ADVERTISEMENT

നാടിന്റെ വിരുന്നുകാരായിരുന്നു, ഒരിക്കൽ ഇവർ.  ഇത്തിരിപ്പോന്ന ഇവരുടെ കലപില കേൾക്കാതെ നാടും നഗരവും ഒരിക്കലും ഉണർന്നിരുന്നില്ല. അരിമണികളും ഗോതമ്പും കൊത്തിപ്പെറുക്കിയും ചിരട്ട പാത്രങ്ങളിലെ വ ഒറ്റയ്ക്കും കൂട്ടായും ഇവർ കിന്നാരം പറഞ്ഞു പറന്നിരുന്നു.  കുടമാറ്റം പോലെയായിരുന്നു ഇവരുടെ കൂട്ടുകാരുടെ വരവ്. അങ്ങാടികളിൽ മാത്രം കാണപ്പെട്ടിരുന്ന ഇൗ കുരുവികളുടെ ചിറകടി ഇപ്പോൾ കുറഞ്ഞു വരികയാണ്.  

തലസ്ഥാന നഗരത്തിൽ അങ്ങാടിക്കുരുവികളുടെ എണ്ണം കുറയുന്നതായി ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി(ടിഎൻഎച്ച്എസ്)നടത്തിയ സർവേയിൽ കണ്ടെത്തി. തീരപ്രദേശ കേന്ദ്രങ്ങളിൽ കുരുവികളുടെ എണ്ണത്തിൽ വൻ വർധന കണ്ടെത്തിയെങ്കിലും, മറ്റു പ്രദേശങ്ങളിൽ എണ്ണത്തിൽ വലിയ മാറ്റമില്ലെന്നും കണ്ടെത്തി. നഗരത്തിലെ പ്രധാന അങ്ങാടിക്കുരുവി അധിവാസ കേന്ദ്രമായ പാളയം കണ്ണിമേറ മാർക്കറ്റിൽ ഇത്തവണ 29 പക്ഷികളെ കണ്ടെത്താനായി.  2020 ൽ 26 എണ്ണവും 19 ൽ 33 എണ്ണത്തെയും കണ്ടെത്തിയിരുന്നു. 

അങ്ങാടിക്കുരുവികളുടെ മികച്ച കേന്ദ്രങ്ങളിലൊന്നായി കണ്ടെത്തിയിരുന്ന ചാലക്കമ്പോളത്തിൽ ഇത്തവണ 2 പക്ഷികളെ മാത്രമാണ് കണ്ടെത്താനായത്. തൊട്ടടുത്തുള്ള അട്ടക്കുളങ്ങര ബൈപാസിലും പക്ഷികളൊന്നും അധിവസിക്കുന്നില്ലെന്നും കണ്ടെത്തി. 

മണക്കാട് മാർക്കറ്റ്, കരമന ജങ്ഷൻ, വട്ടിയൂർക്കാവ്, പേരൂർക്കട, മണ്ണന്തല, പോത്തൻകോട്, ആറ്റിങ്ങൽ, കഴക്കൂട്ടം, ശ്രീകാര്യം, ഉള്ളൂർ, കേശവദാസപുരം, പേട്ട മാർക്കറ്റ് തുടങ്ങിയ വാണിജ്യ കേന്ദ്രങ്ങളും അങ്ങാടി കുരുവികളുടേതല്ലായി തുടരുകയാണ്.  കേശവദാസപുരം കേദാരം ഷോപ്പിങ് കോംപ്ലക്സ് അങ്ങാടി കുരുവികളുടെ മികച്ച അധിവാസ കേന്ദ്രമാകാൻ എല്ലാം കൊണ്ടും അനുയോജ്യമാണെങ്കിലും വർഷങ്ങളായി ഇവിടെ അങ്ങാടി കുരുവി സാന്നിധ്യമില്ല. 

മെഡിക്കൽ കോളജ് ക്യാംപസിൽ 4 കുരുവികളെയാണ് കണ്ടെത്തിയത്. ഇവിടെ വർഷങ്ങളായി ഈ നില തുടരുകയാണ്. വെട്ടുകാട് പരിസരത്ത് ഇത്തവണ 10 ൽപ്പരം എണ്ണത്തെ കണ്ടെത്തി. നാമ മാത്രമായ വർധനവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.  2018 ഒക്ടോബറിൽ ഓഖി കൊടുങ്കാറ്റ് സംഹാര താണ്ഡവം നടത്തിയ ശംഖുമുഖത്ത് അങ്ങാടിക്കുരുവികൾ പൂർണമായി അപ്രത്യക്ഷമായി.  

വലിയമല സുലൈമാൻ തെരുവിൽ നല്ലൊരു കൂട്ടത്തെ കണ്ടെത്താനും കഴിഞ്ഞു.   തിരുവനന്തപുരം കോർപറേഷൻ ഇവിടെ സ്ഥാപിച്ചിരിക്കുന്ന എയ്റോബിക് ബിൻ യൂണിറ്റ് കേന്ദ്രീകരിച്ചും ഏആർഡി 273 നമ്പർ റേഷൻകട കേന്ദ്രീകരിച്ചും അങ്ങാടിക്കുരുവികളുടെ വൻ സംഘങ്ങളാണ് കഴിഞ്ഞു കൂടുന്നത്. ഇവിടെ നിന്നായി 30ൽപ്പരം പക്ഷികളെ കണ്ടെത്തി. 

