ജപ്പാനില്‍ കാലം തെറ്റി വിരുന്നെത്തിയ ചെറി വസന്തം; 1200 വർഷത്തിനിടയിൽ ഇതാദ്യം, കാരണം?
Mail This Article
ജപ്പാനിലെ ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്നാണ് അവിടുത്തെ ചെറിവസന്തം. പിങ്ക് നിറത്തിലുള്ള ചെറിപ്പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന വഴിത്താരകളും തോട്ടങ്ങളും വീട്ട് മുറ്റങ്ങളും ഒരിക്കല്‍ കണ്ടാല്‍ മറക്കാത്ത കാഴ്ചയാണ്. ജപ്പാനില്‍ ഇക്കുറിയും ചെറിപ്പൂക്കള്‍ നിറയെ പൂത്ത് നില്‍ക്കുന്നുണ്ട്. പക്ഷേ പതിവ് പോലെ സഞ്ചാരികളുടെ ഒഴുക്ക് ജപ്പാനിലേക്കില്ലെന്നു മാത്രം. അത് കോവിഡ് പ്രതിസന്ധി കൊണ്ട് മാത്രമല്ല മറിച്ച് ഈ വര്‍ഷത്തെ ചെറിവസന്തം എത്തിയത് വളരെ നേരത്തെയാണെന്നതു കൊണ്ട് കൂടിയാണ്. 1200 വര്‍ഷത്തെ ചരിത്രത്തിനിടെ ഉണ്ടായെ ഏറ്റവും നേരത്തെയുള്ള ചെറിവസന്തമാണ് ജപ്പാനില്‍ ഇക്കുറി ദൃശ്യമായത്.
ജപ്പാനില്‍ ഇക്കുറി സ്പ്രിങ് സീസണ്‍ അഥവാ വസന്തകാലത്തിന് അസാമാന്യമായ ചൂടിന്റെ അകമ്പടിയുണ്ടായിരുന്നു. ഈ ചൂടാണ് ചെറിപ്പൂക്കളുടെ നേരത്തേയുള്ള വരവിന് കാരണമായത്. അതുകൊണ്ട് തന്നെ ഇത്തവണ ചെറിപ്പൂക്കള്‍ പതിവായി പൂക്കുന്ന കാലം ആകുമ്പൊഴേക്കും അവ ഏകദേശം കൊഴിഞ്ഞ് വീഴുകയും ചെയ്യും. ഇപ്പോള്‍ തന്നെ കൊഴിഞ്ഞ് തുടങ്ങിയിരിക്കുന്ന ഓരോ ചെറി പൂവും കാലാവസ്ഥാ വ്യതിയാനം ഭൂമിയോട് ചെയ്യുന്നതിന്‍റെ നേര്‍ സാക്ഷ്യങ്ങളാണെന്ന് ഗവേഷകര്‍ പറയുന്നു.
ചരിത്രത്തിലെ ചെറിവസന്തങ്ങള്‍
കാര്യമായ ബാഹ്യ ഇടപെടലുകളൊന്നുമില്ലാതെ പോയ പുരാതന ചരിത്രമാണ് ജപ്പാനുള്ളത്. അതുകൊണ്ട് തന്നെ തുടര്‍ച്ചയായുള്ള ഭരണം മികച്ച രീതിയില്‍ ചരിത്രരേഖകള്‍ സംരക്ഷിക്കാനും സഹായിച്ചു. രാജഭരണകാലത്തെ ഈ ചരിത്ര രേഖകളില്‍ നിന്നാണ് എഡി 800 മുതലുള്ള ചെറിവസന്തപ്പറ്റിയുള്ള രേഖകള്‍ ഗവേഷകര്‍ക്ക് ലഭിച്ചത്. ഇവയിലെ കണക്കുകള്‍ അനുസരിച്ച് 1409 ലാണ് ഇതുവരെ ഏറ്റവും വേഗത്തില്‍ ചെറിപ്പൂക്കളുടെ വസന്തം പൂര്‍ണമായത്. ജപ്പാനിലെ ജനങ്ങളുടെ സാംസ്കാരത്തിന്‍റെ ഭാഗം കൂടിയായി മാറിയ ഈ ചെറിവസന്തം ഇന്ന് ദേശീയ ഉത്സവമായാണ് അവടെ ആഘോഷിക്കുന്നത്. ജപ്പാനിലെ ക്യോട്ടോ മേഖലയാണ് ചെറിപ്പൂക്കളുടെ വസന്തം കാണാന്‍ ഏറ്റവും ഉചിതമായ പ്രദേശം.
മാര്‍ച്ച് മാസത്തില്‍ തന്നെയാണ് സാധാരണ ചെറിപ്പൂക്കള്‍ മെല്ലെ പൂവിട്ട് തുടങ്ങുക. എന്നാല്‍ ഇവ കൂട്ടത്തോടെ പൂത്ത്, പൂവിടലും പൂവിന്‍റെ വളര്‍ച്ചയും പാരമ്യത്തിലെത്തുന്നത് ഏപ്രില്‍ രണ്ടാം വാരത്തോടെയാണ്. ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ ഏപ്രില്‍ 17 നാണ് ഇത് സംഭവിക്കുകയെന്ന് കണക്കുകളുടെ ശരാശരി വ്യക്തമാക്കുന്നു. എന്നാല്‍ ഇക്കുറി ഇത് ഏതാണ്ട് മൂന്നാഴ്ചയ്ക്ക് മുന്‍പേ തന്നെ ഇതെല്ലാം സംഭവിച്ചു കഴിഞ്ഞു. ഫെബ്രുവരിയില്‍ ചെറിപൂക്കളുടെ വരവോടെ തുടങ്ങിയ ചെറിവസന്തം മാര്‍ച്ച് 26 ന് പൂര്‍ണതയില്‍ എത്തിയിരുന്നു. ഇക്കാര്യം ജാപ്പനീസ് അധികൃതരും ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.
