സൗരഭ്യം പരത്താൻ പവാർ പൂക്കൾ; ‘ആർജീറിയ ശരദ് ചന്ദ്രജി’ പുതിയ ഇനം പൂച്ചെടി!
Mail This Article
മഹാരാഷ്ട്രയിലെ പൂന്തോപ്പുകളിലും വഴിയോരങ്ങളിലും കാട്ടിലും സൗരഭ്യം പരത്തി നിൽക്കുന്ന ‘ശരദ് പവാറിനെ’ ഇനി കണ്ടാൽ ആരും അൽഭുതപ്പെടേണ്ടതില്ല! 5 പതിറ്റാണ്ടായി സംസ്ഥാന രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന പവാറിന്റെ പേര് പുതിയതായി കണ്ടെത്തിയ ഒരു പൂച്ചെടിക്ക് നൽകിയതോടെയാണ് ‘മറാഠാ സ്ട്രോങ് മാൻ’ പൂവും കായും സുഗന്ധവും കൂടിയായി മാറുന്നത്. പവാറിന്റെ ജൻമനാടായ ബാരാമതി ഉൾപ്പെടുന്ന പശ്ചിമ മഹാരാഷ്ട്ര മേഖലയിലെ കോലാപുരിൽ കണ്ടെത്തിയ പുതിയ ഇനം പൂച്ചെടിക്കാണ് ‘ആർജീറിയ ശരദ് ചന്ദ്രജി’ എന്ന് പേരു നൽകിയിരിക്കുന്നത്.
കോലാപുരിൽ കോളജ് അധ്യാപകരായ പ്രമോദ് ലാവന്ദ്, വിനോദ് ഷിംപാളെ എന്നിവരാണ് പശ്ചിമഘട്ട മലനിരകളിൽ നിന്നു പുതിയ ഇനം പൂച്ചെടി കണ്ടെത്തിയത്. കേന്ദ്ര കൃഷിമന്ത്രിയെന്ന നിലയിൽ രാജ്യത്തിന്റെ കാർഷികമേഖലയ്ക്കു ശരദ് പവാർ നൽകിയ സംഭാവനകളെ മാനിച്ചാണ് അദ്ദേഹത്തിന്റെ പേര് പുതിയ ചെടിക്കു നൽകിയതെന്ന് ഗവേഷകരായ അധ്യാപകർ പറയുന്നു. ഫ്ലോറ ഇൻ ബാരാമതി എന്ന തന്റെ ഗവേഷണത്തിനും അതു പ്രസിദ്ധീകരിക്കാനും ഏതാനും വർഷം മുൻപ് ശരദ് പവാർ സഹായിച്ചതിന്റെ നന്ദി കൂടിയാണ് പുതിയ പൂച്ചെടിക്ക് അദ്ദേഹത്തിന്റെ പേരു നൽകാൻ കാരണമെന്ന് വിനോദ് ഷിംപാളെ പറയുന്നു. ആർജീറിയ ഇനത്തിൽപ്പെട്ട നാൽപതോളം പൂക്കൾ ഇന്ത്യയിൽ കണ്ടെത്തിയിട്ടുണ്ട്. ജൂലൈ - സെപ്റ്റംബർ മാസങ്ങളിലാണു പൂവിടുക. ഡിസംബറിൽ കായ്കൾ വരും.
മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുടെ ഇളയ മകൻ തേജസ് താക്കറെയുടെ പേര് പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ ഇനം പാമ്പിന് 2019ൽ ഗവേഷകർ നൽകിയിരുന്നു. വന്യജീവി ഗവേഷകനായ തേജസ് ഇൗ രംഗത്തു നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണിത്. താക്കറെയ്സ് ക്യാറ്റ് സ്നേക് എന്നറിയപ്പെടുന്ന ഇതിന് ബൊയ്ഗ താക്കറെ എന്ന ശാസ്ത്രീയ നാമമാണു നൽകിയിരിക്കുന്നത്. 2016ൽ തന്റെ 21-ാം വയസ്സിൽ അഞ്ചിനം ശുദ്ധജല ഞണ്ടുകളെ തേജസ് കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രാ പരിസ്ഥിതി-ടൂറിസം മന്ത്രിയായ സഹോദരൻ ആദിത്യ താക്കറെ പരിസ്ഥിതി സംരക്ഷണത്തിൽ ഏറെ സജീവമാണ്. പിതാവ് ഉദ്ധവ് താക്കറെയാകട്ടെ വന്യജീവി ഫൊട്ടോഗ്രാഫറും.
English Summary: Researchers in Maharashtra name new plant species after Sharad Pawar