ADVERTISEMENT

‘കുറുക്കന്റെ സ്വഭാവം കാണിക്കരുത്’ പലരും ഇങ്ങനെ പറയാറുണ്ട്. ഇനി അങ്ങനെ പറയുമ്പോൾ ഓർക്കുക. കുറുക്കന്റെ സ്വഭാവം മാറുകയാണ്. തൃശൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആരണ്യകം നേച്ചർ ഫൗണ്ടേഷൻ നടത്തിയ ‘കുറുക്കൻ സർവേ’ യിലാണ് ഈ സ്വഭാവമാറ്റം കണ്ടത്. സംസ്ഥാനത്ത് ഒരു മാസം നീണ്ട സർവേയിൽ 2000 ൽ ഏറെ പേർ പങ്കെടുത്തു. സർവേയുടെ അന്തിമ ഫലം ഉടൻ പുറത്തു വിടുമെന്നു ഫൗണ്ടേഷൻ ചെയർമാൻ ഡോ. പി.എസ്. ഈസ പറഞ്ഞു. കേരളത്തിലെ കുറുക്കൻമാരുടെ ഭൂപടം സഹിതമാണ് സർവേ പുറത്തു വരിക. സർവേയുടെ കണ്ടെത്തലുകൾ ഇവയാണ്. 

കുറുക്കനും പരിഷ്കാരിയായി

സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും കുറുക്കനുണ്ട്. പല സ്ഥലത്തും കൂട്ടമായി അവ നടക്കുന്നു. എന്നാൽ ആലപ്പുഴ ജില്ലയിലാണ് കുറുക്കന്മാർ കുറവ്. ആലപ്പുഴയിൽ ചില ഭാഗങ്ങളിൽ കുറക്കന്മാരുണ്ട്. പക്ഷേ എണ്ണം കുറവാണ്. ഞെട്ടിപ്പിക്കുന്ന മറ്റൊരു കണ്ടെത്തൽ വയനാട്, ഇടുക്കി ജില്ലകളിൽ കുറുക്കന്മാർ കുറഞ്ഞുവെന്നാണ്. വയനാട്ടിൽ വൈത്തിരിയിലും മറ്റും കുറുക്കന്മാരുണ്ട്. പക്ഷേ വനമേഖല കൂടുതലുള്ള ഈ രണ്ടു ജില്ലകളിലും കുറുക്കന്‍കൂട്ടം കുറഞ്ഞതിന്റെ കാരണം ഫൗണ്ടേഷൻ പഠിക്കുന്നുണ്ട്. നിബിഡ വനങ്ങളോടു ചേർന്നുള്ള ഹൈറേഞ്ച് മേഖലയിലാണ് കുറുക്കന്മാർ കുറഞ്ഞതായി കാണുന്നത്. ഇരു ജില്ലകളിലും കുറുക്കന്മാരുടെ പഴയ കാലത്തെ വിവരങ്ങൾ ഫൗണ്ടേഷൻ ശേഖരിക്കുന്നുണ്ട്. വനമേഖലകളിൽ നിന്നു ജനവാസ മേഖലകളിലേക്ക് കുറുക്കന്മാരും താമസം മാറ്റിയോ. അതോ കുറുക്കനും പരിഷ്കാരിയായോ. 

പകൽമാന്യൻ 

കുറുക്കന്റെ കണക്കെടുപ്പിനേക്കാള്‍ അവയെ കണ്ട ആളുകളിൽ നിന്നുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. പണ്ടൊക്കെ രാത്രിയാണ് കുറുക്കനെ കണ്ടിരുന്നത്. ഇപ്പോൾ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും കുറുക്കനെ കാണാറുണ്ടെന്ന് സർവേയിൽ പങ്കെടുത്തവർ അറിയിക്കുന്നു. കുറ്റിക്കാടുകൾ, പൊന്തക്കാടുകൾ, കണ്ടൽകാടുകൾ എന്നിവിടങ്ങളിലാണ് കൂടുതലായി കാണുന്നത്. പലപ്പോഴും ഇവ ഭക്ഷണത്തിനായി വീടുകളിൽ കയറുന്നു. കോഴിയെ പിടിക്കുന്നതായും പലരും പറയുന്നു. കുറുക്കന്റെ ഓരിയിടയൽ സ്ഥിരമായി കേൾക്കുന്നതായും പലരും അറിയിച്ചിട്ടുണ്ട്. 

തീരദേശമേഖലകളിലും കുറുക്കന്മാർ സജീവമായി തുടങ്ങി. കഴിഞ്ഞ ദിവസം പൊൻകുന്നം ചിറക്കടവിൽ വീടിന്റെ വരാന്തയിൽ കുറുക്കൻ രാവിലെ വന്നിരുന്നു. പണ്ടൊക്കെ ആളനക്കം കേട്ടാൽ ഓടുന്നതാണ് കുറുക്കന്റെ സ്വഭാവം. എന്നാൽ പലവട്ടം ഭീഷണിപ്പെടുത്തിയപ്പോഴാണ് കുറുക്കൻ വീട്ടിൽ നിന്ന് പോയതെന്ന് ചിറക്കടവ് പുന്നശേരിയില്ലത്ത് മനോജ് പറഞ്ഞു. അരണ്യകം ഫൗണ്ടേഷന്റെ അന്തിമ കണക്കു വരട്ടെ. കുറുക്കന്റെ യഥാർഥ ശക്തി അപ്പോളറിയാം. 

English Summary: Aranyakam Nature Foundation is surveying the jackals in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com