടെ 11 ജീവനുകൾ എടുത്തു.
തുടർന്ന് മിസിസിപ്പി നദി കടന്ന് തെക്കൻ ഇലിനോയ് മേഖലയിലേക്കു കടന്ന ചുഴലിക്കാറ്റ് ഗോർഹം, ഡിസോട്ടോ, മർഫിസ്‌ബോറോ എന്നീ പട്ടണങ്ങളെ നാശക്കൂമ്പാരങ്ങളാക്കി. മേഖലയിൽ 500 പേരാണ് മരിച്ചത്. മർഫിസ്‌ബോറോ പട്ടണത്തിൽ മാത്രം 240 പേർ മരിച്ചു.
തന്റെ സംഹാരനൃത്തത്തിന്റെ അവസാനപാദത്തിൽ ഇൻഡ്യാന സംസ്ഥാനത്തെ ഗ്രിഫിൻ, ഓവൻസ്വില്ലെ, പ്രിൻസ്ടൺ എന്നീ നഗരങ്ങളെ ചുടലപ്പറമ്പാക്കിയ ട്രൈ സ്റ്റേറ്റ് ടൊർണാഡോ ഇവിടങ്ങളിൽ എഴുപതിലധികം പേരെ കൊന്നു.
ഒടുവിൽ വൈകുന്നേരം നാലരയോടെ ചുഴലിക്കാറ്റിന്റെ ശക്തി പൂർണമായും ക്ഷയിച്ച് ശാന്തത കൈവന്നു. പക്ഷേ അപ്പോഴേക്കും നാശങ്ങളുടെ വലിയൊരു പട്ടിക ഉയർന്നു കഴിഞ്ഞിരുന്നു. 695 മരണങ്ങൾ കൂടാതെ 13000 പേർക്ക് സാരമായ പരുക്ക് പറ്റി. പലർക്കും ഇതിന്റെ ഭാഗമായി ഒരുപാടുകാലം നീണ്ടു നിന്ന മാനസികപ്രശ്‌നങ്ങളും ഉടലെടുത്തു. ഇന്നത്തെ കാലത്തെ കണക്കിൽ നോക്കിയാൽ 1500 കോടി യുഎസ് ഡോളറിന്റെ നഷ്ടം കുറച്ചു മണിക്കൂറുകൾ മാത്രം നീണ്ട ഈ ദുരന്തം കാരണമുണ്ടായി. കടുത്ത നാശം നേരിട്ട മർഫിസ്‌ബോറോ പട്ടണത്തിൽ പിന്നീടുള്ള രണ്ടു പതിറ്റാണ്ട് ശക്തമായ സാമ്പത്തിക പ്രതിസന്ധി നടമാടി.
അതുവരെ യുഎസ് കാലാവസ്ഥാ മേഖലയിൽ ടൊർണാഡോ എന്ന വാക്ക് ഉപയോഗിച്ചിരുന്നില്ല. ടൊർണാഡോ ചുഴലിക്കാറ്റിന്റെ പ്രവചനങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ ട്രൈ സ്റ്റേറ്റ് ടൊർണാഡോ വിതച്ച നാശം ഈ മേഖലയിൽ വലിയ പുനർവിചിന്തനങ്ങൾക്കു വഴിയൊരുക്കി. ഔദ്യോഗികവും അനൗദ്യോഗികവുമായ ടൊർണാഡോ നിരീക്ഷണ, പ്രവചന സംവിധാനങ്ങൾ ഉയർന്നു. പത്രമാധ്യമങ്ങൾ വളരെ ശ്രദ്ധയോടെ ടൊർണാഡോ കാറ്റുകളെ സമീപിക്കാൻ തുടങ്ങി.
പൊതു അവബോധവും ഇതെക്കുറിച്ച് വളർത്തിയെടുക്കാൻ അധികൃതർ ഉത്സാഹിച്ചു. ഈ ശ്രമങ്ങളുടെ ഫലം മൂലം ഭാവിയിൽ ടൊർണാഡോ മൂലമുണ്ടായ നാശനഷ്ടങ്ങളിൽ വലിയ കുറവാണു രേഖപ്പടുത്തിയത്. ട്രൈ സ്റ്റേറ്റ് ചുഴലിക്കാറ്റിന്റെ ദുരന്തത്തിന്റെ കഥ പറയുന്ന ഫാളിങ് ടു എർത് എന്ന ഹോളിവുഡ് ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഹോളിവുഡ് സൂപ്പർതാരം ബെൻ അഫ്‌ലെക്കാണ് ഇതിലെ നായകൻ.
English Summary: Tri-State Tornado of 1925