ADVERTISEMENT

കാഴ്ചയില്‍ കുഞ്ഞന്‍മാരെങ്കിലും പറക്കുന്ന കാര്യത്തില്‍ പക്ഷികളിലെ വമ്പന്‍മാരെപ്പോലും തോല്‍പ്പിക്കുന്നവരാണ് തുമ്പികളെന്ന് പഠനങ്ങള്‍ പറയുന്നു. ഭൂഖണ്ഡങ്ങളില്‍ നിന്നും ഭൂഖണ്ഡങ്ങളിലേക്ക് പറക്കാനും ചേക്കേറാനും കഴിയുന്നവരാണ് ഈ തുമ്പികൾ. 6,400 മൈല്‍ വരെ പറക്കുന്ന മിടുക്കന്‍മാര്‍ വരെയുണ്ട് ഈ സുന്ദരന്‍ ജീവികളുടെ കൂട്ടത്തില്‍.

 Pantala flavescens

ജപ്പാനില്‍ നിന്ന് ഇന്ത്യയിലേക്ക്, ഇന്ത്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക് അവിടെ നിന്ന് അമേരിക്കയിലേക്ക്. ഇങ്ങനെ ഭൂഖണ്ഡങ്ങള്‍ തോറും കൂട്ടമായി സന്ദര്‍ശനം നടത്തുന്നവരുമുണ്ട് തുമ്പികളുടെ കൂട്ടത്തില്‍. പന്താലാ ഫ്ളേവ്സെന്‍സ് എന്നാണ് ഇവയുടെ പേര്. സമുദ്രോപരിതലത്തിലെ കാറ്റിനനുസരിച്ചാണ് ഇവ പലപ്പോഴും വന്‍കരകളില്‍ നിന്ന് വന്‍കരകളിലേക്ക് യാത്ര ചെയ്യുക.

വെറുതെ യാത്ര ചെയ്യുക മാത്രമല്ല. വന്‍കരകളിലായാലും ചെറുദ്വീപുകളിലായാലും ശുദ്ധജലം ലഭിക്കുന്ന തടാകങ്ങള്‍ക്കരികില്‍ ഇവ വിശ്രമിക്കും. ഒപ്പം പ്രജനനം നടത്തുകയും ചെയ്യും. ഇങ്ങനെ യാത്ര തുടങ്ങിയ തുമ്പികളുടെ മറ്റൊരു തലമുറ കൂടി യാത്ര അവസാനിക്കുമ്പോള്‍ സംഘത്തോടൊപ്പം ഉണ്ടാകും. എന്നാല്‍ എല്ലാ തുമ്പികളും തങ്ങളുടെ ലോക പര്യടനം പൂര്‍ത്തിയാക്കുമെന്ന് ഇതിനര്‍ഥമില്ല. നിരവധിപേര്‍ യാത്രക്കിടയില്‍ ജീവന്‍ വെടിയും.

ഏറ്റവുമൊടുവില്‍ നടത്തിയ പഠനത്തില്‍ ജപ്പാനിൽ നിന്ന് ആഫ്രിക്ക വരെ പറക്കുന്ന തുമ്പികളെ ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി. ഇത് കണക്കാക്കിയാണ് തുമ്പികള്‍ ആറായിരത്തിലധികം മൈലുകള്‍ വരെ പറക്കുമെന്ന നിഗമനത്തിലെത്തിയത്. ആഫ്രിക്കയിലെ സുഡാനിലാണ് ഇന്ത്യയില്‍ നിന്ന് ഈ തുമ്പികള്‍ പറന്നെത്തുന്നത്. നനവുള്ള കാലാവസ്ഥ അന്വേഷിച്ചാണ് ഇവ സാധാരണയായി യാത്ര ചെയ്യാറ്.

ഓണക്കാലത്ത് കേരളത്തിലും

 Pantala flavescens

വാസ്കോ ഡാ ഗാമയ്‌ക്കും മുമ്പേ കേരളം വഴി സഞ്ചരിച്ചു തുടങ്ങിയവരാണ് ഈ തുമ്പികൾ. കാറ്റിന്റെ ചിറകിലേറി അവർ നൂറ്റാണ്ടുകളായി പറന്നുകൊണ്ടേയിരിക്കുന്നു. തുമ്പി കേരളത്തിലെത്തുമ്പോൾ ഇവിടെ ഓണം. മാലദ്വീപിലെത്തുമ്പോൾ തുലാമഴയുടെ തുടക്കം. ആഫ്രിക്കയിലെത്തുമ്പോൾ വിത തുടങ്ങാനുള്ള സമയം. ഇങ്ങനെ ലോകത്തിന്റെ പല ഭൂഖണ്ഡങ്ങളിലും ഐശ്വര്യം കൊണ്ടുവരുന്ന ശുഭസൂചനയാണ് പാന്റലാ ഫ്ളേവ്സെന്‍സ് എന്നറിയപ്പെടുന്ന ഓണത്തുമ്പി. ഇവയുടെ ഗോളാന്തര യാത്രസംബന്ധിച്ച ഞെട്ടിപ്പിക്കുന്ന ഗവേഷണഫലം പുറത്തുവന്നത് 2016 ലാണ്.

ഇവയുടെ യാത്രാവഴി കേട്ട് ഞെട്ടരുത്– ഹിമാലയം, ഗോവ, കേരളം, മാലദ്വീപു വഴി ആഫ്രിക്ക. ഒരു വർഷം കൊണ്ട് ഈ ചക്രം പൂർത്തിയാക്കുമ്പോഴേക്കും പിറ്റേവർഷത്തെ യാത്രയ്‌ക്കുള്ള സമയമാകും. ശരാശരി മൂന്നു–നാല് മാസമാണ് തുമ്പിയുടെ ആയുസ്. കേരളത്തിൽ മുട്ടിയിട്ട് പറന്നുയരുന്ന തുമ്പി മാലദ്വീപിലെത്തുമ്പോഴേക്കും നാമാവശേഷമാകും. തൊട്ടുപുറകേ എത്തുന്ന കുഞ്ഞുങ്ങളുടെ ബാച്ചാണ് ആ യാത്ര പൂർത്തിയാക്കി ആഫ്രിക്കയിലെത്തുക. ഹിമാലയത്തിൽ നിന്നു പുറപ്പെടുന്നവയുടെ അഞ്ചാം തലമുറയാകും ലക്ഷ്യത്തിൽ മുത്തമിടുക.

ലോകത്തിലെ ഏറ്റവും ദൈർഘ്യമുള്ള ദേശാടനമാകാം ഇതെന്നാണ് ചാൾസ് ആൻഡേഴ്‌സൺ എന്ന ഗവേഷകൻ പറയുന്നത്. ഇതു സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു. സെക്കൻഡിൽ രണ്ടോ മൂന്നോ മീറ്റർ ദൂരം മാത്രം പറക്കാൻ കഴിവുള്ള ഇവ ഉയരത്തിലേക്കു പറയുന്നയർന്ന് മേഘങ്ങൾക്കുതൊട്ടു താഴെയെത്തി  കാറ്റിൽപെട്ടാണ് ഇത്ര വലിയ ദൂരങ്ങൾ താണ്ടുന്നതെന്നാണ് നിഗമനം.

English Summary: Tiny dragonfly may be world’s longest-distance flier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com