ശംഖുമുഖം ക്ലീനാക്കി ‘സുസ്ഥിരയും’ സംഘവും; ശേഖരിച്ചത് 40 ചാക്ക് പ്ലാസ്റ്റിക് മാലിന്യം
Mail This Article
തിരുവനന്തപുരം∙ ശംഖുമുഖം ക്ലീനാക്കി ‘സുസ്ഥിരയും’ സംഘവും ശേഖരിച്ചത് 40 ചാക്ക് പ്ലാസ്റ്റിക് മാലിന്യം. ഏപ്രിൽ നാലിന് വൈകിട്ട് 3 മുതൽ 6 വരെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സംഘം ശംഖുമുഖം ബീച്ച് വൃത്തിയാക്കിയത്. തിരഞ്ഞെടുപ്പിനപ്പുറം കേരളത്തിന്റെ ഹരിതഭാവി എന്ന വിഷയത്തിൽ ഉൾപ്പെടെ ചർച്ചയുമായി സുസ്ഥിര ഫൗണ്ടേഷന്റെ നേതൃത്വത്തിൽ യൂത്ത് കോൺക്ലേവിന്റെ ഭാഗമായായിരുന്നു പരിപാടി. കാലാവസ്ഥാ വ്യതിയാനം കാരണം വിവിധ മേഖലകളിലുണ്ടാകുന്ന പ്രശ്നങ്ങളിൽ സർക്കാർതല ഇടപെടലുണ്ടാകേണ്ടത് അത്യാവശ്യമായിരിക്കുകയാണെന്ന് ‘സുസ്ഥിര’ ഡയറക്ടർ എ.ദീപ പറഞ്ഞു. പരിസ്ഥിതിക്കു പ്രാധാന്യം നൽകുന്നവർക്കു വോട്ടു നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു ഏപ്രിൽ 3നു ചേർന്ന ഓൺലൈൻ കോൺക്ലേവ് പ്രധാനമായും ചർച്ച ചെയ്തത്.
അടുത്ത സർക്കാർ അഞ്ചു വർഷക്കാലം പരിസ്ഥിയുമായി ബന്ധപ്പെട്ട് അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും ചർച്ചയ്ക്കെത്തി. പരിസ്ഥിതിലോല മേഖലകളെ സംരക്ഷിക്കാൻ നയങ്ങൾ രൂപീകരിക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍വഴിയും ഗ്രാമസഭകളിൽ യുവജന പ്രാതിനിധ്യത്തോടെയും പാരിസ്ഥിതിക പദ്ധതികൾ നടപ്പാക്കുക, പരിസ്ഥിതി വിദ്യാഭ്യാസം സ്കൂൾ–കോളജ്‌തലത്തിൽ ശക്തമാക്കുക തുടങ്ങിയ കാര്യങ്ങളാണ് കോൺക്ലേവ് മുന്നോട്ടുവച്ചത്. ഇതിന്റെ ഭാഗമായി ഏപ്രിൽ നാലിന് വൈകിട്ട് 3 മുതൽ 6 വരെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശംഖുമുഖം ബീച്ച് വൃത്തിയാക്കുകയും ചെയ്തു.
പൊതുജന പങ്കാളിത്തത്തോടെയായിരുന്നു സുസ്ഥിരയുടെ നേതൃത്വത്തിൽ വിവിധ പരിസ്ഥിതി സംഘടനകളെ ഉൾപ്പെടുത്തിയുള്ള പരിപാടി. എൻഎസ്എസ്, ഡബ്ല്യുഡബ്ല്യുഎഫ്, റൈസ്–അപ് ഫോറം, ബ്രിങ് ബാക്ക് ഗ്രീൻ ഇനിഷ്യേറ്റിവ്, ക്ലൈമറ്റ്‌ഹുഡ്, എക്സ്‌പെക്ടേഷൻ വോക്കേഴ്‌സ്, ഫയർഫ്ലൈസ്, ഹ്യൂമൻസ്, ക്ലൈമറ്റ് വോയ്സസ്, നീർത്തടാകം, ഇൻഡസ് സൈക്ലിങ് എംബസി തുടങ്ങിയ പരിസ്ഥിതി സംഘടനകളും സഹകരിച്ചു. 40 ചാക്ക് പ്ലാസ്റ്റിക്കാണ് ബീച്ചിൽനിന്നു ശേഖരിച്ചുമാറ്റിയത്. ഇതിനു ശേഷം പരിസ്ഥിതി ബോധവൽക്കരണ ക്യാംപെയ്നും പോസ്റ്റർ ക്യാംപെയ്നും സംഘടിപ്പിച്ചു.
English Summary: Sustera Conducted Clean Up Drive in Shangumugham Beach