ചെറിപ്പൂക്കളും കാലാവസ്ഥാ വ്യതിയാനവും
ചെറിപ്പൂക്കളുടെ വസന്തം കാലാവസ്ഥാ വ്യതിയാനം പഠിക്കാന്‍ ചരിത്രപരമായി ലഭിച്ച ഏറ്റവും മികച്ച കണക്കുകളുടെ ഉറവിടമായാണ് ഗവേഷകര്‍ കണക്കാക്കുന്നത്. ചരിത്രത്തില്‍ നിന്ന് ലഭിക്കുന്ന ഈ കണക്കുകള്‍ അനുസരിച്ച് കൃത്യമായ ഇടവേളകളില്‍ ഏറെക്കുറെ സമാനമായ ദിവസങ്ങളില്‍ സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ചെറി വസന്തം എന്നത്. അതുകൊണ്ട് തന്നെ മനുഷ്യനിര്‍മിതമായ ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനം അപ്രതീക്ഷിതമായ മാറ്റങ്ങളിലേക്ക് പ്രകൃതിയെ കൂട്ടിക്കൊണ്ടു പോകുന്നു എന്നതിന്‍റെ ഉദാഹരണമാണ് ചെറിപ്പൂക്കളുടെ നേരത്തെയുള്ള വസന്തമെന്ന് കാലാവസ്ഥാ ഗവേഷകനായ മൈക്കള്‍ മാന്‍ പറയുന്നു.
1200 വര്‍ഷത്തെ കണക്കുകള്‍ 934 തവണയാണ് ചെറിപ്പൂക്കളുടെ വസന്തത്തെപ്പറ്റിയുള്ള കണക്കുകള്‍ ജപ്പാനിലെ ഭരണാധികാരികളും ഗവേഷകരും രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കണക്കുകളിലെ ശൈലി പരിശോധിച്ചാല്‍ സമീപവര്‍ഷങ്ങളില്‍ ചെറി പൂക്കളുടെ വസന്തം ക്രമേണ വേഗത്തിലാകുന്നത് മനസ്സിലാക്കാനാകും. പ്രത്യേകിച്ച് 1980 കളില്‍ മുതല്‍ ക്രമേണ ചെറിപ്പൂക്കള്‍ പൂവിട്ട് തുടങ്ങുന്ന സമയം മാര്‍ച്ചില്‍ നിന്ന് ഫെബ്രുവരിയിലേയ്ക്ക് പതിയെ കടന്നുചെല്ലുന്നത് കാണാമെന്ന് ഗവേഷകര്‍ പറയുന്നു.
ഉദാഹരണത്തിന് 1971 മുതല്‍ 2000 വരെയുള്ള കണക്കുകളുടെ ശരാശരി എടുത്താല്‍ അതിന് മുന്‍പുള്ള എല്ലാ വര്‍ഷങ്ങളിലെയും ശരാശരിയേക്കാള്‍ ഒരാഴ്ചയെങ്കിലും നേരത്തെയാണ് ചെറിപ്പൂക്കളുടെ വസന്തം പൂര്‍ണതയിലെത്തിയതെന്ന് മനസ്സിലാകും. ഇതിനെ താപനിലയിലുണ്ടായ വർധനവ് കണക്കാക്കിയും ഗവേഷകര്‍ താരതമ്യപ്പെടുത്തുന്നുണ്ട്. ഏതാണ്ട് 1.1 ഡിഗ്രി സെല്‍ഷ്യസ് താപനില വർധിക്കുമ്പോള്‍ ചെറിപ്പൂക്കളുടെ വസന്തത്തിന്‍റെ കാലയളവ് ഏതാണ്ട് 2.3 ദിവസം നേരത്തെയാകുന്നു എന്നതാണ് ഗവേഷകരുടെ നിരീക്ഷണം.
ഇങ്ങനെ കഴിഞ്ഞ 25 വര്‍ഷത്തെ കണക്കെടുത്താല്‍ ഏതാണ്ട് 5.4 ദിവസം നേരത്തെയാണ് ശരാശരി കണക്കനുസരിച്ച് ചെറിപ്പൂക്കളുടെ വസന്തം എത്തുന്നത്. ജപ്പാനിലെ പ്രാദേശിക താപനിയിലുണ്ടായ മാറ്റമാണ് ദിവസങ്ങള്‍ ഇത്രയധികം നേരത്തെയാകാന്‍ കാരണമെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. ഇത്തവണ ക്യോട്ടോയിലാണ് നേരത്തെ ചെറിവസന്തം വന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം ടോക്കിയോയിലെ ചെറിപ്പൂക്കളും 12 ദിവസം നേരത്തെയാണ് പൂര്‍ണമായും പൂവിട്ടത്.
English Summary: The Earliest Cherry Blossom Season in 1,200 Years Is Here Due to Climate Change