ബീമാപ്പള്ളിയിൽ അങ്ങാടിക്കുരുവികളുടെ വൻ  ബാഹുല്യം ദർശിക്കാനായി.  ഇവിടെ പ്രധാന നിരത്തുകളിൽ നൂറിൽപ്പരം കുരുവികളെയാണ് കണ്ടെത്തിയത്. സുഭിക്ഷമായ ഭക്ഷ്യ വസ്തുക്കളും കുരുവി സൗഹൃദമായ ജനാവലിയുടെ സാന്നിധ്യമാണ് ഇതിനു നിദാനമെന്നാണ് നിഗമനം. നെടമങ്ങാട് പട്ടണത്തിൽ മുൻ വർഷങ്ങളെ പോലെ 8 കുരുവികളുടെ സാന്നിധ്യം രേഖപ്പെടുത്തി. വിഴിഞ്ഞം തുറമുഖ പരിസരത്ത് 10 കുരുവികളെ മാത്രമേ കണ്ടെത്താനായുള്ളൂ. 50 ൽപ്പരം പക്ഷികൾ അധിവസിക്കുന്ന ഇവിടെ കുരുവിക്കൂടുകളും കണ്ടെത്തിയിട്ടുണ്ട്. 

നഗരഹൃദയമായ പാളയം, വെട്ടുകാട് എന്വിടങ്ങളിൽ മുൻ വർഷങ്ങളിലേതു പോലെ സ്ഥിരമായിരുന്നുവെങ്കിൽ തീരദേശ മേഖലകളായ സുലൈമാൻ തെരുവ്, ബീമാപ്പള്ളി, വിഴിഞ്ഞം എന്നിവിടങ്ങളിൽ അവയുടെ വൻ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. 

the-decline-of-the-house-sparrow1

∙ അങ്ങാടിക്കുരുവികൾ കൂടു മാറുന്നത് എന്തു കൊണ്ട്?

ഭക്ഷ്യ വസ്തുക്കൾ നേടുന്നതിനുള്ള സൗകര്യക്കുറവാണെന്നാണ് നിരീക്ഷണം.  മുൻകാലങ്ങളിലെ പോലെ തുറന്ന ചാക്കുകളിൽ ധാന്യങ്ങളും മറ്റും സൂക്ഷിക്കുന്ന പ്രവണത സൂപ്പർ മാളുകളുടെയും ഡിപ്പാർട്ട്മെന്റ് സ്റ്റോറുകളുടെയും വരവോടെ പഴങ്കഥയായി മാറി. ഇത് കുരുവികളുടെ അതിജീവനനത്തെ സാരമായി ബാധിച്ച ഘടകമാണ്. ധാന്യക്കടകളുടെ സ്ഥാനം ചിക്കൻ ഷോപ്പുകളും കൂൾ ബാറുകവും അപഹരിച്ചു. ആധുനിക ഷോപ്പിങ് കോംപ്ലക്സുകളും മാളുകളും അനിയന്ത്രിതമായി രംഗപ്രവേശന ചെയ്തതോടെ അങ്ങാടിക്കുരുവികളുടെ എണ്ണത്തിലും ഗണ്യമായ ശോഷണം ഉണ്ടായി. 

ഓല മേഞ്ഞതോ, ഓട് വിരിച്ചതോ ആയ പീടികകളുടെ അഭാവവും, അവയ്ക്ക് അനുയോജ്യമായ കൂടുകെട്ടൽ സംവിധാനങ്ങൾ തീർത്തും ഇല്ലാതാക്കി.  ഇത് അവയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കിയെന്നും സർവേയിൽ കണ്ടെത്തി. തുളയിട്ട കലങ്ങൾ പോലുള്ള പുതിയ സൗകര്യങ്ങൾ അങ്ങാടിക്കുരുവികൾക്കായി ഒരുക്കുകയും, കുരുവിക്കൂട് സ്ഥാപിക്കൽ, ബോധവൽക്കരണം തുടങ്ങിയവയും സർക്കാർ ഇതര കൂട്ടായ്മയായ ടിഎൻഎച്ച്എസിന്റെ ലക്ഷ്യങ്ങളാണ്. ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി(ടിഎൻഎച്ച്എസ്)ഡയറക്ടർ കെ.ജയകുമാർ, ഡോ.കലേശ് സദാശിവൻ, ടി.വി.എസ്.ജയകുമാർ, ഷാജി പൊന്നു, ബൈജു പാലുവവ്ളി, വിനയ്, അൻസിൽ എന്നിവരാണ് സർവേയിൽ പങ്കെടുത്തത്. 2012 മുതൽ ടിഎൻഎച്ച്എസിന്റെ േനതൃത്വത്തിൽ അങ്ങാടിക്കുരുവികളെക്കുറിച്ച് സർവേ നടത്തുന്നു. 

English Summary: The decline of the House Sparrow: A review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com